Sunday, February 25, 2018
Reg:No 91291/Kermal/2004/18734

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്ര ആരംഭിച്ചു

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്ര ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്താകെ വര്‍ഗീയ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു . മതസൗഹാര്‍ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം ആര്‍എസിഎസിന് തീരെ ഇഷ്ടമല്ല. അതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാര്‍ കേരളത്തിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍. കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജനജാഗ്രതായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഘടന തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഫെഡറല്‍ തത്വം അംഗീകരിക്കാന്‍ സംഘപരിവാര്‍ തയ്യാറല്ല. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഇവര്‍ക്ക് വിശ്വാസമില്ല. തങ്ങള്‍ക്കിഷ്ടമല്ലാത്ത ഒന്നിനെയും വെച്ചുപുലര്‍ത്താന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ല. ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നാണ് സംഘപരിവാറിന്റെ വാദം.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊലപാതകികള്‍ക്ക് സംരക്ഷണവും ആദരവും നല്‍കുകയാണ്. മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതികള്‍ക്ക് ജോലി നല്‍കി ബഹുമാനിക്കുകയാണ്. മതജാതി ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊലപ്പെടുത്തുന്നു. മുസ്‌ളീംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും പൊതു ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്. ഇതേ അസഹിഷ്ണുതയുടെ ഭാഗമായിട്ടായിരുന്നു മഹാത്മാഗാന്ധി കൊല്ലപ്പെട്ടതും. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ത്രിപുരയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സന്തനു വരെ എത്തി നില്‍ക്കുന്നു അസഹിഷ്ണുതയുടെ ഇരകളെന്നും അദ്ദേഹം പറഞ്ഞു.
 കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചും രണ്ട് യാത്രകളാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജനജാഗ്രതാ യാത്ര നയിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായുള്ള യാത്ര മഞ്ചേശ്വരത്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും  ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരത്തുനിന്നുള്ള യാത്രയില്‍ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍  (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്. തിരുവനന്തപുരത്തുനിന്നുള്ള യാത്രയില്‍ എ വിജയരാഘവന്‍ (സിപിഐ എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), പി എം മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവര്‍ അംഗങ്ങളാണ്. ഉദ്ഘാടന യോഗങ്ങളില്‍ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പങ്കെടുത്തു.
കോടിയേരി നയിക്കുന്ന യാത്ര തൃശൂരിലും കാനം നയിക്കുന്ന ജാഥ എറണാകുളത്തും സമാപിക്കും. രണ്ടാഴ്ച സംസ്ഥാനത്ത് പര്യടനം നടത്തുന്ന യാത്ര വന്‍ വിജയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇരു യാത്രകളും നവംബര്‍ മൂന്നിന് സമാപിക്കും.