Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ദീപാവലിയും മഹാകവി ഉള്ളൂരും

ദീപാവലിയും മഹാകവി ഉള്ളൂരും

ദീശീയോല്‍സവമായ ദീപാവലി മലയാളികളും ആഹ്ലാദത്തോടെ  കൊണ്ടാടുന്നു.മലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ അലിഞ്ഞു  ചേര്‍ന്നിട്ടുള്ള ഒരാഘോഷമാണ് ദീപാവലി. അതുകൊണ്ടു തന്നെ 'ദീപാവലി' എന്ന പദം കവിതകള്‍ക്കു വിഷയമാകുകയും 'ദീപാവലി'ആഘോഷത്തെക്കുക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കഥകളിലും മറ്റും കടന്നു  വരുകയും ചെയ്യുന്നു.
 
 മഹാകവി ഉള്ളൂരിന്റ്റെ പ്രസിദ്ധമായ ഒരു ഖണ്ഡകാവ്യമാണ് 'ദീപാവലി' (1935). സന്മാർഗ്ഗപ്രതിപാദകങ്ങളായ അഞ്ഞൂറു ശ്ലോകങ്ങളടങ്ങിയ  ഒരു കൃതിയാണിത്‌. അനുഷ്ടുപ്പ് വൃത്തത്തിലാണ് ഇതിലെ ശ്ലോകങ്ങള്‍ രചിച്ചിട്ടുള്ളത്.സംസ്കൃതസാഹിത്യത്തിലെ സുഭാഷിതപദ്യങ്ങൾ ആദികവിയായ വാല്മീകി മഹർഷിയുടെ കാലം മുതല്ക്കുതന്നെ  അനുഷ്ടുപ്പ്  വൃത്തത്തിലാണ് ഏറെയും രചിക്കപ്പെട്ടിട്ടുള്ളതെന്ന് ഉള്ളൂര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇരുപത്തഞ്ചു വിഷയങ്ങൾ തിരഞ്ഞെടുത്ത് ഓരോ  വിഷയത്തെയും അധികരിച്ച് എഴുതിയവയാണ് 'ദീപാവലി'യിലെ പദ്യങ്ങള്‍.
 
'ദീപാവലി'യുടെ അവതാരികയില്‍ മഹാകവി ഉള്ളൂര്‍ ഇങ്ങിനെ കുറിച്ചിരിക്കുന്നു:
 
'സംസ്കൃതഭാഷ പരിചയമില്ലാത്ത പല  കേരളീയരും ആ മാതിരിയിലുള്ള കുറെ പദ്യങ്ങൾ മലയാളത്തിൽ  സംക്രമിപ്പിക്കുന്നത് അഭിലഷണീയമാണെന്ന് എന്നോടു  പ്രസ്താവിച്ചിട്ടുള്ളതിനെ അനുസ്മരിച്ചാണ് ഞാൻ 'ദീപാവലി'യുടെ  രചനയ്ക്ക് ഒരുമ്പെട്ടത്. ഇവയിൽ ചില പദ്യങ്ങൾ തർജ്ജിമയായും, മറ്റു ചിലവ ആ മാതിരി ആശയങ്ങളിൽ ആധുനികമനഃസ്ഥിതി അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തിയതായും, ഇനിയും ചിലവ സ്വകപോലകല്പിതങ്ങളായും, മറ്റും വായനക്കാർക്ക് കാണാവുന്നതാണ്. ഇത് ഒരു സ്വതന്ത്രകവിതയാകണമെന്ന് എനിക്ക് ഒന്നുകൊണ്ടും ഉദ്ദേശമില്ലാത്തതിനാൽ പൂർവ്വസൂരികളുടെ  ആശയങ്ങൾ സ്വീകരിക്കുന്നതിൽ ഞാൻ അശേഷം വൈമുഖ്യം പ്രദർശിപ്പിച്ചിട്ടില്ല. അധ്യേതാക്കൾക്കു നല്ല ആശയങ്ങളടങ്ങിയ പദ്യങ്ങൾ  വേണമെന്നേ ആഗ്രഹമുണ്ടായിരിക്കൂ എന്നെനിക്കറിയാം; ആ ആഗ്രഹം നിറവേറ്റുവനാനല്ലാതെ ഞാൻ മറ്റൊന്നിനും മുതിർന്നിട്ടില്ലാത്തതുകൊണ്ട് ഈ  കൃതി ആദ്യന്തം സ്വകപോലകല്പിതമാക്കേണ്ട ആവശ്യവുമില്ല.'