Thursday, January 18, 2018
Reg:No 91291/Kermal/2004/18734

രഞ്ജി ട്രോഫി; കേരളം 176ന് പുറത്ത്; വിദർഭയ്ക്ക് 70 റൺസിന്‍റെ ലീഡ്

രഞ്ജി ട്രോഫി; കേരളം 176ന് പുറത്ത്; വിദർഭയ്ക്ക് 70 റൺസിന്‍റെ ലീഡ്

സൂററ്റ്: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്‍റെ ഒന്നാം ഇന്നിംഗ്സിൽ കേരളം 176 റണ്‍സിന് പുറത്തായി. ഇതോടെ എതിരാളികളായ വിദർഭയ്ക്ക് 70 റൺസിന്‍റെ ലീഡ്. 32/2 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം കളി തുടങ്ങിയത്. നാലാം വിക്കറ്റിൽ സക്സേന-സഞ്ജു സഖ്യം 44 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മൂന്ന് റണ്‍സിനിടെ ഇരുവരുടെയും വിക്കറ്റുകൾ നഷ്ടമായതോടെ കേരളം സമ്മർദ്ദത്തിലാവുകയായിരുന്നു.
 
വിദർഭ ആദ്യ ഇന്നിംഗ്സിൽ 246 റണ്‍സിന് പുറത്തായിരുന്നു. ക്വാർട്ടർ ഫൈനൽ സമനിലയിലായാൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുന്നവർ സെമിഫൈനൽ ബർത്ത് നേടുമെന്നിരിക്കെ വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളത്തിന് തിരിച്ചടിയാകും. സെമി ബർത്ത് നേടാൻ മത്സരത്തിൽ കേരളത്തിന് ജയം അനിവാര്യമായി.
 
40 റൺസ് നേടിയ ജലജ് സക്സേനയാണ് ടോപ്പ് സ്കോറർ. സഞ്ജു സാംസൺ (32), രോഹൻ പ്രേം (29), സച്ചിൻ ബേബി (29) എന്നിവർക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. വിദർഭയ്ക്ക് വേണ്ടി ഗുർബാനി അഞ്ച് വിക്കറ്റ് വീഴ്ത്തി.