Thursday, December 14, 2017
Reg:No 91291/Kermal/2004/18734

നിര്‍മല്‍ ചിട്ടിഫണ്ട് :നിര്‍മ്മലന്റെ ചോദ്യംചെയ്യല്‍ നടപടികള്‍ തുടരുന്നു.

നിര്‍മല്‍ ചിട്ടിഫണ്ട് :നിര്‍മ്മലന്റെ ചോദ്യംചെയ്യല്‍ നടപടികള്‍ തുടരുന്നു.

തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പളുകലില്‍ ചിട്ടിക്കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബാങ്കുടമ നിര്‍മ്മലന്റെ ചോദ്യംചെയ്യല്‍ നടപടികള്‍ തുടരുന്നു. പണം വസ്തുക്കളിലാണ് നിക്ഷേപിച്ചിരുന്നതെന്നും വസ്തു ഇടപാടുകള്‍ നടക്കാതെ വന്നതോടെ പ്രതിസന്ധിയിലായെന്നും നിര്‍മ്മലന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. മാത്രമല്ല കണ്ണുമാമൂട് ജംഗ്ഷനില്‍ വച്ച് തന്റെ ഷര്‍ട്ടിന് നിക്ഷേപകന്‍ കുത്തിപ്പിടിച്ചുവെന്നും, ഇതേ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടാകുമെന്ന ഭീതിയും മുങ്ങലിലേക്കു എത്തിച്ചുവെന്നു അദ്ദേഹം പറഞ്ഞു.
മുങ്ങിയ ശേഷം മധുര കോടതിയില്‍ കീഴടങ്ങിയ നിര്‍മ്മലനെ തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. വെളളിയാഴ്ച രാത്രി നാഗര്‍കോവിലിലുളള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. 
ചൊവ്വാഴ്ച (21 )വരെയാണ് കോടതി കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.  ഇപ്പോള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി പാല്‍ദുരൈയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കുറ്റാന്വേഷണ വിഭാഗം എസ്പി രമ്യാഭാരതി നിര്‍മലനെ ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ച(21) എത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു .   സ്ഥാപനം തകരുവാനുണ്ടായ കാരണങ്ങളും അതിനോടനുബന്ധിച്ച് നിര്‍മ്മലന്‍ മുങ്ങാനുണ്ടായ സാഹചര്യവുമാണ് ചോദിച്ചു മനസിലാക്കുന്നത്. നോട്ടുനിരോധനനത്തെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതും ബാങ്കില്‍ നിക്ഷേപം കുറഞ്ഞതും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് നിര്‍മലന്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.   അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും നിര്‍മ്മലന്‍ സഹകരിക്കുന്നുണ്ട്. നിര്‍മ്മലന്റെ പേരിലുളള അന്വേഷണ സംഘം കണ്ടെത്തിയ ഭൂമികള്‍ തന്നെയാണ് നിര്‍മ്മലന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ബേനാമി പേരുകളിലുളള നിക്ഷേപങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘം കണ്ടെത്തിയ ബേനാമി ഭൂമികളില്‍ ചെലവിന്റെ വിവരങ്ങള്‍ മാത്രമാണ് നിര്‍മ്മലന്‍ സമ്മതിച്ചിട്ടുളളത്. ബിനാമി ഭൂമികളുടെ കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മലനില്‍ നിന്ന് ഇനിയും ലഭിക്കാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു . സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മ്മലനെ പളുകലില്‍ എത്തിച്ച് തെളിവെടുക്കുവാനുളള സാദ്ധ്യയില്ല. ജനരോക്ഷം ഭയന്ന് അന്വേഷണ സംഘം തെളിവെടുപ്പ് ഉപേക്ഷിക്കുവാനുളള ചര്‍ച്ച ഉന്നത ഉദ്യോഗസ്ഥരുമായി നടത്തി വരുകയാണ് .