Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

സീമന്തരേഖയിൽ കുങ്കുമം ചാർത്തുമ്പോൾ...

സീമന്തരേഖയിൽ  കുങ്കുമം ചാർത്തുമ്പോൾ...

ഭാരതത്തിലെ ഭർതൃമതികളായ ഏതാണ്ടെല്ലാ ഹിന്ദുവനിതകളും  സീമന്തരേഖയിൽ കുങ്കുമം ചാർത്താറുണ്ട്. ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ ഇതുപകരിക്കുന്നു.ഭാരതസ്ത്രീകൾക്കിടയിലെ  ഈ ആചാരത്തിനു പിന്നിലെ താന്ത്രിക രഹസ്യങ്ങളറിയുക കൗതുകകരമാകും.
 
താന്ത്രികമതമനുസരിച്ച് ഭ്രൂമധ്യത്തിലെ ആജ്ഞാചക്രത്തിൽ  നിന്ന് ശിരോമധ്യം  വരെ നീളുന്ന സാങ്കല്‍പ്പിക രേഖയാണ് സീമന്തരേഖ.   ആജ്ഞാചക്രത്തിൽ  നിന്ന് മുകളിലേക്ക് പന്ത്രണ്ട് സ്ഥാനങ്ങളുള്ളതായാണ് താന്ത്രികരുടെ വിശ്വാസം.  ശിരോമധ്യത്തിലെ    അവസാന സ്ഥാനമാണ് സീമന്തം.സീമന്തരേഖയെന്നാല്‍ പരിധി അവസാനിക്കുന്നിടം എന്നാണർത്ഥം. 
 
വിവാഹിതയാവുന്ന സ്ത്രീ ഒരു പുരുഷന്‍റെ സഹായത്തെയാണ് തേടുന്നത്.  അവൾ പരമാത്മാവില്‍ അഭയം തേടുന്നില്ല. അതിനാല്‍, സീമന്തരേഖയെ സിന്ദൂരം കൊണ്ട് മറയ്ക്കുന്നു. ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭര്‍തൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായി കണക്കാക്കപ്പെടുന്നു.
 
വിവാഹിതയായ സ്ത്രീകള്‍ നെറ്റിയില്‍ മുടിയോടു ചേര്‍ത്താണ് സിന്ദൂരം ചാർത്തുന്നത്.പണ്ടൊക്കെ  നെറ്റിയില്‍ നിന്നു പകുത്തു കിടക്കുന്ന മുടിയിഴകള്‍ക്കിടയിലൂടെ നീളത്തില്‍ കുങ്കുമം ചാര്‍ത്തുന്നതായിരുന്നു  പതിവ്.   
 
സൃഷ്ടിക്കു തയ്യാറാകുന്ന സ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിയുടെ ആവശ്യകതയെയാണ് ഈ നിറം സൂചിപ്പിക്കുന്നത്‌.
 
കുങ്കുമം ഉണ്ടാക്കുന്നത് മഞ്ഞള്‍ പൊടി, ആലം പൊടി, വെണ്‍കാരപ്പൊടി, കര്‍പ്പൂരപ്പൊടി, ഇവയിൽ നെയ്യും, നാരങ്ങാനീരും   ചേർത്ത്  വിധിപ്രകാരമാണ്.
 
ഇരട്ട സൾഫേറ്റുകളാണ് ആലങ്ങൾ.ബോറോണ്‍ എന്ന മൂലകത്തിന്റ്റെ  സംയുക്തമായ ഒരു തരം വെളുത്ത പൊടിയാണ് വെണ്‍കാരപ്പൊടി.
 
30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി വളരുന്നു. ഇതിന്റ്റെ  തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം(camphor)നിർമ്മിക്കുന്നത്. 
 
കുങ്കുമം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.ഇത് പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച്  
ശരീരത്തിലെ ഊര്‍ജ്ജത്തിന്റ്റെ  അളവ് വര്‍ദ്ധിപ്പിക്കുന്നു.
 
ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റ്റെ  ആരോഗ്യത്തിനുമായി 'സീമന്തം കഴിക്കുന്ന' പതിവ് ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന്റ്റെ  നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയിൽ  മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചുപോയാൽ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്.
കറുത്തപക്ഷവും ചിങ്ങം വൃശ്ചികം രാശികളും സീമന്തത്തിനു വര്‍ജ്ജിക്കേണ്ടതാണ്. അഷ്ടമം ശുദ്ധമായിരിക്കുന്നതാണ് ഉത്തമം. മറ്റുവഴികളില്ല എങ്കില്‍, ചതുര്‍ത്ഥി, ചതുര്‍ദ്ദശി പക്കങ്ങളിലും സീമന്തം നടത്താറുണ്ട്. ചിലര്‍ ചൊവ്വ, ശനി ദിവസങ്ങളിലും സീമന്തം നടത്താം.
 
നാലാം മാസത്തില്‍ സീമന്തം  നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു നന്നല്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്. 
 
 ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി സീമന്തം ആരംഭിക്കുകയും തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം.
 
യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റ്റെ  പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം. ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം.
 
പുരുഷനാല്‍ സംരക്ഷിക്കപ്പെടുന്ന പതിവ്രതയായ പത്നിയാണിവള്‍ എന്നതിന്റ്റെ സൂചനയാണ് സിന്ദൂരധാരണം.  സിന്ദൂരധാരണത്തിന്‍റെ വിലയറിയുന്നവരെങ്കിലും അതു ധരിക്കുന്ന സ്ത്രീകളെ മാനിക്കുകയും, ആദരിക്കുകയും ചെയ്യുമല്ലോ! അതുവഴി  നാം ഒരു വ്യക്തിയെ മാത്രമല്ല ഒരു വലിയ സംസ്കാരത്തെ കൂടിയാണ് ആദരിക്കുന്നത്.