Sunday, February 25, 2018
Reg:No 91291/Kermal/2004/18734

വളയിട്ട കൈകളിൽ കത്തിപിടിച് ജീവിതം കരുപിടിപ്പിക്കുന്ന യുവതികൾ

വളയിട്ട കൈകളിൽ കത്തിപിടിച് ജീവിതം കരുപിടിപ്പിക്കുന്ന യുവതികൾ

തിരുനൽവേലി:വളയിട്ട കൈകളിൽ കത്തിപിടിച് ജീവിതം കരുപിടിപ്പിക്കുന്ന യുവതികൾ നാടിനു മാതൃകയാകുന്നു. തെങ്ങുകയറ്റം ആനപ്പാപ്പാൻ എന്നിവപോലെ ഒരുകാലത്ത് ആണുങ്ങൾ മാത്രം ചെയ്യാവുന്ന ജോലികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലുകളിലൊന്നാണ്‌ ബാർബർപ്പണി. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേണ്ടി പ്രത്യേകം പ്രത്യേകമോ ഒന്നിച്ചോ പ്രവർത്തിക്കുന്ന ആധുനിക ബ്യൂട്ടിപാർലറുകളുടെ കാര്യമല്ല  മറിച്ച് നാട്ടിൻപുറങ്ങളിൽ കാണുന്ന സാധാരണ ബാർബർ ഷോപ്പുകളുടെ കാര്യമാണ്‌. ഇവിടെ സ്ത്രീകൾ ജോലിക്ക്‌ നിൽക്കാറില്ല. പെൺകുട്ടികളെ ഇവിടെ കണ്ടാൽ പലരുടെയും മുഖം ചുളിയും. അതാണ്‌ പതിവ്‌. ജീവിതം കരുപ്പിടിപ്പിക്കാൻ  സധൈര്യം ക്ഷൗരക്കത്തി കൈയ്യിലെടുത്ത  രണ്ട്‌ വനിതകളുടെ കഥയാണിത്‌.ഇത് കഥയല്ല ജീവിതമാണ്. തിരുച്ചിറപള്ളിയിലെ ചിന്താമണി ബസാറിൽ ന്യൂ വെംബ്ലി സലൂൺ നടത്തുന്ന പട്രീഷ്യ മേരി അപ്രതീക്ഷിതമായാണ് ക്ഷൗരക്കത്തി കൈയ്യിലെടുത്തത്.   ചെറുപ്പം മുതലേ പരിചയക്കാരാണ്‌ പട്രീഷ്യ മേരിയും ഷൺമുഖനാഥനും. പരിചയം പിന്നീട്‌ ഇഷ്ടത്തിലേക്ക്‌ വളർന്നു. അങ്ങനെ പട്രീഷ്യയെ സ്വന്തമാക്കാൻ ഷൺമുഖനാഥൻ മതം മാറി റ്യൂബെൻ ഷൺമുഖനാഥൻ ആയി.
1984ൽ ഭർതൃപിതാവാണ്‌ തിരുച്ചിറപള്ളിയിലെ ചിന്താമണി ബസാറിൽ  ന്യൂ വെംബ്ലി സലൂൺ തുടങ്ങിയത്‌. ‘സലൂൺ കം ടെയ്‌ലറിങ്‌’ കടയാണിത്‌. ഒരുഭാഗത്ത്‌ ആൺകുട്ടികൾക്കും പുരുഷന്മാർക്കുമുള്ള സലൂണും ഒരുകോണിലായി തയ്യൽ മെഷീനും. ഭർതൃപിതാവിന്റെ മരണശേഷം പട്രീഷ്യയുടെ ഭർത്താവ്‌ റ്യൂബെൻ ഷൺമുഖനാഥൻ സലൂണിന്റെ പ്രവർത്തനം ഏറ്റെടുത്തു, ഒപ്പം പട്രീഷ്യയും കൂടി.
