Friday, February 23, 2018
Reg:No 91291/Kermal/2004/18734

കുവൈറ്റിനെ ഇളക്കിമറിച്ച സന്ദര്‍ശനം ആരുടെ ???

  കുവൈറ്റിനെ ഇളക്കിമറിച്ച സന്ദര്‍ശനം ആരുടെ  ???

 
 
 
2 ദിവസം. 44 മണിക്കൂര്‍  71 പരിപാടികള്‍-
 
കുവൈറ്റ്:  വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയ കുവൈറ്റ് സന്ദര്‍ശനത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുവൈറ്റില്‍ ചിലവഴിച്ചത് അകെ 44. 45 മണിക്കൂര്‍. ഇതിനിടയില്‍ പങ്കെടുത്തത് 71 പരിപാടികളില്‍. മഹാസമ്മേളനങ്ങള്‍ തുടങ്ങി, ഫര്‍വാനിയ ഗവര്‍ണറേറ്റിലെ സന്ദര്‍ശനം ഉള്‍പ്പെടെ, കുടു൦ബ കൂട്ടായ്മകള്‍, ഭവന സന്ദര്‍ശനങ്ങള്‍, ആശുപത്രിയില്‍ രോഗീ സന്ദര്‍ശനങ്ങള്‍ 
 
എന്നിവയെല്ലാം ചേര്‍ത്താണ് 71 പരിപാടികള്‍.ഇതിനിടയില്‍ ആയിരത്തിലേറെ പേര്‍ക്കൊപ്പം നിന്ന് അദ്ദേഹം ഫോട്ടോയ്ക്ക് / സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. 
ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ തന്നെ ഒരു അത്ഭുത പ്രതിഭാസമാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നവിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കുവൈറ്റ് സന്ദര്‍ശനം. അക്ഷരാര്‍ത്ഥത്തില്‍ കുവൈറ്റിലെ മലയാളി സമൂഹത്തെ ഇളക്കിമറിച്ചതായിരുന്നു സന്ദര്‍ശനം. 
വ്യാഴാഴ്ച പുലര്‍ച്ചെ 5 നായിരുന്നു ഉമ്മന്‍ചാണ്ടി കുവൈറ്റില്‍ വിമാനമിറങ്ങിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ തുടങ്ങി വന്‍ തിരക്കായിരുന്നു. അവിടെ നിന്നും നേരെ താമസമൊരുക്കിയിരിക്കുന്ന 
ക്രൌണ്‍ പ്ലാസയിലേക്ക്. 6 മണിക്ക് അവിടെയെത്തി 2 മണിക്കൂര്‍ ഉറക്കം കഴിഞ്ഞ് 9 മണിക്ക് ആദ്യ പരിപാടിയെന്ന നിലയിലായിരുന്നു ക്രമീകരണം. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഏഴു മണിയായിട്ടും 
അദ്ദേഹത്തിന്‍റെ മുറിയില്‍ സംഘാടകരുടെ തിരക്ക് കൂടി വരുന്നതേയുള്ളൂ.
പകല്‍ മുഴുവന്‍ നേരത്തെ നിശ്ചയിച്ചതും പിന്നീട് വന്നുചേര്‍ന്നതുമായ പരിപാടികള്‍ കൊണ്ട് തിരക്കായിരിക്കും എന്നറിയാമായിരുന്ന മുഖ്യ സംഘാടകന്‍ വര്‍ഗീസ്‌ പുതുക്കുളങ്ങര ഉടന്‍ കൂടി നിന്നവരെ ശാസിച്ചു, "അദ്ദേഹം ഒന്നുറങ്ങട്ടെ, നിങ്ങള്‍ ഒന്ന് പുറത്തേക്ക് ഇറങ്ങ്". ഉടന്‍ ഉമ്മന്‍ചാണ്ടിയുടെ മറുപടിയെത്തി, "ഇപ്പോള്‍ സമയം എന്തായി?". 7 മണിയെന്ന്‍ ഉത്തരം.
"ആഹാ.. എല്ലാവരും എഴുന്നേറ്റ് റെഡിയാകുന്ന നേരമായി. ഇനിയെപ്പോള്‍ ഉറങ്ങാനാ.. അവരിവിടെ നില്‍ക്കട്ടെ". അദ്ദേഹം കട്ടിലില്‍ ഇരുന്നു. അതോടെ ഒപ്പം ഇരുന്നു ഫോട്ടോ എടുക്കാനുള്ളവരുടെ തിരക്കായി.
 
