Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ആഷസ് പരമ്പര; ഓസ്ട്രേലിയയ്ക്ക് 120 റണ്‍സിന്‍റെ വിജയം

 ആഷസ് പരമ്പര; ഓസ്ട്രേലിയയ്ക്ക് 120 റണ്‍സിന്‍റെ വിജയം

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 120 റണ്‍സിന്‍റെ വിജയം. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 233 റണ്‍സിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹേസിൽവുഡും ലയണും രണ്ടു വിക്കറ്റ് വീതം നേടി.
 
176/4 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങുന്നത്. 67 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ ജോ റൂട്ടിലായിരുന്നു പ്രതീക്ഷകൾ അത്രയും. എന്നാൽ അവസാന ദിനം ഒരു റണ്‍പോലും നേടാൻ റൂട്ടിനായില്ല. റൂട്ട് മടങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ തകർച്ച തുടങ്ങി. നൈറ്റ് വാച്ച്മാൻ ക്രിസ് വോക്സ് (5), മൊയിൻ അലി (2), ഓവർട്ടണ്‍ (7), സ്റ്റുവർട്ട് ബ്രോഡ് (8) എന്നിവരെല്ലാം പൊരുതാതെ കീഴടങ്ങി. ഒരുവശത്ത് വിക്കറ്റുകൾ വീണപ്പോഴും പൊരുതി നിന്ന ജോണി ബെയിർസ്റ്റോ 36 റണ്‍സുമായി ഒടുവിൽ പുറത്തായതോടെ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിച്ചു. ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ടിന് അവസാന ദിനം നേടാൻ കഴിഞ്ഞത് 57 റണ്‍സ് മാത്രമാണ്.
 
ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയിലൂടെ ഓസീസിന് മികച്ച സ്കോർ സമ്മാനിച്ച ഷോണ്‍ മാർഷാണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ ഓസീസ് പരന്പരയിൽ 2-0ന് മുന്നിലെത്തി.
 
സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 442/8 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 138. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 227, രണ്ടാം ഇന്നിംഗ്സ് 233.