റ്യൂബെൻ സലൂൺ നോക്കിനടത്തിയപ്പോൾ തയ്യൽപ്പണി പട്രീഷ്യ ഏറ്റെടുത്തു. തയ്യൽപ്പണിക്കിടെ ഭർത്താവിനെ സഹായിക്കാനും കൂടെ കൂടി. അതായിരുന്നു തുടക്കം. ആദ്യമൊക്കെ ഹെയർ ഡൈ കലക്കാനും ഫേഷ്യൽ ചെയ്യാനെത്തുന്നവർക്കുള്ള ബ്ലീച്ച്‌ തയ്യാറാക്കാനുമാണ്‌ പഠിച്ചത്‌. പതിയെ ഭർത്താവ്‌ മറ്റുള്ളവർക്ക്‌ മുടിവെട്ടിക്കൊടുക്കുന്നതും താടിമിനുക്കുന്നതും ശ്രദ്ധിച്ചുവീക്ഷിച്ചു. പിന്നീടൊരിക്കൽ അത്‌ ഭർത്താവിൽ തന്നെ പരീക്ഷിച്ചു. പരീക്ഷണം വിജയകരമായിരുന്നു. എന്നാൽ ചില സ്റ്റെയിലുകൾ കൂടി പഠിക്കാനുണ്ടെന്ന്‌ റ്യൂബെൻ നിർദ്ദേശിച്ചു, പിന്നെ പഠിപ്പിച്ചു. എന്നാൽ അത്‌ സലൂണിലെത്തുന്നവരിൽ പരീക്ഷിക്കാൻ മുതിർന്നില്ല. ആയിടയ്ക്കാണ്‌ റ്യൂബെൻ ഒരു വാഹനാപകടത്തിൽ പെട്ടത്. അപകടത്തിൽ റ്യൂബെന്റെ വലതുകൈക്ക്‌ സാരമായ പരിക്കേറ്റിരുന്നു. സലൂണിലെ ജോലി ചെയ്യാൻ കഴിയാതായി. ഇതോടെ മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായി. സാമ്പത്തിക ഞെരുക്കവും പട്ടിണിയും  ഏറിയതോടെ പ്രദേശത്തുള്ള വനിതാ കൂട്ടായ്മയാണ്‌ പട്രീഷ്യയോട്‌ സലൂണിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിർദ്ദേശിച്ചത്‌.സലൂണിൽ ‘പെൺ ബാർബർ’ ചുമതലയേറ്റെടുത്തതോടെ സ്ഥിരം വന്നുകൊണ്ടിരുന്ന നിരവധിപ്പേർ മറ്റുസലൂണുകളെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ പട്രീഷ്യയിൽ വിശ്വാസമർപ്പിച്ച്‌ ചിലർ ന്യൂ വെംബ്ലി സലൂണിനൊപ്പം നിന്നു. സാധാരണ രീതിയിലുള്ള മുടിവെട്ടിന്‌ 50 രൂപയാണ്‌ കൂലി. ഫേഷ്യലിന്‌ 150 മുതൽ 200 വരെയും. എന്നാൽ പെൺ ബാർബർ വന്നതോടെ പലരും ഈ നിരക്കിൽ കുറവ്‌ വരുത്താൻ ശ്രമിച്ചു. ചെയ്യുന്ന ജോലി ഒന്നാണെങ്കിലും ചെയ്യുന്ന വ്യക്തി പെണ്ണായിപ്പോയതായിരുന്നു ഇതിന്‌ കാരണം. എന്നാലും തോറ്റുകൊടുക്കാൻ പട്രീഷ്യ തയ്യാറായില്ല. സലൂണിന്റെ  കോണിലുള്ള തയ്യൽപ്പണിയും പട്രീഷ്യ ഇതോടൊപ്പം തുടരുന്നു. സ്ത്രീകൾ ഒരു മേഖലയിലും പിന്നോട്ടുപോകരുതെന്നാണ്‌ പട്രീഷ്യക്ക്‌ പറയാനുള്ളത്‌.
