Thursday, January 18, 2018
Reg:No 91291/Kermal/2004/18734

ആയിരങ്ങളെ അണിനിരത്തി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്

ആയിരങ്ങളെ അണിനിരത്തി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്. ലത്തീന്‍ സഭാ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തിരുവനന്തപുരം ജില്ലയിലെ തീരദേശത്തുള്ള മുഴുവന്‍ മത്സ്യതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലത്തീന്‍ സഭയുടെ മാര്‍ച്ച്. ലത്തീന്‍ സഭാ പ്രതിനിധികള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. 
 
പലവട്ടം സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇത് മുഖവിലക്കെടുക്കാതെയാണ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സഭാനേതൃത്വം വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തണമെന്നതാണ് പ്രധാന ആവശ്യം. ഇതിനായി 172 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണം. കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും സഭാനേതൃത്വം മുന്നോട്ടു വെയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 285 പേരെ കാണാതായിട്ടുണ്ടെന്നാണ് സഭയുടെ കണക്ക്