Friday, February 23, 2018
Reg:No 91291/Kermal/2004/18734

ചക്കുളത്ത് കാവിന്‍റെ ഐതിഹ്യം

ചക്കുളത്ത് കാവിന്‍റെ ഐതിഹ്യം

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മൂര്‍ത്തഭാവമായ ദുര്‍ഗ്ഗാദേവി ആണ് മുഖ്യ പ്രതിഷ്ഠ. വനദുര്‍ഗ്ഗ സങ്കല്‍പ്പത്തില്‍ 
കിഴക്ക് ദര്‍ശനം. സരസ്വതി, ലക്ഷ്മി, കാളി തുടങ്ങി പല ഭാവങ്ങളും താന്ത്രികര്‍ ദുര്‍ഗ്ഗക്ക് കല്പിക്കാറുണ്ട്. ചക്കുളത്തമ്മ എന്ന പേരില്‍ ഈ ഭഗവതി കേരളത്തില്‍ അറിയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, ഹനുമാന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസം പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂര്‍ണേശ്വരിയായ ദേവിക്ക് മുന്‍പില്‍ സ്ത്രീകള്‍ ഉദ്ധിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. കാര്‍ത്തികസ്തംഭം, ലക്ഷദീപം, നാരീപൂജ, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ 
'സ്ത്രീകളുടെ ശബരിമല' എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് .പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിര്‍ത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
പരാശക്തിക്ക് ഇവിടെ എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതല്‍ പന്ത്രണ്ടു വരെ നടക്കുന്ന 
ഉത്സവം 'പന്ത്രണ്ടു നോയമ്പ് മഹോത്സവം' എന്ന് അറിയപ്പെടുന്നു
ചക്കുളത്തുകാവ് മദ്യപര്‍ക്ക് മോചനത്തിന്റെ തിരുനടയുമാണ് .എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്
 
