Sunday, February 18, 2018
Reg:No 91291/Kermal/2004/18734

ശ്രീ ശ്രീ യുടെ അയോധ്യാ ദൗത്യത്തെ ആരാണ് ഭയപ്പെടുന്നത്?

ശ്രീ ശ്രീ യുടെ അയോധ്യാ ദൗത്യത്തെ ആരാണ് ഭയപ്പെടുന്നത്?

by :സുധീർ ബാബു 
അയോധ്യാപ്രശ്നത്തിൽ ശ്രീ ശ്രീ രവിശങ്കർ മധ്യസ്ഥശ്രമവുമായി ഇറങ്ങിയതിനെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിന്റ്റെ സൂചനയാണ് ഇക്കഴിഞ്ഞ ദിവസം ആദ്ദേഹത്തിന്റ്റെ ഇടപെടലുകളെ ചിലർ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ചൂടാറാതെ നിൽക്കുന്ന അയോധ്യാ വിഷയം സുപ്രീം കോടതിയുടെ പരിഗണയിലാണ്.ഇരുവിഭാഗങ്ങളോടും ചർച്ച ചെയ്ത് പ്രശ്നത്തിന് യോജിച്ച ഒരു പരിഹാരം കണ്ടെത്തുവാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.അയോധ്യാപ്രശ്നത്തിന്റ്റെ ആഴവും വൈകാരികതയും  പരിഗണിച്ച് സുപ്രീംകോടതി നിർദേശിച്ച ഈ പരിഹാരം പക്ഷേ,ഇതുവരെ നടപ്പിലായിട്ടില്ല.ഇരുകക്ഷികളും അംഗീകരിക്കുന്നപക്ഷം താൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് കഹാർ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ആരും അതിനോട് അനുകൂലമായി പ്രതികരിക്കാത്തതിനാൽ ആ നീക്കം ഉപേക്ഷിക്കപ്പെട്ടു  ഇരുപക്ഷവും അംഗീകരിക്കുന്ന ഒരു മധ്യസ്ഥന്റ്റെ അഭാവമാണ് അയോധ്യാ പ്രശ്നം നീണ്ടുപോകാൻ കാരണമെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്.രാജ്യത്തെ മുൾമുനയിൽ നിർത്തിയ,ചില മതവിഭാഗങ്ങളെ  തമ്മിൽ അകറ്റിയ,തികച്ചും വൈകാരികമായ ഒരു ദേശീയ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുവാൻ ഇരു വിഭാഗങ്ങൾക്കും സ്വീകാര്യനായ ഒരു മധ്യസ്ഥനെ കണ്ടെത്തുവാൻ  ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾക്കോ മത സംഘടനകൾക്കോകഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.വസ്തുതകള്‍ ഇതായിരിക്കെയാണ് സമാധാന ദൗത്യവുമായി ശ്രീ ശ്രീ രവിശങ്കര്‍ ഈ പ്രശ്നത്തില്‍ ഇടപെടുന്നത്.
 
ശ്രീ ശ്രീ രവിശങ്കര്‍ എന്ന ലോകം ബഹുമാനിക്കുന്ന ആത്മീയ നേതാവിന്റ്റെ  ആദ്യത്തെ സമാധാന ദൗത്യമല്ല അയോധ്യയിലേത്.  കൊളംബിയ  സര്‍ക്കാരും ഗറില്ല ഓര്‍ഗനൈസേഷനും തമ്മിൽ  കഴിഞ്ഞ  അന്‍പതു വര്‍ഷങ്ങളായി  നിലനിന്നിരുന്ന,രണ്ടു ലക്ഷം പേരുടെ ജീവനെടുത്ത അഭ്യന്തരയുദ്ധം അവസാനിപ്പിക്കുവാന്‍ അദ്ദേഹംനടത്തിയ സമാധാന ശ്രമങ്ങളെ ലോകം ആദരവോടെ പ്രകീര്‍ത്തിച്ചതാണ്.
 
മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമത്തിനൊടുവില്‍ കൊളംബിയന്‍ തീവ്രവാദികള്‍ ഗാന്ധിയന്‍ തത്വമായ അഹിംസ സ്വീകരിച്ചു. കൊളംബിയ ഇന്ന് സമാധാനത്തിന്റ്റെ  പാതയിലാണ്. അദ്ദേഹം ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിയത് ക്യൂബ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്ത് വെച്ചാണെന്നതാണ് എടുത്തു പറയേണ്ട വസ്തുത.
 
