Thursday, December 14, 2017
Reg:No 91291/Kermal/2004/18734

സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെ എംഡിയായി നിയമിച്ചതിന്റെ രേഖകള്‍ സെക്രട്ടിയേറ്റിലില്ല ,വ്യാജ രേഖനിർമ്മിച്ചു..?

സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെ എംഡിയായി നിയമിച്ചതിന്റെ രേഖകള്‍ സെക്രട്ടിയേറ്റിലില്ല ,വ്യാജ രേഖനിർമ്മിച്ചു..?

തിരുവനന്തപുരം: നിരവധി വിജിലന്‍സ് കേസില്‍ പ്രതിയായ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെ എംഡിയായി നിയമിച്ചതിന്റെ രേഖയും തീര്‍പ്പ് ഫയലും ഇല്ലെന്ന് സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍. യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സിഡ്‌കോ എംഡിയായി തനിക്ക് സ്ഥിരം നിയമനം നല്‍കിയിരുന്നെന്നുകാട്ടി സജി ബഷീര്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെ ഒരുനിയമനം നടത്തിയതിന്റെ ഒരു രേഖയും ഫയലും ഇല്ലെന്നാണ് അധികൃതര്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചിരിക്കുന്നത്. ഇതോടെ സജി ബഷീര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത ചോദ്യംചെയ്യപ്പെടുകയാണ്.
മേനംകുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ കോടികളുടെ മണല്‍കടത്തടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സജി ബഷീര്‍. ഇയാളെ സിഡ്‌കോ എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ല. അതോടെ നടപടിയെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് സിഡ്‌കോയില്‍നിന്ന് സജി ബഷീറിനെ കെഎസ്‌ഐഇയിലേക്ക് മാറ്റി തടിയൂരി. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ അവിടെനിന്ന് മാറ്റി. ഇതോടെയാണ് തന്റെ എംഡി നിയമനം സ്ഥിരം നിയമനമാണെന്നുകാട്ടി സജി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, എംഡി നിയമനം സ്ഥിരംനിയമനമെന്നത് വിചിത്രമാണ്. മന്ത്രിസഭയുടെയും ധനവകുപ്പിന്റെയും അനുമതിയില്ലാതെ  ഇങ്ങനെയൊരു നിയമനം നടത്താനാകില്ല. അതിന്റെ രേഖകള്‍ ആവശ്യപ്പെട്ടാണ് വിവരാവകാശപ്രകാരം ചാല സ്വദേശി എസ് ദിലീപ് അപേക്ഷ നല്‍കിയത്. ഇതിനുള്ള മറുപടിയായാണ് ഉത്തരവിന്റെ തീര്‍പ്പുഫയല്‍ കണ്ടെത്താനായിട്ടില്ലെന്ന് മറുപടി നല്‍കിയത്.