Friday, February 23, 2018
Reg:No 91291/Kermal/2004/18734

മരുഭൂമിയിൽ വെള്ളം തേടി പോയവർ...!

മരുഭൂമിയിൽ വെള്ളം തേടി പോയവർ...!

തിരുവനന്തപുരം: 'മരുഭൂമിയിൽ വെള്ളം കണ്ടതുപോലെ' എന്നാണ്  സോളാർ  കമ്മീഷൻ റിപ്പോർട്ടിനെ വിവാദ നായിക സരിത എസ്. നായർ വിശേഷിപ്പിച്ചിരിക്കുന്നത്. സരിതയുടെ നാവിൽ നിന്ന് വീണ ഏറ്റവും ഒടുവിലത്തെ മൊഴിമുത്തായ  ഈ ഉപമ ലൈംഗികാതിപ്രസരം ബാധിച്ച നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രയോഗങ്ങളിൽ ഒന്നത്രേ...
സരിത അഴിച്ചുവിട്ടവിവാദക്കൊടുങ്കാറ്റിലെ  മുഖ്യഇനം ലൈംഗികാരോപണങ്ങളായിരുന്നുവല്ലോ. 
ഉമ്മൻ ചാണ്ടി മന്ത്രിസഭയെ അടിമുടി ഉലച്ച  ലൈംഗികാരോപണക്കാറ്റ് വിന്ധ്യനപ്പുറം തമിഴക രാഷ്ട്രീയ ആസ്‌ഥാനങ്ങളിൽ വരെ എത്തി. കേരളത്തിൽ ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്,  എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ.സുബ്രഹ്മണ്യം എന്നിവരെ വിറപ്പിച്ച് മുന്നേറിയ സരിതക്കാറ്റ് ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ  പളനിമാണിക്യത്തെയും തഴുകാതിരുന്നില്ല.ജോസ്. കെ.മാണിയാണ് കാറ്റിന്റ്റെ രുചിയറിഞ്ഞ കോൺഗ്രസ് ഇതര നേതാവ്.ഐ .ജി കെ പദ്മകുമാറിനെയും ആരോപണകാറ്റ് തഴുകി.
ലൈംഗിക  സംതൃപ്തിയും  അഴിമതിയുടെ പരിധിയിൽ വരുമെന്ന  കമ്മീഷന്റെ നിരീക്ഷണമാണ് റിപ്പോർട്ടിലെ ശ്രദ്ധേയമായ ഇനം. സരിതയുടെ  കത്തില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ബലാത്സംഗ കേസിനൊപ്പം  അഴിമതി നിരോധന നിയമപ്രകാരവും അന്വേഷണം നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിക്കുവാൻ കാരണമതാണ്.ലെെംഗീകാതിക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തായിരിക്കും ഇവര്‍ക്കെതിരെ  ഇനി അന്വേഷണം നടത്തുക.
2016 ഏപ്രിൽ 3 നാണ് സരിത എസ് നായർ  പോലീസ് കസ്റ്റഡിയിൽ വെച്ചെഴുതിയതെന്നു പറയപ്പെടുന്ന കത്ത് പുറത്തുവരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെ പലരും തന്നെ ലൈംഗികമായി  ദുരുപയോഗം ചെയ്‌തെന്നായിരുന്നു  24 പേജുണ്ടായിരുന്ന  കത്തിലെ ആരോപണം.ഒരു സ്വകാര്യ ചാനലായിരുന്നു കത്ത് പുറത്ത് വിട്ടത്. 'മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു'എന്നാരോപിക്കുന്ന കത്ത് തന്റേതുതന്നെയെന്ന് സരിത പിന്നീട് വെളിപ്പെടുത്തി. 'പിതൃതുല്യനായ ഒരാളില്‍ നിന്ന് താനിത് പ്രതീക്ഷിച്ചിരുന്നില്ല'; സരിത പറഞ്ഞു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ വച്ച് ഒന്നിലധികം തവണ അദ്ദേഹം പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നും കത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, സരിതയുടെ ആരോപണം നിഷേധിച്ച് ഉടൻതന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. 'സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.' സരിതയുടെ നീക്കത്തിനു പിന്നില്‍ ഗൂഢശക്തികളാണെന്നും  സോളാര്‍ കമ്മീഷന്റെ സിറ്റിംഗിലൊന്നും സരിത ഈ ആരോപണങ്ങള്‍ ഉന്നയിച്ചില്ലെന്നും  ഉമ്മൻ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.സരിതയ്‌ക്കെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം  അറിയിച്ചു.
2013 ജൂലൈ 19ന് ആണ് സരിത ജയിലില്‍ വച്ച് വിവാദപരമായ കത്തെഴുതിയത്. പെരുമ്പാവൂര്‍ പോലീസില്‍ അഞ്ച് ദിവസം കസ്റഡിയില്‍ കഴിയവേയായിരുന്നു അത്.കത്ത് സോളാര്‍കമ്മീഷനില്‍ സമര്‍പ്പിക്കാതിരുന്നത് അപമാനഭയം മൂലമാണെന്നായിരുന്നു അതു പുറത്ത് വന്നപ്പോൾ സരിതയുടെ വിശദീകരണം.
കമ്മീഷൻമുൻപാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സരിത മാനഭംഗത്തിനിരയായതായാണ്  കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷിക്കാനാണ് സർക്കാർ തീരുമാനം.സരിത എഴുത്തിയതെന്നു പറയുന്ന  കത്താണ് കേസിന്  ആധാരം. 
സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത്.നിയമസഭയിൽ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നതെന്ന് അദ്ദേഹം പറയുന്നു.റിപ്പോർട്ട് പുറത്തുവിടാതെ മുഖ്യമന്ത്രി  എങ്ങിനെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
ഒരു സ്ത്രീ എന്ന നിലയിൽ തനിക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് സോളാർ കമ്മീഷൻ റിപ്പോർട്ടെന്ന് സരിത പറയുമ്പോൾ  സ്ത്രീപക്ഷപാതികൾക്കു കിട്ടുന്ന കയ്യടിയായും അതിനെ വ്യാഖ്യാനിക്കാം.തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ  ആരോപണം തെളിയിക്കേണ്ട ചുമതലയാണ് സോളാർ കേസ് തുടർന്ന് അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുന്നിലുള്ള  പ്രധാന വെല്ലുവിളി.