Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മധുരം കിനിയുന്ന പ്രകാശത്തിന്റെ ഉത്സവം...

മധുരം കിനിയുന്ന പ്രകാശത്തിന്റെ ഉത്സവം...

ഇന്ത്യൻ പൈതൃകത്തിലെ പല ഉത്സവങ്ങളിലും നിറപ്പകിട്ടാര്‍ന്ന പ്രകാശത്തിന്‍റെ സാന്നിധ്യം  കാണാം.ഇവിടുത്തെ മുഖ്യ പ്രാര്‍ത്ഥന തന്നെ 'തമസോമാ  ജ്യോതിര്‍ഗമയ' എന്നാണല്ലോ.'ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് വഴി തെളിക്കേണമേ' എന്നാണ് ഈ ഉപനിഷ്സൂക്തത്തിന്‍റെ അര്‍ഥം ദീപാവലി ദിവസം വലിപ്പച്ചെറപ്പമില്ലാതെ ഭാരതത്തിലെ മിക്ക വീടുകള്‍ക്ക് മുന്നിലും പ്രകാശം വര്‍ഷിച്ചു കൊണ്ട് പൂത്തിരികള്‍ വിരിയുമ്പോള്‍ പഴമക്കാരെങ്കിലും ഈ ഉപനിഷദ് മന്ത്രം ഓര്‍ക്കാതിരിക്കില്ല.
 
മഴമേഘങ്ങള്‍ കോരിച്ചൊരിയുന്ന അശ്വിനി മാസത്തിന്റെ അവസാന നാളുകളിലാണ്‌ ഇന്ത്യയിലെങ്ങും ദീപാവലി കൊണ്ടാടുന്നത്.കേരളത്തിലാകട്ടെ തുലാം രണ്ടിനാണ് ഇക്കുറി ദീപാവലി.ഗ്രീഷ്മത്തിന്റെ വെയില്‍ നാളങ്ങളാല്‍ തപിച്ചു കിടക്കുന്ന ഭൂമിയില്‍ ഉത്സവഹർഷം  പകര്‍ന്നുകൊണ്ട് ദീപാവലി ദിവസങ്ങളില്‍ മഴ പെയ്തിറങ്ങുന്നു...
 
ഏതാണ്ട് എല്ലാ വര്‍ഷവും മഴക്കാലത്താണ് ദീപാവലിയും എത്താറ്.മഴയില്‍ കുതിര്‍ന്നു തന്നെയാകും ദീപാവലിയിലെ പൂത്തിരി-പടക്ക പ്രയോഗങ്ങളെല്ലാം.തുലാമാസത്തിലെ അമാവാസി ദിവസമാണ് കേരളത്തില്‍ ദീപാവലി.
 
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഹിന്ദു,ജൈന,സിഖ്,മത വിശ്വാസികള്‍ ഒന്നുപോലെ ആഘോഷിക്കുന്ന ഒരു ദേശീയോത്സവമാണ്‌.മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പോട്ടിച്ചുമാണ് ദീപാവലി കൊണ്ടാടുന്നത്.എന്നാല്‍ കേരളത്തില്‍ പൊതുവേ ദീപാവലി ദിവസം പടക്കം പോട്ടിക്കുന്നതിനാണ് പ്രാധാന്യം.
 
ദീപം (വീളക്ക്),ആവലി (നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്.ഇത് ലോപിച്ച് പിന്നീട് 'ദീവാളി' എന്നായി തീരുകയും ചെയ്തു. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഉത്സവ ദിവസങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും ദീപാലങ്കാരവും പടക്കംപൊട്ടിക്കലും തന്നെ പൊതുവായ ഇനങ്ങള്‍.ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളില്‍ അന്നേ ദിവസം വീടും വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കുകയും വാതില്‍ രംഗോലി ഇടുകയും ചെയ്യുന്നു.വൈകിട്ട് വിളക്ക് വച്ച് ധനലക്ഷ്മീ ദേവിയെ  വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
 
ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യാ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.മനുഷ്യനെ അജ്ഞാനമാകുന്ന അന്ധകാരത്തില്‍ നിന്നും അറിവിന്‍റെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലിയുടെ മഹത്തായ സന്ദേശം.14 വര്‍ഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെയും പരിവാരങ്ങളെയും ജനങ്ങള്‍ നിറദീപങ്ങളോടെയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും വരവേറ്റു എന്നാണ് സങ്കല്പം..
 
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് തെക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്.നരകാസുരനെ വധിച്ച്‌ രാജ്യത്തെ രക്ഷിച്ച ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തിയപ്പോള്‍ ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദ്വാരക വാസികള്‍ ഭഗവാന്‍റെ വിജയം ആഘോഷിച്ചു എന്നാണ് തെക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഐതീഹ്യം.