Thursday, December 14, 2017
Reg:No 91291/Kermal/2004/18734

പാര്‍ലമെന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് ആരംഭിക്കും

പാര്‍ലമെന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് ആരംഭിക്കും

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് പാര്‍ലമെന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് ആരംഭിക്കും. ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 5ന് അവസാനിക്കുന്ന തരത്തിലാണ് ശീതകാല സമ്മേളനം ചേരുക. ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്‍ററികാര്യസമിതി യോഗത്തിലാണ് തീയതി തീരുമാനിച്ചത്.
 
ഡിസംബര്‍ 25,26 അവധിദിവസങ്ങളായതിനാല്‍ ആകെ 14 ദിവസങ്ങളിലേ നടക്കുള്ളൂ എന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ശീതകാലസമ്മേളനം വിജയിപ്പിക്കാനും  എല്ലാ പാര്‍ട്ടികളുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. 
 
നവംബര്‍ ആദ്യം ചേരേണ്ടിയിരുന്ന ശീതകാല സമ്മേളനം ബിജെപി മനപൂര്‍വ്വം  വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് കോണ്ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഗുജറാത്തില്‍ സമയം ചെലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാര്‍ലമെന്റിലേക്ക് തിരിഞ്ഞുനോക്കാന്‍ സമയമില്ലെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില് വിജയിക്കാന് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ താറുമാറാക്കുകയാണ് ബിജെപിയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ലമെന്‍റെ ചേരുന്നത് വൈകിപ്പിക്കുക സാധാരണമാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.
 
നോട്ട് നിരോധനം, ജി.എസ്.ടി., റാഫേല് വിമാന ഇടപാട്, മന്ത്രിമാരുടെ അഴിമതി തുടങ്ങിയവയെല്ലാം ശീതകാലസമ്മേളനത്തില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് വിലയിരുത്തല്‍.