Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ദീപാവലി: ജ്ഞാനപ്രകാശത്തിന്റെ ആഘോഷം ; ശ്രീ ശ്രീ രവിശങ്കർ

ദീപാവലി: ജ്ഞാനപ്രകാശത്തിന്റെ ആഘോഷം ; ശ്രീ ശ്രീ രവിശങ്കർ

തിന്മയ്ക്കുമേൽ നന്മയുടെയും ഇരുളിനുമേൽ പ്രകാശത്തിന്റെയും അജ്ഞാനത്തിനുമേൽ ജ്ഞാനത്തിന്റെയും  വിജയപ്രഘോഷണമാണ്  ദീപാവലി. വടക്കേ ഇന്ത്യയിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം കാർത്തികമാസത്തിന്റ്റെ പതിനഞ്ചാം നാളിലാണ് വരുന്നത്.  
 
ദീപാവലിയുടെ ആദ്യ രണ്ടു ദിനങ്ങൾ ധൻതേരസ് എന്നും ചോതി എന്നുമാണ് വടക്കേ ഇന്ത്യയിൽ  അറിയപ്പെടുന്നത്.വീടുകളിൽ ലക്ഷ്മീപൂജ നടക്കുന്ന മൂന്നാം നാളാണ് പ്രധാനപ്പെട്ട ദീപാവലി ദിവസം.അമാവാസിയുടെ ഇരുണ്ട രാത്രിയിലാണ് ലക്ഷ്മീപൂജ നടക്കുന്നത്.അമാവാസി കഴിഞ്ഞു വരുന്ന നാലാം നാൾ 'കാർത്തിക് ശുദ്ധ പദ്വാ' എന്നറിയപ്പെടുന്നു. അഞ്ചാംനാൾ 'ഭായി ദുജ് 'എന്ന പേരിലാണ്  ആഘോഷിക്കപ്പെടുന്നത്.
 
 പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും ദീപങ്ങൾ തെളിയിച്ചും പൂജ നടത്തിയുമാണ്  ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഈ ലോകത്തിന്റെ സൗന്ദര്യം നാം തിരിച്ചറിയുകയും  അനുഭവിക്കുകയും ചെയ്യുന്നത് പ്രകാശത്തിലൂടെയാണ്. ദീപാവലിദിനം നാം ദീപവിതാനങ്ങൾ ഒരുക്കുന്നത് വീട് അലങ്കരിക്കുവാൻ മാത്രമല്ല. ജീവിതത്തെ സംബന്ധിച്ച ഒരഗാധ സത്യവും അത് വിളിച്ചോതുന്നുണ്ട്.
 
അജ്ഞതയുടെ പ്രതീകമാണ് ഇരുട്ട്.പ്രകാശം ഇരുട്ടിനെ അകറ്റുന്നു. ഉള്ളിലെ ഇരുട്ട് ജ്ഞാനത്തിന്റെ പ്രകാശത്താൽ അകലുമ്പോൾ തിന്മയ്ക്കു മേൽ നന്മ വിജയം നേടുന്നു. ഇരുളിനെയും നിഷേധവികാരങ്ങളായ സ്വാർഥത,അത്യാർത്തി,ഭയം,അക്രമണോൽസുകത,അനീതി,ക്രുരത എന്നിവയെയും ജ്ഞാനത്താൽ ഉന്മൂലനം ചെയ്യുന്നതിന്റെ പ്രതീകമാണ് കൊളുത്തിവെച്ച മൺചിരാതുകൾ.
 
'ദീപങ്ങളുടെ നിര' എന്നർത്ഥം വരുന്ന ദീപാവലി നാം ഒരു ജന്മം കൊണ്ടാർജിച്ച ജ്ഞാനത്തിന്മേൽ  ചൊരിയുന്ന പ്രകാശമാണ്. അജ്ഞതയ്ക്കു മേലുള്ള സ്നേഹത്തിന്റെയും സത്യത്തിന്റെയും വിജയാഘോഷമാണത്. നരകാസുരനെ  ശ്രീകൃഷ്ണന്റെ  പത്‌നിയായ സത്യഭാമ വധിച്ചുവെന്ന ഐതീഹ്യം ഈ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. 
 
നരകത്തിന്റെ അസുരനാണ് നരകാസുരൻ. ഒരു സ്ത്രീയ്‌ക്കു മാത്രമേ  തന്നെ വധിക്കാനാകൂ എന്ന് നരകാസുരൻ വരം നേടിയിരുന്നു.എന്തുകൊണ്ട് സത്യഭാമയ്ക്കു  മാത്രമേ നരകാസുരനെ  വധിക്കാനാകൂ എന്ന്  ചിന്തിച്ചിട്ടുണ്ടോ? ഭാമ എന്നാൽ പ്രിയതമ എന്നാണർത്ഥം.സത്യത്തിന്റെ പ്രിയതമയാണ് സത്യഭാമ. നരകത്തെ അഥവാ തിന്മയെ സ്നേഹം കൊണ്ടും ശരണാഗതി കൊണ്ടും മാത്രമേ ഉന്മൂലനം ചെയ്യാനാകൂ.സ്നേഹം,ശാന്തി, ശരണാഗതി എന്നിവ സ്ത്രീയുടെ ജന്മഗുണങ്ങളാണ്. അതിനാൽതന്നെ യഥാർഥ പ്രിയതമയായ  സത്യഭാമയ്ക്കേ  ഇരുളിന്റെ പ്രതീകമായ നരകത്തെ നശിപ്പിച്ച് അവിടെ പ്രകാശം വിരിയിക്കാനാകൂ...
 
