Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഉത്തരകൊറിയയുടെ കാര്യത്തില്‍ ചിലതൊക്കെ ചെയ്യേണ്ടതുണ്ട് : ഡൊണാള്‍ഡ് ട്രംപ്

ഉത്തരകൊറിയയുടെ കാര്യത്തില്‍ ചിലതൊക്കെ ചെയ്യേണ്ടതുണ്ട് : ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പ്രകോപനങ്ങള്‍ തുടരുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സൂചന നല്‍കി. എന്തെങ്കിലും ചെയ്യേണ്ട ഘട്ടത്തിലേക്ക് പ്രശ്‌നം വളര്‍ന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ വിഷയത്തില്‍ തനിക്ക് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായ സമീപനവും രീതിയുമാണുള്ളത്. അക്കാര്യത്തില്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ശക്തവും കര്‍ശനവുമായ സ്വഭാവക്കാരനാണ്. പക്ഷെ, എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും-ട്രംപ് വ്യക്തമാക്കി.
 
അവസാനം അമേരിക്കക്കും ലോകത്തിനും ശരിയായത് എന്താണോ അത് ഞാന്‍ ചെയ്യും. കാരണം അതൊരു ആഗോള പ്രശ്‌നമാണ്. അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നതല്ല അതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ കാര്യത്തില്‍ ചിലതൊക്കെ ചെയ്യേണ്ടതുണ്ടെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഉപരോധങ്ങള്‍ ശക്തമാക്കി ഉത്തരകൊറിയയെ അനുരഞ്ജന ചര്‍ച്ചക്ക് നിര്‍ബന്ധിക്കുകയും നയതന്ത്ര പരിഹാരം കാണുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ടെഡ് യോഹോ പറഞ്ഞു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വാക്‌പോരാട്ടം നടത്തുന്ന ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകം ആശങ്കയോടെയാണ് കാണുന്നത്.