 
ഐതിഹ്യം...
കാട്ടില്‍ വിറക് വെട്ടാന്‍ പോയ ഒരു വേടന്‍ തന്നെ കൊത്താന്‍ വന്ന സര്‍പ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സര്‍പ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളില്‍ കണ്ടപ്പോള്‍ വേടന്‍ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്നുനിന്ന വേടന് മുന്നില്‍ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്റെ  കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലര്‍ന്ന നിറം വരുമ്പോള്‍ 
ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി.
അന്ന് രാത്രിയില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ നാരദമുനിയാണെന്നും വേടന് സ്വപ്നദര്‍ശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവില്‍ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. അന്നു മുതല്‍ വേടനും കുടുംബവും ആ വനത്തില്‍ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടില്‍പ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മണ്‍കലത്തില്‍ പാചകം ചെയ്താണ് അവര്‍ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ  ഒരു പങ്ക് ദുര്‍ഗ്ഗാദേവിക്ക് നല്‍കിയ ശേഷമാണ് അവര്‍ കഴിച്ചിരുന്നത്. ഒരു ദിവസം അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ഭഗവതിക്ക് ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍. എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ ചെന്നപ്പോള്‍ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങള്‍ അവിടെയെത്തിയത് ദേവീകൃപ കൊണ്ടാണെന്ന് മനസ്സിലാക്കിയ അവര്‍ ഭക്തികൊണ്ട് ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. 'മക്കളേ, നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്‌കളങ്ക ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയാണ്. തീരാദുഖങ്ങളില്‍ പോലും എന്നെ കൈവിടാത്തവര്‍ക്ക് ഞാന്‍ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂര്‍വ്വം ആര് എവിടെനിന്ന് വിളിച്ചാലുംഅവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.'
ഈ ഓര്‍മ്മ പുതുക്കാനാണ് ചക്കുളത്ത് കാവില്‍ ജനലക്ഷക്ഷങ്ങള്‍ പൊങ്കാലയിടുന്നത്. ഭക്തര്‍ അമ്മയ്ക്ക് പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.
സുംഭ നിസുംഭന്മാരെ ചുറ്റിപ്പറ്റിയുള്ളതാണ് ചക്കുളത്തുകാവിനെ പറ്റിയുള്ള ഐതിഹ്യ കഥ. യോനിയിലൂടെ ജനിക്കാത്ത ഒരു സ്ത്രീയില്‍ നിന്നു മാത്രമേ മരണം ഉണ്ടാകാവൂ എന്ന് ഈ സുംഭ നിസുംഭ അസുരന്മാര്‍ ബ്രഹ്മാവില്‍ നിന്ന് വരം നേടി. 
സ്വാഭാവികമായും ഇവര്‍ അഹങ്കാരികള്‍ ആവുകയും ദേവന്മാരെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ചെയ്തു. ദേവന്മാരുടെ അവസ്ഥ നാരദര്‍ ബ്രഹ്മദേവനെ അറിയിച്ചു. പരാശക്തിക്കേ ദേവന്മാരെ രക്ഷിക്കാനാവൂ എന്ന് ബ്രഹ്മാവ് പറഞ്ഞത് 
അനുസരിച്ച് ഹിമഗിരിയില്‍ എത്തി പാര്‍വ്വതീ ദേവിയെ പ്രാര്‍ത്ഥിച്ചു. 
ദേവിയുടെ ശരീരത്തില്‍ നിന്ന് ഒരു തേജസ്സ് ജ്വലിച്ചുയര്‍ന്ന് ഭദ്രകാളിയായി മാറി. അലൌകിക സൌന്ദര്യമുള്ള യുവതിയായിരുന്നു ഭദ്രകാളി. 
കാട്ടിലെ പൊന്നൂഞ്ഞാലില്‍ ആടിക്കൊണ്ടിരുന്ന ദേവിയെ ചാമുണ്ഡന്മാര്‍ കാണുകയും അവര്‍ ആ വിവരം സുംഭനിസുംഭന്മാരെ അറിയിക്കുകയും ചെയ്തു. സുംഭനിസുംഭന്മാര്‍ വിവാഹാലോചനയുമായി ദേവിയുടെ അടുത്തെത്തി. തന്നെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവരെയേ വിവാഹം ചെയ്യൂ എന്നു മറുപടി ലഭിച്ചു. അങ്ങനെ ദേവി ഇരുവരെയും യുദ്ധത്തില്‍ വധിച്ചു. 
ഈ ദേവിയുടെ ദീപ്തമായ ഒരു അംഗമാണ് ചക്കുളത്തുകാവില്‍ കുടികൊള്ളുന്ന ഭഗവതിയില്‍ ഉള്ളത് എന്നാണ് പ്രബലമായ ഐതിഹ്യം. മറ്റ് ഐതിഹ്യങ്ങളും ഉണ്ട്.
 
 
കാര്‍ത്തികസ്തംഭം...
അധര്‍മ്മത്തിന്റെയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാര്‍ത്തികസ്തംഭം. ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്‌നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക് ചാര്‍ത്തിയ ഒരു വര്‍ഷത്തെ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്റെ സര്‍വ്വ തിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും. നാടിന്റെ  സര്‍വ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം.
 