തന്റെ മരണത്തെ,ഇരുളിന്റെ നാശത്തെ,ഓരോ ഭവനവും ദീപനാളങ്ങൾ കൊളുത്തി അനുസ്മരിക്കണമെന്നായിരുന്നു നരകാസുരന്റെ അന്ത്യാഭിലാഷം.അങ്ങിനെ,ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശം പിറന്നതിന്റ്റെ ആഘോഷമായി ദീപാവലി മാറുന്നു.
 
അസുരചക്രവർത്തിയായ രാവണനെ വധിച്ചശേഷം തന്റെ സാമ്രാജ്യമായ അയോധ്യയിലേക്കു ശ്രീരാമൻ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഒരൈതീഹ്യമുണ്ട്.അയോദ്ധ്യ എന്നാൽ നശിപ്പിക്കാനാകാത്തത് എന്നാണർത്ഥം;അതായതു ജീവിതം.രാമൻ എന്നാൽ ആത്മാവ്. ആത്മാവ്‌ ജീവിതത്തെ നിയന്ത്രിക്കുമ്പോൾ ജ്ഞാനം പ്രകാശവത്താകുന്നു.എവിടെയും ജീവചൈതന്യം നിറയുന്നു.ആത്മാവ് ജീവിതത്തെ തോട്ടുണർത്തുമ്പോൾ 'ദീപാവലി' സംഭവിക്കുന്നു..
 
ദീപാവലിയെക്കുറിച്ച് ഐതീഹ്യങ്ങൾ പലതുണ്ടെങ്കിലും ഓരോ  ഹൃദയത്തിലും  ജ്ഞാനത്തിന്റെ പ്രകാശം  ചൊരിയുകയും ഓരോ വദനത്തിലും സ്നേഹത്തിന്റെ പുഞ്ചിരി വിരിയിക്കുകയുമാണ് ഈ ആഘോഷത്തിന്റെ ലക്‌ഷ്യം.
 
ജീവിതത്തിൽ പല ഘട്ടങ്ങളും അവസ്ഥകളും ഉണ്ടാകാം.അവയിലെല്ലാം  നാം ജ്ഞാനത്തിന്റെ പ്രകാശം ചൊരി ഞ്ഞാലേ  ജീവിതം സാർത്ഥകമാകൂ.ഇരുളടഞ്ഞ ഘട്ടങ്ങളും ജീവിതത്തിൽ സംഭവിക്കാം.അവയേയും നാം ജ്ഞാനം കൊണ്ട് പ്രകാശവത്താക്കേണ്ടതുണ്ട്. ദീപാവലി ദിവസം നിരനിരയായി ദീപങ്ങൾ തെളിയിക്കുവാൻ കാരണമിതാണ്.ഒരു വീട്ടിൽ ഒരാൾ ദു:ഖിതനാണെങ്കിൽ അവിടെ 'ദീപാവലി' സംഭവിക്കില്ല.വ്യക്തിയെയും സമൂഹത്തെയും ലോകത്തെയാകെയും ഇരുളിൽ നിന്ന് പ്രകാശത്തിലെത്തിക്കണം.എങ്കിൽ മാത്രമേ യഥാർഥ 'ദീപാവലി' സംഭവിക്കൂ.എവിടെയും ജ്ഞാനത്തിന്റെ പ്രകാശം പരക്കണം.അതാണ് യഥാർഥ  'ദീപാവലി'.
 
യഥാർഥമായ  ജ്ഞാനം ഉദയംചെയ്യുമ്പോളാണ് ആഘോഷങ്ങൾ  പൊട്ടിവിടരുന്നത്.എന്നാൽ ആഘോഷങ്ങളിൽ അവബോധരാഹിത്യം ഉണ്ടാകാനിടയുണ്ട്.ഇക്കാര്യം തിരിച്ചറിഞ്ഞതിനാലാണ് നമ്മുടെ 
 ഋഷിമാർ ആഘോഷങ്ങളിൽ പൂജകൾക്കും സ്ഥാനം നൽകിയിരിക്കുന്നത്.പൂജകൾ പൂർണമായ ജഗ്രത സൃഷ്ടിക്കുന്നു.ദീപാവലിയിലും പൂജകൾ ഉൾപ്പെടുത്തിയിരിക്കുന്നു.ദൈവികതയെ ആദരിക്കലാണ്  ഓരോ പൂജയും.ദൈവികത നമുക്കേകിയ ഓരോന്നും നാം പൂജയിൽ തിരികെ അർപ്പിക്കുന്നു. പൂക്കളാലാണ് പൂ ജയിൽ അർച്ചനനടത്തുന്നത്.സ്നേഹത്തിന്റെ പ്രതീകമാണ് പൂക്കൾ.
 
ദീപാവലിയുടെ ആധ്യാത്മിക തലങ്ങൾ നാം ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്.ആഘോഷങ്ങൾക്ക്  ആധ്യാത്മികത പുതിയ മാനം നൽകുന്നു.ആത്മാവിന്റെ നൈസർഗിക ഭാവമാണ് ആഘോഷങ്ങൾ.ആഘോഷിക്കാനുള്ള ഒരവസരവും നാം പാഴാക്കരുത്.
 
( വിവ: ജി.ഹരി നീലഗിരി )