 
മാധ്യമസമ്മേളനം
 
 
 9 മുതല്‍ പരിപാടികളുടെ കുത്തൊഴുക്കായിരുന്നു. 10.30 മണിക്ക് വാര്‍ത്താ സമ്മേളനം. എന്തോ പുതിയ അറിവെന്നപോലെ സോളാര്‍ വിഷയം ചോദിക്കാനായിരുന്നു ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും തിടുക്ക൦. ഇതിനിടയില്‍ ഉയര്‍ന്ന ജനദ്രോഹപരമായ, പെട്രോള്‍ - ഡീസല്‍ വിലവര്‍ധന പോലുള്ള ചോദ്യങ്ങള്‍ക്ക് കണക്കുകളും വസ്തുതകളും ഉയര്‍ത്തി മറുപടിയെത്തി.
അതിനിടയിലും ഒരു വിദ്വാന്‍ അത് തടസപ്പെടുത്തി, സര്‍, സോളാര്‍... ? എന്ന ചോദ്യവുമായി എഴുന്നേറ്റു. അദ്ദേഹം പറഞ്ഞുവന്നത് തീര്‍ത്ത ശേഷം സോളാറിനും വൃത്തിയായി മറുപടി പറഞ്ഞാണ് വേദി വിട്ടത്. പക്ഷെ വാര്‍ത്താ സമ്മേളനത്തിന്‍റെ ഹൈലൈറ്റ് സോളാര്‍ ആക്കി മാറ്റാന്‍ കഴിയാതിരുന്നതില്‍ ആ മാധ്യമ പ്രവര്‍ത്തകന് നിരാശയായി.
അദ്ദേഹം അതിന് കഴുത കാമം കരഞ്ഞു തീര്‍ത്തെന്ന് പറഞ്ഞപോലെ ഫെയ്സ്ബുക്കില്‍ തരംതാണ ഒരു പോസ്റ്റിട്ട് ആ വിഷമം തീര്‍ത്തു. സരിതാമാതായുടെ വാക്കുകളിലും വെളിപ്പെടുത്തലുകളിലും അഗാധമായി വിശ്വസിക്കുന്ന ഒരു സദാചാര വിദ്വാന്‍റെ എല്ലാ മണവും ഗുണവുമുള്ള പോസ്റ്റിന് അതിനു തക്ക മറുപടിയും ഫെയ്സ്ബുക്കില്‍ സുലഭമായെത്തി.
 
ഉമ്മന്‍ചാണ്ടിയുടെ കുവൈറ്റിലെ 2 ദിനങ്ങള്‍
 
 പൊതുപരിപാടികള്‍ക്ക് പുറമേ കുടുംബ കൂട്ടായ്മകള്‍, ഭവന സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ മുന്‍പ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താതിരുന്ന പരിപാടികളും വീണ്ടും വന്നു ചേര്‍ന്നുകൊണ്ടിരുന്നു. കോട്ടയം 
അസോസിയേഷന്‍റെ പരിപാടി നടക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയെ കുടുംബ കൂട്ടായ്മകളിലേക്ക് ക്ഷണിക്കാനെത്തിയവരോട് വര്‍ഗീസ്‌ പുതുക്കുളങ്ങര ഒടുവില്‍ കയര്‍ത്തു, "ഇപ്പോള്‍ തന്നെ 4 മണിക്കൂര്‍ ലേറ്റാണ്‌. 4 മണിക്ക് നിശ്ചയിച്ച പരിപാടി 10 മണിക്ക് മാറ്റാന്‍ ഇപ്പോള്‍ പറഞ്ഞതേയുള്ളൂ. ഇനിയും പുതിയ പരിപാടികള്‍ പറ്റില്ല" - വര്‍ഗീസ്‌സംസാരിച്ചു.ഇതുകേട്ട ഉമ്മന്‍ചാണ്ടി ആ സമ്മേളനത്തിലെ പ്രസംഗത്തിനിടെ അതിനും മറുപടി പറഞ്ഞു, "ആരും വിഷമിക്കേണ്ട, നിങ്ങള്‍ വിളിച്ച സ്ഥലത്തൊക്കെ ഞാന്‍ വരും. എനിക്ക് ഫ്ലൈറ്റ് 3 മണിക്കാണ്. അതുവരെ സമയമുണ്ട്". അതോടെ അവര്‍ക്കും ആശ്വാസമായി. പക്ഷെ ആ രാത്രിയിലെ ഉറക്കവും ഉമ്മന്‍ചാണ്ടി ഉപേക്ഷിച്ചു. 4 മണിയുടെ പരിപാടിക്കെത്തിയത് 10 മണിക്ക് ! ആ ചായയുടെ കാര്യം ?
ഇതിനിടയിലായിരുന്നു സത്യം ഓണ്‍ലൈന്‍ കലാകേന്ദ്രയുടെ ലോഗോ പ്രകാശനം 4 മണിക്ക് നിശ്ചയിച്ചിരുന്നത് 10 ന് ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥനയെത്തിയത്. "എനിക്ക് നിങ്ങളോടല്ലേ പറയാന്‍ കഴിയൂ.. അതുകൊണ്ടാ". അതോടെ അവിടെയൊരുക്കിയ ചായയുടെ കാര്യം കുശാലായി. വന്നവരൊക്കെ മടങ്ങുകയും ചെയ്തു.
 
 
 ഉമ്മന്‍ചാണ്ടിയുടെ തലമുടിവെട്ടല്‍...
 
