Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

വൃന്ദാവനും ബര്‍സാനയും ഇനിമുതല്‍ വിശുദ്ധ തീര്‍ഥാടന കേന്ദ്രങ്ങള്‍; മുട്ട, മാംസം, മദ്യം എന്നിവയ്ക്ക് വിലക്ക്

വൃന്ദാവനും ബര്‍സാനയും ഇനിമുതല്‍ വിശുദ്ധ തീര്‍ഥാടന കേന്ദ്രങ്ങള്‍; മുട്ട, മാംസം, മദ്യം എന്നിവയ്ക്ക് വിലക്ക്

ലഖ്‌നൗ: വൃന്ദാവനും ബര്‍സാനയും തീര്‍ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പവിത്ര ഭൂമിയായ ഇവിടെ മുട്ട, മാംസം, മദ്യം എന്നിവയ്ക്ക് പ്രവേശനമുണ്ടാവില്ലെന്നും സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നവംബര്‍ 22ന് യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് യോഗി പുതിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കുന്നത്. 
 
ഭഗവന്‍ കൃഷ്ണന്റേയും സഹോദരന്‍ ബലരാമന്റെയും ജന്മസ്ഥലമായ മഥുര ഉള്‍പ്പെടുന്നതാണ് വൃന്ദാവന്‍. ഇത് ലോകപ്രശസ്തമായ സ്ഥലമാണ്. ബര്‍സാന രാധയുടെ ജന്മസ്ഥലമാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. ഭക്തരുടെ താല്‍പര്യവും ടൂറിസം സാധ്യതയും പരിഗണിച്ചാണ് ഈ സ്ഥലങ്ങളെ വിശുദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇവിടം പവിത്രമായി സൂക്ഷിക്കണമെന്നും പ്രദേശവാസികളുടെയും ടൂറിസ്റ്റുകളുടെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 
വൃന്ദാവനും ബര്‍സാനയും മഥുര ജില്ലയില്‍ പെടുന്ന സ്ഥലങ്ങളാണ്. ഇവയുടെ വികസനത്തിനായി മഥുര-വൃന്ദാവന്‍ നഗര്‍ നിഗം അടുത്തകാലത്തായി രൂപീകരിച്ചിരുന്നു. ഇവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇതിനകം 350 കേടി രൂപ അനുവദിച്ചിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ശേഷം വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മതകാര്യമന്ത്രി ലക്ഷ്മിനാരായണ്‍ ചൗധരി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആത്മീയ കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വൃന്ദാവനിലേയും ബര്‍സാനയിലേയും ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. മഥുരയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വൃന്ദാവനില്‍ 5000ല്‍ ഏറെ ക്ഷേത്രങ്ങളാണുള്ളത്.