Sunday, October 22, 2017
Reg:No 91291/Kermal/2004/18734

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയോട് ഗുജറാത്ത് മോഡല്‍ ഇരകള്‍ മറുപടി പറയും; രാഹുൽ ഗാന്ധി

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയോട് ഗുജറാത്ത് മോഡല്‍ ഇരകള്‍ മറുപടി പറയും; രാഹുൽ ഗാന്ധി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനവാദങ്ങളെ രൂക്ഷമായി വിമർശിച്ച് വീണ്ടും  രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം. ഗുജറാത്ത് മോഡലിന്റെ ഇരകളായിരിക്കും ബിജെപിക്കു അടുത്ത തിരഞ്ഞെടുപ്പിൽ മറുപടി നൽകുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതും നോട്ട് അസാധുവാക്കിയതും മോദി ആരുടെയും വാക്കുകൾ കേൾക്കാതെയാണ്. 
 
എന്നാൽ കർഷകർ, തൊഴിലാളികള്‍, സ്ത്രീകൾ, ചെറുകിട വ്യാപാരികൾ എല്ലാവരുടെയും വാക്കുകൾക്കും നിർദേശങ്ങൾക്കും കോൺഗ്രസ് ചെവികൊടുത്തിരുന്നു. കഴിഞ്ഞ 22 വർഷമായിട്ടും ഗുജറാത്തിൽ ബിജെപി സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ തയാറായിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.
 
നോട്ട് അസാധുവാക്കൽ മൂലം ചെറുകിട വ്യാപാരങ്ങൾ പലതും അവസാനിപ്പിച്ചു. അതിന്റെ ചാരത്തിൽനിന്ന് ഉയർത്തെഴുന്നേറ്റത് ഒരു കമ്പനി മാത്രമാണ്. അമിത് ഷായുടെ മകന്റെ കമ്പനി - രാഹുൽ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ ഒരു വർഷത്തിനിടെ 16,000 മടങ്ങ് വർധനവുണ്ടായെന്ന മാധ്യമ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
അഹമ്മദാബാദിലും ഖേഡ ജില്ലയിലെ ഖത് രജ്, ജിഭായ് പുര എന്നിവിടങ്ങളിലെയും റാലികളിൽ രാഹുൽ പങ്കെടുത്തു. നാന്ദിഡിലെ സർദാർ വല്ലഭായ് പട്ടേലിൻറ ജന്മസ്ഥലം സന്ദർശിച്ച രാഹുൽ ഗാന്ധി ഖേഡയിലെ ശാന്താറാം മന്ദിറിൽ പ്രാർഥന നടത്തി.