കശ്മീര്‍ താഴ്‌വരയില്‍ സമാധാനം കൊണ്ടുവരാന്‍ ശ്രീശ്രീ  നടത്തിയ ശ്രമങ്ങളും ലോകം കണ്ടു.അദ്ദേഹം മുന്‍കൈ എടുത്തതിന്റ്റെ  ഫലമായി മുസാഫിര്‍ വാനിയും കശ്മീര്‍ മത മേലധ്യക്ഷനായ ഗുലാം റസൂല്‍ ഹാമിയും അദ്ദേഹത്തെ ബാംഗ്ലൂര്‍ ഇന്റ്റർ നാഷണല്‍ സെന്ററില്‍ സന്ദര്‍ശിച്ചു. കശ്മീരില്‍ ജീവന്‍ വെടിഞ്ഞ പട്ടാളക്കാരുടെയും വെടിയേറ്റ് മരിച്ചവരുടെ കുടുംബംഗങ്ങളേയും തീവ്രവാദികളെയും അദ്ദേഹം ഒരു വേദിയില്‍ കൊണ്ടുവന്നു.
 
ശ്രീ ശ്രീ രവിശങ്കറിന്റ്റെ  അഭ്യര്‍ത്ഥന മാനിച്ച് ആയുധം ഉപേക്ഷിച്ച മുന്‍ തീവ്രവാദിയായ അബ്ദുല്‍ മജീദ് ആ വേദിയില്‍ വെച്ച് പറഞ്ഞു; ‘യുവാക്കള്‍ ആയുധം ഉപേക്ഷിക്കണം. ഞങ്ങള്‍ ഇവിടെ എത്തിയത് ശ്രീ ശ്രീ രവിശങ്കറിന്റ്റെ  സമാധാന ശ്രമങ്ങള്‍ കണ്ടിട്ടാണ്. അദ്ദേഹത്തിന്റ്റെ  ഇടപെടലുകള്‍ സമൂഹത്തില്‍ ശാന്തി പടര്‍ത്തും.”
 
മുസ്ലിം സമുദായ നേതാക്കള്‍ അദ്ദേഹത്തെ ബാംഗ്ലൂരില്‍ വന്ന് കണ്ട് സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഒരു മത രാഷ്ട്രീയ അജണ്ട കൊണ്ടോ അദ്ദേഹം അവര്‍ക്ക് തോട്ടുകൂടാത്തവനോ ആയിട്ടല്ല. മറിച്ച് സമൂഹത്തില്‍ ശാന്തി ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റ്റെ  ആവശ്യമുണ്ടെന്ന വിശ്വാസം ഉണ്ടായത് കൊണ്ടാണ്.
 
കൊളംബിയ,കശ്മീർ  തുടങ്ങി ലോകത്തിന്റ്റെ  വിവിധ ഭാഗങ്ങളിൽ  അദ്ദേഹം നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് മതപരമോ, രാഷ്ട്രീയപരമോ ആയ എന്ത് സ്വാര്‍ത്ഥ താല്പര്യമാണ് ഉള്ളത്? അതേ ശ്രമങ്ങള്‍ തന്നെയാണ് അദ്ദേഹം അയോധ്യയിലും നടത്തുന്നത്. അതിന് ജാതിയുടെയും രാഷ്ട്രീയത്തിന്റ്റെയും   നിറം നല്‍കുന്നത് ആ പ്രശ്നം പരിഹരിക്കപ്പെടാതെ നീറി നില്‍ക്കണം എന്ന താല്പര്യമുള്ളവര്‍ തന്നെയാണ്.'ബിജെപിയുടെ കൈയൊപ്പ്' എന്ന വിശേഷണം തന്നെ ഈ സമാധാന ശ്രമങ്ങളെ രാഷ്ട്രീയവത്കരിക്കുവാനുള്ള ശ്രമത്തിന്റ്റെ  ഭാഗമാണ്.
 
അയോധ്യ പ്രശ്‌നത്തില്‍  ശ്രീ ശ്രീ പത്ത് വര്‍ഷം മുന്‍പും ഇടപെട്ടിരുന്നു. അന്ന് ബിജെപിയോ സംഘപരിവാറോ അല്ല രാജ്യം ഭരിച്ചിരുന്നത് . അന്നും അദ്ദേഹം സ്വന്തം നിലയില്‍ ആരുടേയും അഭ്യര്‍ത്ഥന കൂടാതെ തന്നെയാണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഇടപെടുന്ന ഉടന്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ മൂഡന്മാരാണ്.രൂക്ഷമായ തര്‍ക്കങ്ങള്‍ സമയമെടുത്തെ പരിഹരിക്കാനാവൂ. അന്‍പതു വര്‍ഷങ്ങളെടുത്തൂ  കൊളംബിയയില്‍ സമാധാനം കൊണ്ടുവരാന്‍. പരാജയപ്പെടുന്നിടത്ത് വീണ്ടും ശ്രമിച്ച് വിജയം കണ്ടെത്തുക എന്നതാണ് പരിശ്രമികള്‍ ചെയ്യുന്നത്.ശ്രീ ശ്രീ രവിശങ്കറും   തന്റ്റെ  ശ്രമങ്ങള്‍ തുടരുകയാണ്...
 