നാരീപൂജ...
ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അന്നേദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട്...നാരീപൂജ നടത്തിയാല്‍ ഐശ്വര്യം.. എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത്, അവിടെ ഐശ്വര്യം കളിയാടും എന്നുള്ള പൗരാണിക ഹൈന്ദവ ചിന്തയില്‍ അധിഷ്ടിതമായാണ് നാരീപൂജ നടത്തി വരുന്നത്.കേരളത്തില്‍ ചക്കുളത്തുകാവ് , 
കണ്ടമംഗലം ക്ഷേത്രം, മംഗളാദേവീ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും നാരീപൂജ നടത്തി വരുന്നത്. ഇതിനുപുറമേ, ക്ഷേത്രങ്ങളില്‍ ദേവീഭാഗവത സപ്താഹത്തോട് അനുബന്ധിച്ചു 9 പെണ്‍കുട്ടികളെ 9 ദേവിമാരായി സങ്കല്‍പ്പിച്ചു കൊണ്ട് കുമാരീപൂജയും നടത്തി വരുന്നു. നാരീപൂജയിലൂടെയുംകുമാരീപൂജയിലൂടെയും സ്ത്രീകള്‍ക്ക് ദേവീ 
സങ്കല്‍പ്പമാണ് നല്കുന്നത്.ദേവിയുടെ ഇരിപ്പിടത്തോട് സമാനമായ രീതിയില്‍ അലങ്കൃത പീഠത്തില്‍  സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂര്വ്വം ക്ഷേത്രത്തിലെ പ്രധാന പൂജാരി ഇവരെ കാല്കഴുകി , പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ച് പൂജിക്കുന്നു. സ്ത്രീകള്‍ എവിടെ 
മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍  ആനന്ദിക്കുന്നു എന്ന സങ്കല്‍പ്പത്തിലൂടെയാണ് നാരീപൂജ നടത്തുന്നത്. സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ മറ്റൊരു പൊരുള്‍. ഗജ പൂജ, ഗോ പൂജ എന്നിവ ചെയ്യുമ്പോള്‍ അന്നത്തിനും നാരീപൂജയില്‍ പരിശുദ്ധിക്കുമാണ് പ്രാധാന്യം.
നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുക എന്ന കര്‍മ്മമാണ് നാരീപൂജയില്‍ പ്രധാനം . ദേവിയോടുള്ള തന്റെ ഭക്തി പ്രതിഫലിപ്പിക്കാന് കഴിയുന്ന കര്‍മ്മമായാണ് നാരീ പൂജയെ കാണുന്നത് . പാദം കഴുകുമ്പോള്‍ നാരിയില്‍ ഒരു ദേവീഭാവം ഉടലെടുക്കുന്നു എന്നും, ആ ദേവിയെ പൂജിക്കുന്ന ഭക്തനു ഫലസിദ്ധിലഭിക്കുന്നു എന്നുമാണ് പറയപ്പെടുന്നത് . നാരീ പൂജയെ ദേവീ പൂജയായ് മാറുന്നത് ഭക്തന്റെ മനസ്സില് മാത്രാമാണ്. നാരീപൂജയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് മൂന്ന് ദിവസം താമസിച്ചു വരുന്നു.
ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ നടന്ന നരീപൂജയില്‍ ചലച്ചിത്രതാരങ്ങളായ ഉര്‍വശി, മഞ്ജു വാരിയര്‍ എന്നിവരെ പൂജിച്ചിട്ടുണ്ട്. കഴുത്തില്‍ പൂമാലയിട്ട് സര്‍വ്വാഭരണ വിഭൂഷിതയായി, ദേവീവിഗ്രഹത്തിനു അഭിമുഖമായിരുന്നാണ് .
നാരീപൂജ നടത്തുന്നത്. പൂജയില്‍ പങ്കെടുക്കുന്നവര്‍ക്കും പൂജിക്കുന്നവര്‍ക്കും താമസം വിന സര്‍വ്വ വിധ ഐശ്വര്യങ്ങളും വരുമെന്നാണ് നാരീപൂജയുടെ ഐതിഹ്യം . വൃശ്ചികമാസത്തില്‍ നടക്കുന്ന പൊങ്കാലയെ തുടര്‍ന്നാണ് ഇവിടെ നാരീപൂജ 
നടത്തുന്നത്. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപെടുകയും ചെയ്യുന്ന ഈ കാലത്ത് , അനുഷ്ഠാനത്തിന്റെ പേരിലാണെങ്കിലും നടക്കുന്ന ഇത്തരം പൂജകള്‍ നന്മയിലേക്ക് വഴിവയ്ക്കട്ടേ എന്ന് ആഗ്രഹിക്കാം.
 
എത്തിച്ചേരുവാന്‍...
കെകെ റോഡിലെ തിരുവല്ല നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തിരുവല്ല/ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയും ഇവിടെയെത്താം.