Friday, February 23, 2018
Reg:No 91291/Kermal/2004/18734

കേരളാ മോഡലിന് സാഹിത്യകാരന്മാരും സംഭാവന നൽകി ; മുഖ്യമന്ത്രി

കേരളാ മോഡലിന്  സാഹിത്യകാരന്മാരും  സംഭാവന നൽകി ; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
 
തിരുവനന്തപുരം:കേരളാ  മോഡൽ വികസനം ഉരുത്തിരിയുന്നതിൽ 
പുരോഗമന സാഹിത്യകാരന്മാർ  നിർണ്ണായക സംഭാവന നൽകിയതായി 
മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.ജന്മിത്വത്തിനും 
യാഥാസ്ഥികത്വത്തിനും എതിരെ അവർ നടത്തിയ പോരാട്ടങ്ങളാണ് 
കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതെന്ന്‌  മുഖ്യമന്ത്രി പറഞ്ഞു.
ന്യൂ ഡൽഹി റാസ ഫൗണ്ടേഷന്റ്റെ സഹകരണത്തോടെ  ഭാരത് ഭവനിൽ 
ആരംഭിച്ച കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഉദ്ഘാടനം  ചെയ്തു 
സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഭാഷകളിലെ അക്ഷരങ്ങൾ 
ആലേഖനം ചെയ്ത വിളക്കില്‍ ദീപംതെളിച്ചുകൊണ്ടായിരുന്നു  മൂന്നു 
ദിവസം നീളുന്ന കാവ്യോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തത്.' 
വിദേശീയ വിദ്വേഷത്തിനും  വംശീയതയ്ക്കും എതിരെ കവിത’  
എന്നതാണ് കാവ്യോത്സവത്തിന്റ്റെ  പ്രമേയം.
 
സാഹിത്യത്തിൽ നിന്ന് ദൃശ്യമാധ്യമങ്ങളിലേക്ക് ജനശ്രദ്ധ തിരിഞ്ഞതാണ് 
എഴുത്തുകാർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി.എന്നാല്‍ കവിത 
ഈ പ്രശ്നത്തിനിന്ന് ഏറെക്കുറെ മുക്തമാണ്.യുറോപ്പിലും മറ്റും കവിത 
മരിച്ചുകഴിഞ്ഞുവെന്ന്  ഒരുകാലത്ത് പറയുമായിരുന്നു.എന്നാൽ ഇന്ന് 
കവിത കൂടുതൽ പേരെ ആകർഷിച്ചുകൊണ്ട്,തിരിച്ചു വരവ് 
നടത്തികൊണ്ടിരിക്കുകയാണ്.    
 
ഔദ്യോഗികമായ അംഗീകാരമില്ലാത്ത 
ഇടക്കാലത്ത്  മലയാളത്തിലും കവിതയ്ക്ക് തിരിച്ചടി നേരിടേണ്ടി 
വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ജനഹൃദയങ്ങളിൽ എഴുത്തച്ഛനും  
വൈലോപ്പിള്ളിയ്ക്കും വള്ളത്തോളിനുമൊക്കെ  പുനഃപ്രതിഷ്‌ഠ 
ലഭിച്ചുകൊണ്ടിരിക്കുകയാണ്.പുതു കവികൾക്കും ജനങ്ങൾക്കിടയിൽ 
അംഗീകാരമുണ്ട്.അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന ഭരണകൂടം 
നിലനില്‍ക്കുന്ന ഇന്ത്യയിൽ മാനുഷികതയുടെയും മതേതര 
മൂല്യങ്ങളുടെയും ഉദ്ഘോഷണമായ കവിതയ്ക്ക് മുമ്പെന്നത്തേക്കാള്‍ 
പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
കവിതയ്ക്ക്ഇന്ന്സ്ഥാനവുംശ്രദ്ധയുംനഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു 
പ്രശസ്ത കവി അശോക്‌ ബാജ്പേയ് അഭിപ്രായപ്പെട്ടു.
സര്‍ഗാത്മകത, സ്ഥൈരം, ആത്മാഭിമാനം ഇവയുടെ സമ്മേളനമാണ്‌ ഓരോ 
കവിതയും.എന്നാല്‍ ഇന്ന് കവികള്‍ സംശയാലുക്കളായി 
മാറിക്കൊണ്ടിരിക്കുകയാണ്.സന്ദേഹത്തില്‍ നിന്നാണ്  കൂടുതല്‍ 
കവിതകളും ഉണ്ടാകുന്നത്.ആത്യന്തിക സത്യത്തില്‍ വിശ്വസിക്കുന്നവരല്ല  
കവികള്‍.എന്നാല്‍, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന ഇക്കാലത്ത് 
സത്യം വിളിച്ചോതാന്‍ കവികള്‍ മാത്രമാണ് ഉള്ളത്.
 
