Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഓഖി ദുരന്തം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഓഖി ദുരന്തം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ രണ്ട് മരണം കൂടി. കടലിൽ 100 നോട്ടിക്കൽ മൈൽ അകലെ ഒഴുകിനടന്ന മൃതദേഹങ്ങൾ തീരസേനയുടെ കപ്പലാണു കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉടൻ വിഴിഞ്ഞത്ത് എത്തിക്കും. ദുരന്തത്തിന്‍റെ എട്ടാം ദിനമായ ഇന്നും തിരച്ചില്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച കൊച്ചിയിൽ 23 പേരെയും ലക്ഷദ്വീപിൽ 111 പേരെയും കണ്ടെത്തിയിരുന്നു. കടലിൽ ഇപ്പോഴും ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്.
 
കാണാതായവരെ കുറിച്ച് സർക്കാരിന്‍റെ പക്കൽ വ്യക്തമായ കണക്കില്ല.  92 പേര്‍ തിച്ചുവരാന്‍ ഉണ്ടെന്നു  സര്‍ക്കാര്‍ പറയുമ്പോള്‍, തിരുവനന്തപുരത്തു മാത്രം 174 പേരെ കാണാതായെന്നാണു ലത്തീൻ അതിരൂപതയുടെ കണക്ക്. ഇതിൽ ചെറുവള്ളങ്ങളിൽ പോയ 103 പേരുടെ കാര്യത്തിൽ ആശങ്ക വർധിക്കുകയാണ്.
 
ഓഖി ദുരന്തബാധിതർക്കു സർക്കാർ 150 കോടിയോളം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ച മൽസ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ നൽകാനാണ് മന്ത്രിസഭാ തീരുമാനം. ഓഖി കേരളം നേരിട്ട അപ്രതീക്ഷിത ദുരന്തമാണെന്നും ഇത്രയും ശക്തമായ ചുഴലി നൂറ്റാണ്ടിൽ ആദ്യമായാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, മുന്നറിയിപ്പ് നേരത്തേ കിട്ടിയില്ലെന്നും വ്യക്തമാക്കി.