Friday, February 23, 2018
Reg:No 91291/Kermal/2004/18734

സോളാറിൽ തട്ടി കെ പി സി സി യുടെ വഞ്ചി ആടിയുലയുന്നു

സോളാറിൽ തട്ടി കെ പി സി സി യുടെ വഞ്ചി ആടിയുലയുന്നു

കോട്ടപ്പുറം 
 
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനുള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകളുടെ പരാതികളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് സരിത എസ്.നായര്‍ പറഞ്ഞു.
ദക്ഷിണ മേഖല ഡിജിപി രാജഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സോളാര്‍ തട്ടിപ്പിലെ പുതിയ കേസുകളും മുന്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചയും പരിശോധിക്കുന്ന. ഐജി ദിനേന്ദ്രകശിപ്പും മൂന്നു ഡിവൈഎസ്പിമാരുമാണ് സംഘത്തിലുള്ളത്. ഉത്തരവ് ലഭിച്ചാലുടന്‍ നടപടി ആരംഭിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാനും പ്രത്യേക വിജിലന്‍സ് സംഘം വരും. സോളാർ  കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പല കേസുകളും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരുകയാണ്. ഈ കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറും. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ യുള്ളവര്‍ക്കെതിരെ സരിത നല്‍കിയ ലൈഗിക ആരോപണ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്. പരാതിയില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.  
മുന്‍ മന്ത്രിമാരായ തിരുവഞ്ചൂറിനും ആര്യാടനെതിരെയും പ്രത്യേകം കേസെടുക്കും. തെളിവുകള്‍ നശിപ്പിച്ചുവെന്ന പരാതിയില്‍ എഡിജിപി പത്മകുമാറിനെതിരെ നിലയില്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ  സ്ഥലമാറ്റി ഉത്തരവിറങ്ങി. പ്രത്യേക സംഘത്തിന്റെ ശുപാര്‍ശ ലഭിച്ചശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടികള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. സോളാര്‍ തട്ടിപ്പില്‍പ്പെടാത്ത മറ്റ് പരാതികളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് സരിത എസ് നായര്‍ പറഞ്ഞു.അതേസമയം രണ്ടുപേര്‍ ഒഴികെ പ്രതിപ്പട്ടികയിലുള്ള പൊതുപ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസില്‍ നിന്നുള്ളവരാകയാല്‍ ഈ കേസിലെ  തുടരന്വേഷണം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ  കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് 
ഏറെ കാത്തിരുന്ന പാര്‍ട്ടി ഗ്രൂപ്പ് തര്‍ക്കത്തിലും കോടതിയില്‍ നിലവിലുള്ള കേസിലും കുരുങ്ങി നീണ്ടുനീണ്ടു പോകുന്ന പുനഃസംഘടന വീണ്ടും അനിശ്ചിതത്തിലായി. സോളാര്‍ കേസുമായി ബന്ധപ്പെട്ടു വ്യവസായി കുരുവിള ബംഗളുരു കോടതിയില്‍ നല്‍കിയ കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ടതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായേക്കും എന്ന സൂചന ബലപ്പെട്ടുവരുന്നതിനിടയിലാണ് ഒരു ഇടിത്തീപോലെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ പീഡനം അടക്കമുള്ള കുറ്റം ചുമത്തപ്പെട്ടു പുനരഃന്വേഷണത്തിന് വിധേയനാകേണ്ട ഗതികേട് വന്നത് . ഈ സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ഉമ്മന്‍ ചാണ്ടിയെ പ്രതീക്ഷിക്കേണ്ടതില്ല. ഉമ്മന്‍ ചാണ്ടി അധ്യക്ഷനാവാന്‍ വിസമ്മതിക്കുന്ന പക്ഷം ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കുമെന്നു കരുതപ്പെട്ടിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നി ബഹനാനും ഇനി ആ കസേര കണ്ടു കൊതിക്കേണ്ടതില്ല.  ഈ അവസരം രമേശ് ചെന്നിത്തലയും കൂട്ടരും പരമാവധി മുതലെടുക്കാന്‍ നോക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അവര്‍ എങ്ങനെ കരുക്കള്‍ നീക്കുമെന്നത് വൈകാതെ കണ്ടറിയാം .
ചെന്നിത്തലയേയും സുധീരനെയും പരോക്ഷമായി ആക്രമിച്ചും ഉമ്മന്‍ ചാണ്ടിയെ സുഖിപ്പിച്ചും ‘എ’ വിഭാഗത്തിന്റെ, പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയ ആളാണ് കെ മുരളീധരന്‍. ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്ന പക്ഷം അദ്ദേഹത്തിന്റെ നോമിനിയായി മുരളീധരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തും എന്ന് കരുതിയരുന്നതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മുരളീധരന്റെ സാധ്യതയും മങ്ങിയിരിക്കുന്നു . തന്നെ തള്ളിപ്പറഞ്ഞ മുരളിധരനെ കെപിസിസി അധ്യക്ഷനാവാന്‍ രമേശ് ചെന്നിത്തല സമ്മതിക്കുമെന്നു കരുതുന്നത്  തികഞ്ഞ മൗഢ്യമാണ്. പി ടി തോമസ്, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് സാധ്യത നിലനിര്‍ത്തുന്നത്. ഇതില്‍ ആര്‍ക്കു നറുക്കുവീഴും എന്ന് കാത്തിരുന്നു കാണാം.അതുപോലെ എം എം ഹസ്സൻ തന്നെ തുടരുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലതെന്നും അഭിപ്രായമുണ്ട്.ഹസ്സനും സ്ഥാനം നിലനിറുത്താൻ ശ്രമം തുടങ്ങി. ഉമ്മന്‍ ചാണ്ടിയുടെ പതനത്തോടെ വീണുകിട്ടിയ അവസരം മുതലാക്കാനാണ് ഹസ്സന്റെയും ആലോചന.എന്നാൽ വീണുകിട്ടിയ  മേല്‍കൈ ഉപയോഗിച്ച് പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള ‘ഐ’ വിഭാഗം നീക്കത്തിന് തടയിടുന്നതിനുവേണ്ടി ഇപ്പോള്‍ താത്കാലിക അധ്യക്ഷ പദവി വഹിക്കുന്ന എം എം ഹസ്സന് പൂര്‍ണ ചുമതല നല്‍കുന്ന കാര്യവും ഹൈ കമാന്‍ഡ് പരിഗണിച്ചുകൂടാതെയില്ല.