ജീവിതം ഭാഷയെ 
ആളിക്കത്തിക്കുമ്പോഴാണ് കവിത ഉണ്ടാകുന്നത്.എന്നാല്‍ ഭാഷ 
ജീവിതത്തെ ആളിക്കത്തിക്കുമ്പോഴും  കവിത ഉണ്ടാകാം.കവിതയാണ് 
ജീവിതത്തെ എന്നും ഒരാഘോഷമാക്കുന്നത്.ജീവിതം കവിതയേയും 
ആഘോഷമാക്കാറുണ്ട്.പല ചലനങ്ങളും കേരളത്തില്‍ മാത്രം സംഭാവിക്കുന്നവയാണെന്ന് 
തോന്നിയിട്ടുണ്ട്.നൂതനാശയങ്ങളും സര്‍ഗ്ഗാത്മക ശക്തിയും പ്രകടമാകുന്ന 
ബിനാല പോലുള്ള സംരംഭങ്ങള്‍  ഭാരതത്തില്‍ കേരളത്തില്‍ 
മാത്രമാണുള്ളത്,അശോക്‌ ബാജ്പേയ് ചൂണ്ടിക്കാട്ടി.
 
ഭരണകൂട ഭീകരത പിടിമുറുക്കിക്കൊണ്ടിരിക്കുന്നകാലത്ത് ഗദ്യത്തെക്കാള്‍ 
കവിതയിലെ പ്രതിഷേധത്തിനാണ് കരുത്തെന്ന് പ്രഭാവര്‍മ്മ  
അഭിപ്രായപ്പെട്ടു.സഞ്ചാര സ്വാതന്ത്രത്തെപോലും തടയുന്ന കാലത്താണ് 
നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയില്‍ മാത്രമല്ല ബര്‍മ്മ ,ആഫ്രിക്ക,തുടങ്ങിയ രാജ്യങ്ങളിലും  
വിദേശീയ വിദ്വേഷം വളര്‍ത്തുവാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുണ്ട്. 
മനുഷ്യന്റ്റെ എകീകരണത്തിനായി കവികളുടെ ശബ്ദമാണ് ഇന്ന് ആഗോള 
തലത്തില്‍ കൂടുതലും മുഴങ്ങുന്നത്.പല ഭാഷകളില്‍ എഴുതുന്നുവെങ്കിലും 
ലോക കവിതയുടെ ആവേഗം ഒന്നുതന്നെയാണ്.എന്നാല്‍ 
വിവര്‍ത്തനത്തില്‍ കവിതയുടെ മൂല്യം പലപ്പോഴും നഷ്ടപ്പെടുന്നതായി 
പ്രഭാവര്‍മ്മ ചൂണ്ടിക്കാട്ടി.
 
 തുടര്‍ന്ന്,അടോള്‍ ബെഹ്രമോഗു(ടര്‍ക്കി),ഡോറിസ് 
കരേവ(എസ്തോണിയ),ബാസ് ക്വാക്മാന്‍ (നെതര്‍ലാന്റ്റ്സ്) എന്നിവര്‍ 
കവിത അവതരിപ്പിച്ചു.മലയാളത്തിലും ഇംഗ്ലീഷിലും പരിഭാഷകള്‍ 
വായിച്ചു.രതി സക്സേന,പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.