Sunday, December 17, 2017
Reg:No 91291/Kermal/2004/18734

അയോധ്യയിൽ ശ്രീരാമന്‍റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ

അയോധ്യയിൽ  ശ്രീരാമന്‍റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ലക്നോ: അയോധ്യയിൽ സരയൂ നദീതീരത്ത് ശ്രീരാമന്‍റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ നിന്നും ഏറെ അകലയല്ലാതെയാണ് പ്രതിമ സ്ഥാപിക്കാൻ യുപി സർക്കാർ സ്ഥലം കണ്ടെത്തിയത്. തീർഥാടന വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ താത്പര്യമാണ് പദ്ധതിക്ക് പിന്നിലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
 
പദ്ധതിയുടെ രൂപരേഖ അന്തിമമായി തയാറായിക്കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളിൽ ഒന്നു മാത്രമാണിതെന്നാണ് യുപി സർക്കാരിന്‍റെ വിശദീകരണം. ഇന്തോനേഷ്യയിലെ ബാലിയിൽ ചെന്നാൽ ഇത്തരം പ്രതിമകൾ കാണാൻ കഴിയുമെന്നും അത്തരത്തിൽ യുപിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ടൂറിസം സെക്രട്ടറി അവിനാഷ് അവാസ്ഥി പ്രതികരിച്ചു. ദീപാവലി ആഘോഷത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തയാഴ്ച അയോധ്യയിൽ എത്തുന്നുണ്ട്. യുപി ഗവർണർ രാം നായിക്, കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, മഹേഷ് ശർമ എന്നിവരും ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കും.