Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

എസ് ദുർഗയ്ക്ക് സ്റ്റേ ഇല്ല; പ്രദർശിപ്പിക്കണമോ എന്ന് ജൂറിക്ക് തീരുമാനിക്കാം; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌

എസ് ദുർഗയ്ക്ക് സ്റ്റേ ഇല്ല; പ്രദർശിപ്പിക്കണമോ എന്ന് ജൂറിക്ക് തീരുമാനിക്കാം; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌

കൊച്ചി: ഗോവ ചലച്ചിത്രമേളയിൽ 'എസ് ദുർഗ'പ്രദർശിപ്പിക്കണമോ എന്ന വിഷയത്തില്‍  ജൂറിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. മേളയിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സമർപ്പിച്ച അപ്പീൽ ഹരജിയിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മേളയിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള  അനുമതി സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
 
മുൻ നിർദേശപ്രകാരം ചിത്രത്തിലെ വിവാദ പേരും ഭാഗങ്ങളും നിർമാതാക്കൾ മാറ്റം വരുത്തിയ ശേഷം ചിത്രം കണ്ടിട്ടില്ലെന്നും അതിനാൽ സർട്ടിഫൈ പകർപ്പ് കാണുന്നതിന് ജൂറികൾ അടങ്ങിയ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഉള്ള കേന്ദ്രസർക്കാറിന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ പുതിയ നിർദേശം. പ്രത്യേക ജൂറി അംഗീകരിക്കുകയാണെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ സാധിക്കുമെന്നും കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചു. പനോരമ ജൂറി സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകർപ്പ് കണ്ട് അംഗീകാരം നൽകിയെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇളവു നേടിയിരുന്നില്ലെന്നാണ് അപ്പീലിൽ കേന്ദ്രസർക്കാർ വാദിച്ചത്. ചലച്ചിത്രമേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്ര സർക്കാർ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹരജിയിലാണ് ചിത്രം പ്രദർശിപ്പിക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.