Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ശശി കപൂര്‍ അന്തരിച്ചപ്പോള്‍ ബിബിസി കാണിച്ചത്‌ അമിതാബ് ബച്ചനെ, പകരം കാണിച്ചത് ഋഷി കപൂറിനെ

 ശശി കപൂര്‍ അന്തരിച്ചപ്പോള്‍ ബിബിസി കാണിച്ചത്‌ അമിതാബ് ബച്ചനെ,  പകരം കാണിച്ചത് ഋഷി കപൂറിനെ

വാര്‍ത്തകളില്‍ പേര് മാറി പോകുന്നത് സ്വാഭാവികം ആണ്. പക്ഷെ ആദ്യം തെറ്റായ വാര്‍ത്ത‍ നല്‍കിയിട്ട് പിന്നെയും തെറ്റായി നല്കിയാല്‍ എന്താകും അവസ്ഥ. അങ്ങനെ ഒരു  അവസ്ഥ ഇപ്പോള്‍ നടന്നു.ബോളിവുഡ് ഇതിഹാസം ശശി കപൂര്‍ അന്തരിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു ചാനല്‍ ശശി തരൂര്‍ അന്തരിച്ചുവെന്ന് തെറ്റായി വാര്‍ത്ത നല്‍കിയിരുന്നു. 
ശശി തരൂര്‍ സംഭവം രസകരമായി എടുത്തെങ്കിലും സമാനമായൊരു പിഴവിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാര്‍. കാരണം, അവിടെ തെറ്റുവരുത്തിയത് മറ്റാരുമല്ല. സാക്ഷാല്‍ ബിബിസിയാണ് ശശി കപൂറിന്‍റെ മരണവാര്‍ത്ത തെറ്റായി നല്‍കിയത്. ബിബിസിയുടെ നടപടി കടുത്ത വംശീയവിവേചനമാണെന്ന ആരോപണവും 
ഉയരുന്നുണ്ട്.
ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത ബിബിസി അവരുടെ ന്യൂസ് അറ്റ് ടെന്‍ പരിപാടിയില്‍ വിശദമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മരണവാര്‍ത്തയ്ക്കൊപ്പം കാണിച്ച ക്ലിപ്പിങ്ങിലാണ് പിശകുവന്നത്. അതിലുണ്ടായിരുന്നത് ശശി കപൂറായിരുന്നില്ല. അമിതാബ് ബച്ചന്‍റെ  ക്ലിപ്പിങ്ങാണ് ബിബിസി സംപ്രേഷണം ചെയ്തത്. തെറ്റുമനസ്സിലായപ്പോള്‍, പകരം കാണിച്ചതാകട്ടെ 
ഋഷി കപൂറിന്‍റെ  ദൃശ്യങ്ങളും. ഇതാണ് യുകെയിലെ ഇന്ത്യക്കാരെയും ബോളിവുഡ് ആരാധകരെയും പ്രതിഷേധത്തിലാക്കിയത്.ഇന്ത്യക്കാരനായ താരം അന്തരിച്ച വാര്‍ത്ത തികഞ്ഞ ലാഘവത്തോടെയാണ് ബിബിസി കൈകാര്യം ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. വെള്ളക്കാരനായ താരമാണ് മരിച്ചിരുന്നതെങ്കില്‍ ഇത്തരമൊരു പിഴവ് ബിബിസിക്ക് 
സംഭവിക്കുമായിരുന്നോ എന്ന് സോഷ്യല്‍ മീഡിയയിലുടെ പ്രതിഷേധം ചൊരിഞ്ഞ ആരാധകര്‍ ചോദിക്കുന്നു. അഭിനേതാവും കൊമേഡിയനുമായ ആദില്‍ റേയും പ്രതിഷേധം ട്വിറ്ററിലൂടെ രേഖപ്പെടുത്തി. പരിശോധിച്ച്‌ ഉറപ്പുവരുത്താന്‍ വേണ്ടത്ര സംവിധാനമുള്ളപ്പോള്‍ ഇത്തരമൊരു പിഴവ് സംഭവിച്ചതിന് ന്യായീകരണമില്ലെന്ന് ആദില്‍ റേ പറഞ്ഞു.
ശശി കപൂറിന്‍റെ  മരണവാര്‍ത്ത തികച്ചും നിരുത്തരവാദപരമായാണ് ബിബിസി കൈകാര്യം ചെയ്തതെന്ന് മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിഴവുപറ്റിയതില്‍ ബിബിസി മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമിതാബ് ബച്ചന്‍റെ  ദൃശ്യം കാണിച്ചത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയതായും ചിലര്‍ പറഞ്ഞു. യഥാര്‍ഥ ശശി കപൂറിന്‍റെ  ഒരു 
ചിത്രം പോലും ബിബിസിയില്‍ ഇല്ലേയെന്നാണ് ചിലര്‍ പരിഹാസരൂപേണ ചോദിച്ചത്.പിഴവ് പറ്റിയത് മനസ്സിലാക്കിയ എഡിറ്റര്‍ പോള്‍ റോയാല്‍ പിന്നിട് ഖേദപ്രകടനം നടത്തി. ശശി കപൂറിന്‍റെ  മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് തെറ്റായ ദൃശ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിഴവ് ബിബിസിയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും പ്രേക്ഷകര്‍ക്കുണ്ടായ ആശയക്കുഴപ്പത്തിനും അസ്വസ്ഥതയ്ക്കും മാപ്പുചോദിക്കുന്നുവെന്നും ഖേദപ്രകടനത്തില്‍ പറയുന്നു.