Thursday, December 14, 2017
Reg:No 91291/Kermal/2004/18734

താഴ്ന്ന വരുമാനക്കാർക്കു മാത്രമല്ല നിങ്ങള്‍ക്കും വീടു പണിയാം സര്‍ക്കാര്‍ സഹായത്തോടെ

താഴ്ന്ന വരുമാനക്കാർക്കു മാത്രമല്ല നിങ്ങള്‍ക്കും വീടു പണിയാം സര്‍ക്കാര്‍ സഹായത്തോടെ

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ അതിനു കഴിയാത്തവര്‍ ധാരാളമുണ്ട്.  അഗതികൾക്കും നിരാലംബർക്കും മാത്രമല്ല, കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാർക്കും ലക്ഷങ്ങൾ സബ്സിഡി നൽകുന്ന കേന്ദ്ര–സംസ്ഥാന പദ്ധതികൾ നിലവിലുണ്ട്. എന്നാല്‍ ആരും അറിയാറില്ലെന്ന് മാത്രം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി ഭവന പദ്ധതികളാണ് നടപ്പാക്കുന്നത്. അനുയോജ്യമായതു കണ്ടെത്തി നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
 
വിവിധ സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഗ്രാമീണ മേഖലയിലെ വരുമാനത്തിൽ താഴ്ന്ന ശ്രേണിയിലുള്ളവർക്കും, പട്ടികവർഗ്ഗ, പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കും വീട് നിർമ്മിയ്ക്കുന്നതിനും, അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ധനസഹായം ഈ പദ്ധതി വഴി നല്‍കുന്നു. 2022 ൽ ഇന്ത്യയിലെ 132 കോടി ജനങ്ങളിൽ ഓരോരുത്തരും സ്വന്തം വീടുള്ളവരായിരിക്കും എന്ന അതിബൃഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കേന്ദ്രസർക്കാർ ഇപ്പോള്‍ ഒരുങ്ങുന്നത്.
 
അതേ സമയം അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ സ്വന്തമായി വീടില്ലാത്ത ഒരാൾ പോലുമുണ്ടാകരുത് എന്ന ലക്ഷ്യമാണ് കേരള സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിനായി ലൈഫ് മിഷൻ എന്ന പേരിൽ സമഗ്ര പദ്ധതി ആവിഷ്കരിച്ച് ഊർജിതമായി നടപ്പാക്കി വരുന്നു. വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങി പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്നതാണ് പദ്ധതി.
 
ഇതുപോലുള്ള പദ്ധതികളില്‍ താഴ്ന്ന വരുമാനക്കാർക്കു മാത്രമാണ് സർക്കാർ സബ്സിഡിയെന്ന ധാരണ ഇനി വേണ്ട. സർക്കാർ ഉദ്യോഗസ്ഥർക്കു കിട്ടില്ല എന്ന മുൻവിധിയും മാറ്റുക. ഇനി വീടു പണിയുന്നവർക്കു മാത്രമല്ല, രണ്ടു വർഷം മുൻപു വരെ പണിതവർക്കും അവസരമുണ്ടെന്നു മനസ്സിലാക്കുക. കുറഞ്ഞ വരുമാനക്കാർക്ക് നാലു ലക്ഷം രൂപ വരെ അനുവദിക്കുന്നവ മുതൽ ഇടത്തരക്കാർക്കു ഭവനവായ്പയിൽ പലിശ സബ്സിഡിയായി 2.67 ലക്ഷം രൂപ വരെ അനുവദിക്കുന്ന വ്യത്യസ്ത പദ്ധതികളുണ്ട്.
 
വീടില്ലാത്തവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച പദ്ധതികളാണ് ഇവയൊക്കെ. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒപ്പം നിൽക്കുന്ന ഈ സുവർണാവസരം പരമാവധി വിനിയോഗിക്കാന്‍ ശ്രമിക്കുക.