Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

'ലൗ ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ ചുട്ടെരിച്ചു

'ലൗ ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ ചുട്ടെരിച്ചു

രാംസമന്ദ്: 'ലൗ ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ജീവനോടെ ചുട്ടെരിച്ചു. യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ജീവനോടെ തീ കൊളുത്തുന്നത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ രാജസമന്ദിലാണ് മനുഷ്യ മനസിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കരാർ തൊഴിലാളിയായ മുഹമ്മദ് അഫ്രസുൽ ആണ് കൊല്ലപ്പെട്ടത്. അക്രമി രാജസമന്ദ് സ്വദേശിയായ ശംഭുലാൽ റഗാറിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. 
 
പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്നും രാജസ്ഥാനിലേക്ക് നിന്ന് കുടിയേറിയ തൊഴിലാളിയാണ് അഫ്രസുൽ. ജോലി വാഗ്ദാനം ചെയ്താണ് റീഗര്‍ തൊഴിലാളിയെ ഇവിടെ എത്തിച്ചത്. തന്‍റെ ക്രൂരകൃത്യം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സുഹൃത്തിനെയും റീഗര്‍ ഒപ്പംകൂട്ടിയിരുന്നു. ജീവനുവേണ്ടി മുഹമ്മദ് കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോയില്‍ ഉണ്ട്. വിഡിയോയിൽ കാണുന്ന ഒരു യുവതിയുടെ സാന്നിധ്യമാണ് സംഭവത്തിന് പിന്നിൽ ലവ് ജിഹാദാകാമെന്ന സംശയം ജനിപ്പിക്കുന്നത്. അക്രമിയുടെ സഹോദരിയുമായി അഫ്രസുലിനുണ്ടായിരുന്ന ബന്ധമാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
 
സ്ഥലത്തുനിന്നും പാതി കത്തിയ നിലയില്‍ മൃതദേഹവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും ഒരു സ്‌കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രത്യേകസംഘത്തെ  അന്വേഷണത്തിന് നിയോഗിച്ചു. സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കേസിലെ പ്രധാന പ്രതി ശംഭുലാല്‍ റീഗര്‍ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.