രാജ്യത്തിന്റ്റെ  അഭ്യന്തര മന്ത്രിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയേയും അദ്ദേഹം കണ്ടതില്‍ എന്ത് രാഷ്ട്രീയ അജണ്ടയാണ് ഉള്ളത്? അദ്ദേഹം കണ്ടത് ഈ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടേണ്ട ആളുകളെയാണ്. അത് രാജ്നാഥ് സിംഗ് ആണോ യോഗിയാണോ എന്നത് ഒരു വിഷയമേയല്ല.അവരുടെ മതമെന്തെന്നും രാഷ്ട്രീയമെന്തെന്നും വിഷയമേയല്ല. അവരുടെ സ്ഥാനത്ത് രാഹുല്‍ ഗാന്ധി ആയാലും കേജ്രിവാള്‍ ആയാലും സിതാറാം യെച്ചുരി ആയാലും പ്രകാശ് കാരാട്ട് ആയാലും അദ്ദേഹം കണ്ടിരിക്കും.പ്രശ്നപരിഹാരമാണ് ലക്ഷ്യം.അതിന് മതത്തിന്റ്റെയും   രാഷ്ട്രീയത്തിന്റ്റെയും പിന്തുണ കൂടിയേ തീരൂ.
 
1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്തിനുശേഷം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി. ശ്രീ ശ്രീ രവിശങ്കറിന്റ്റെ  സമാധാന ശ്രമങ്ങളെ കുറ്റം പറയുന്നവര്‍ക്കെല്ലാം ആവശ്യത്തിന് സമയമുണ്ടായിരുന്നു. സുപ്രീം കോടതിവരെ മധ്യസ്ഥ ഇടപെടല്‍ നിര്‍ദേശിച്ച പ്രശ്നത്തില്‍ ഇടപെട്ട് സമാധാനം സ്ഥാപിക്കാൻ എന്തുകൊണ്ട് ആര്‍ക്കും സാധിച്ചില്ല? വിമര്‍ശനങ്ങളെ ഭയന്ന് ഇടപെടലില്‍ നിന്നും പിന്മാറിയില്ല എന്നതാണോ ശ്രീ ശ്രീ രവിശങ്കറിന്റ്റെ  കുറ്റം?
 
‘കോടീശ്വരനായ വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്വാമി’ എന്ന വിശേഷണം ശ്രീ ശ്രീ രവിശങ്കറിന് നല്‍കുന്നവരുണ്ട്. ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്. കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷങ്ങളായി അതിവിടെ പ്രവര്‍ത്തിക്കുന്നു.
 
ഇടതുപക്ഷം പിന്തുണ നല്‍കിയ യു പി എ സര്‍ക്കാരിന്റ്റെ  കാലത്തും ഈ പ്രസ്ഥാനം ഇവിടെ നിലനിന്നിരുന്നു. ഭാരതത്തില്‍ മുന്നൂറ്റി മുപ്പത്തഞ്ച് സൗജന്യ സ്‌കൂളുകളിലൂടെ അന്‍പത്തി എണ്ണായിരം കുട്ടികള്‍ക്ക് 'കോടീശ്വരൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന   ഈ വ്യക്തി  സൗജന്യവിദ്യാഭ്യാസംനല്‍കുന്നുണ്ട്. ഇതില്‍ ഒരു സ്‌കൂള്‍ നമ്മുടെ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആദിവാസികള്‍ക്കിടയിൽ  പ്രവര്‍ത്തിക്കുന്നു. പണം സമൂഹനന്മക്കായി ചെലവഴിക്കുന്ന, ഇതിന് തുല്യം വെക്കാന്‍ മറ്റൊരു സംഘടനയെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ കാണിച്ചു തരാന്‍ സാധിക്കുമോ?
 
മതത്തിന്റ്റെയും രാഷ്ട്രീയത്തിന്റ്റെയും നിറം ചാര്‍ത്തി ശ്രീ ശ്രീ രവിശങ്കറിന്റ്റെ  ഇടപെടലുകളെ ഇല്ലാതാക്കുവാനുള്ള ശ്രമം വിലപ്പോകില്ല. ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ട എന്നാഗ്രഹിക്കുന്നവരെ ജനം തിരിച്ചറിയും. ശ്രീ ശ്രീ യുടെ  ശ്രമഫലമായി ഒരു പരിഹാരമാര്‍ഗ്ഗം ഇരുകക്ഷികളും ഒരുമിച്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനം കോടതി എടുക്കേണ്ടതാണ്. ഇത് വിജയിച്ചില്ല എങ്കില്‍ അടുത്ത ശ്രമം തുടരും. ആ ശ്രമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.
 
അദ്ദേഹം അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല. സ്വയം ഇറങ്ങിയതാണ്. സാമൂഹ്യ പരിവര്‍ത്തനങ്ങളും വിപ്ലവങ്ങളും ഉദയം കൊള്ളുന്നത് ഒരു ദിവസം കൊണ്ടല്ല.
നമുക്ക് കാത്തിരുന്ന് കാണാം.
 
(ആര്‍ട്ട് ഓഫ് ലിവിംഗ് കേരള മീഡിയ ചെയര്‍മാനാണ് ലേഖകന്‍)