വെട്ടിക്കൊണ്ടിരുന്ന തല ഉപേക്ഷിച്ച് ബാര്‍ബര്‍ ഉമ്മന്‍ചാണ്ടിയുടെ പിന്നാലെ ഇതിനിടെ രാത്രി സാല്‍മിയയില്‍ ഉമ്മന്‍ചാണ്ടി എത്തിയതറിഞ്ഞ മലപ്പുറത്തുകാരന്‍ ബാര്‍ബറുടെ വരവായിരുന്നു മറ്റൊരു കൗതുകം. ജോലിക്കിടയിലാണ് അപ്പുറത്തെ കെട്ടിടത്തില്‍ ഉമ്മന്‍ചാണ്ടി വന്നിറങ്ങുന്നത് കാണുന്നത്. ഉടന്‍  അദ്ദേഹം പാഞ്ഞെത്തി ഉമ്മന്‍ചാണ്ടിയെ കെട്ടിപ്പിടിക്കുകയായിരുന്നു
മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലപ്പുറത്ത് അദ്ദേഹത്തിന്‍റെ നാട്ടുകാര്‍ക്ക്‌ ചെയ്തുകൊടുത്ത ഉപകാരത്തിന്‍റെ പേരിലായിരുന്നു ആ സ്നേഹ പ്രകടനം.
 
 
ഫോട്ടോക്ക് മടിയിലാത്ത ഉമ്മന്‍ചാണ്ടി....
 
ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിക്കിതിരക്കി. അദ്ദേഹം സെറ്റിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും ആളുകള്‍ ഒരു മടിയുമില്ലാതെ അടുത്ത് ചെന്നിരിക്കും, ഫോട്ടോ പകര്‍ത്തും. കടക്ക് പുറത്തെന്ന്‍ പറയില്ലെന്നൊരു വിശ്വാസം അവര്‍ക്കുണ്ട്.
ഈ ഫോട്ടോ എടുക്കുന്നവരൊക്കെ ആരാണോ ? ഏത് തരക്കാരാണോ ? നാളെ വള്ളിക്കെട്ടാകുമോ എന്ന ചിന്തയൊന്നും ഉമ്മന്‍ചാണ്ടിക്കില്ല. ഇതിനിടയില്‍ വേഷം മാറി ദാവൂദ് ഇബ്രാഹിം വന്നു നിന്നാലും ഉമ്മന്‍ചാണ്ടിക്കൊപ്പം ഫോട്ടോയെടുത്ത് പോകാം. ആ ഉമ്മന്‍ചാണ്ടിയോടാണ് മറ്റേ പൈങ്കിളി കമ്മീഷന്‍ ചോദിച്ചത് - നല്ല സാരിയൊക്കെ ഉടുത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങിവന്ന 
സരിതയെ ഒരിക്കല്‍ കണ്ടിട്ട് നിങ്ങളെങ്ങനെ മറന്നെന്ന് !
 
 
കണ്ണീരൊപ്പി മടക്കയാത്ര 
എന്തായാലും രണ്ടു ദിവസത്തെ സന്ദര്‍ശനം കൊണ്ട് നിരവധി പ്രവാസികള്‍ക്ക് ആശ്വാസം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. കുവൈറ്റില്‍ കേസുകളില്‍ അകപ്പെട്ട ചില മലയാളികളുടെ പ്രശ്നങ്ങള്‍ അദ്ദേഹം ഫര്‍വാനിയ ഗവര്‍ണറെ ധരിപ്പിച്ചു. അതില്‍ പരിഹാരവും ഉണ്ടാകകുമെന്നും ഉറപ്പായിട്ടുണ്ട്. 10 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു.കോട്ടയത്ത് ഒരു നിര്‍ധന കുടുംബത്തിന് ഒരു വീട് വച്ച്കൊടുക്കാനുള്ള കാര്യത്തിലും അദ്ദേഹം ഈ സന്ദര്‍ശനം വഴി ഉറപ്പുണ്ടാക്കി. നിരപരാധിയായിട്ടും തടവിന് ശിക്ഷിക്കപ്പെട്ട മലയാളി നേഴ്സ് തൊടുപുഴ സ്വദേശി എബിനെ അയാളുടെ താമസസ്ഥലത്ത് പോയി കണ്ടു വിവരങ്ങള്‍ തിരക്കി അക്കാര്യം ഫര്‍വാനിയ ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു.ഓ ഐ സി സി കാരുണ്യ സ്പര്‍ശം പരിപാടിയുടെ ഭാഗമായി 500 വികലാംഗര്‍ക്കായി 500 വീല്‍ചെയറുകള്‍ വാങ്ങി നല്‍കാനുള്ള പദ്ധതിയുടെ തുകയും അദ്ദേഹം ഏറ്റുവാങ്ങി.ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കുള്ള വിമാനത്തില്‍ കയറാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ സമയം 1.45. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയെ അറിയുന്നത് കൊണ്ട് അതൊരു തടസമായില്ല.