Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ഭൂമിയില്‍ സ്വര്‍ണ്ണത്തിന്‍റെ ഉത്ഭവം എങ്ങനെയുണ്ടായി? രഹസ്യം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്

ഭൂമിയില്‍ സ്വര്‍ണ്ണത്തിന്‍റെ ഉത്ഭവം എങ്ങനെയുണ്ടായി? രഹസ്യം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്

ന്യൂയോര്‍ക്ക്: ഭൂമിയില്‍ സ്വര്‍ണ്ണത്തിന്‍റെ ഉത്ഭവം എങ്ങനെയുണ്ടായി എന്നതിന്‍റെ  രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് ദീര്‍ഘകാലത്തെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത്.
 
സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ പ്രപഞ്ചത്തില്‍ ഉത്ഭവിച്ചത് ഈ കൂട്ടിയിടി കാരണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്വര്‍ണത്തെക്കുറിച്ചുള്ള രഹസ്യം പുറത്തുവന്നത്.
 
ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ ഇത്തരം കൂട്ടിയിടിയില്‍ നിന്നാണ് ലോഹങ്ങളുടെ പകുതിയും ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുകയും ഇത് സ്വര്‍ണം ഉള്‍പ്പെടെയുള്ള  ഘനലോഹങ്ങളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് ലിഗോ ഫിസിസ്റ്റ് പീറ്റര്‍ സോള്‍സണ്‍ പറഞ്ഞു.
 
ലോഹങ്ങളുടെ ഉത്ഭവത്തിനു പുറമെ ഭൗതികശാസ്ത്രത്തിലെ ചുരുളഴിയാത്ത നിരവധി ചോദ്യങ്ങള്‍ക്കും ഈ കണ്ടെത്തലിലൂടെ ഉത്തരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നിന്ന് 13 കോടി പ്രകാശവര്‍ഷം അകലെ നക്ഷത്രസമൂഹത്തിലെ അതിസാന്ദ്രമായ രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടി നിരീക്ഷിച്ചാണ് ലിഗോ ശാസ്ത്രജ്ഞര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
 
ഗുരുത്വാകര്‍ഷണ ഫലമായി തകരുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ഫലമായാണ് ഇത്തരം ന്യൂട്രോണ്‍ നക്ഷത്രങ്ങളുണ്ടാകുന്നത്.