തിരുപ്പൂർ ജില്ലയിൽ നിന്നുള്ള കോമേഴ്സ്‌ ബിരുദധാരിയായ ദേവി തങ്കവേലുവിന്റെ കഥയും മറിച്ചല്ല . ദേവി ഇന്ന്‌ ട്രിച്ചി റോഡിൽ പള്ളാഡം സർക്കാർ ആശുപത്രിക്ക്‌ എതിർവശം ഭുവനദേവി ഹെയർലൈൻസ്‌ എന്ന  ബാർബർ ഷോപ്പ്‌ നടത്തുന്നു. അച്ഛന്റെ ബാർബർ ഷോപ്പിൽ കുട്ടിക്കാലം തൊട്ടേ സ്ഥിരം സന്ദർശകയായിരുന്നു ദേവി. കോളജിൽ പഠിക്കുകയായിരുന്ന കാലത്ത്‌ 2009ൽ ബാർബർ ഷോപ്പിൽ പതിവ്‌ സന്ദർശനം നടത്താൻ ദേവി എത്തി. ആ സമയം തങ്കം ഡീലക്സ്‌ സലൂണിൽ കസ്റ്റമറുടെ താടി ഷേവ്‌ ചെയ്യുകയായിരുന്നു ദേവിയുടെ അച്ഛൻ തങ്കവേലു. പണി പകുതിയെത്തിയപ്പോൾ പ്രമേഹ രോഗിയായ തങ്കവേലു കുഴഞ്ഞുവീണു. ദേവി ആദ്യം എന്തുചെയ്യണമെന്നറിയാതെ പകച്ചു, പിന്നെ പെട്ടെന്ന്‌ ഷേവിങ്‌ ബ്ലെയ്ഡ്‌ കൈയ്യിലെടുത്ത്‌ കസ്റ്റമറുടെ പാതി വടിച്ച താടി മുഴുവൻ വടിച്ചുകൊടുത്തു. ശേഷം അച്ഛനേയും കൊണ്ട്‌ ആശുപത്രിയിലെത്തി.
അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങളും മൂത്ത സഹോദരൻ അന്തരിച്ച സമയത്ത്‌ എടുത്ത കടവും അനിയന്റെ പഠനച്ചിലവും ദേവിയുടെ കുടുംബത്തെ സാമ്പത്തികമായി വലച്ചു. ഈ സാമ്പത്തിക പ്രശ്നം തരണം ചെയ്യാൻ പഠനശേഷം ദേവി അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ അവിടെ നിന്നും കിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ടുമാത്രം പ്രശ്നങ്ങൾക്ക്‌ പരിഹാരമാകില്ലെന്ന്‌ കണ്ടതോടെ അച്ഛന്റെ തൊഴിലിനെ ഒപ്പം കൂട്ടാൻ ദേവി തീരുമാനിച്ചു. അങ്ങനെ അക്കൗണ്ടന്റിന്റെ പണിതീർത്ത്‌ വൈകിട്ട്‌ ആറുമണി മുതൽ ഒൻപത്‌ മണിവരെ അച്ഛന്റെ സ്ഥാനം ദേവി ഏറ്റെടുത്തു.
പട്രീഷ്യക്ക്‌ നേരിട്ട അതേ പ്രശ്നങ്ങൾ ആദ്യമൊക്കെ ദേവിക്കും ഉണ്ടായിരുന്നു. പിന്നെപ്പിന്നെ ആ പ്രദേശത്തെ മികച്ച ഹെയർ സ്റ്റെയിലിസ്റ്റ്‌ എന്ന പേര്‌ ദേവി ആർജിച്ചെടുത്തതോടെ സലൂണിലേക്ക്‌ എത്തുന്നവരുടെ എണ്ണം കൂടി. സ്വന്തമായി പുതിയ സലൂൺ ആരംഭിച്ചു. അനിയന്റെയും തന്റേയും പേരുകൾകൂട്ടിച്ചേർത്ത്‌ സലൂണിന്‌ ഭുവനദേവി ഹെയർലൈൻസ്‌ എന്ന്‌ പേരിട്ടു. ഇന്ന്‌ അജിത്‌ ഹെയർ സ്റ്റെയിലിനും, സൂര്യ ഹെയർ സ്റ്റെയിലിനും വേണ്ടി ഭുവനദേവി ഹെയർലൈൻസിലേക്ക്‌ തേടിപ്പിടിച്ചാണ്‌ ആളുകൾ എത്തുന്നത്‌. പിന്നീടെന്നോ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട്‌ സലൂണിലെ നിത്യസന്ദർശകനായ ശേഖർ ദേവിയെ സ്വന്തമാക്കി. ഇന്നും ദേവിയുടെ കടയിലെത്തുന്നവർക്ക്‌ ദേവിയെക്കാൾ പരിചയസമ്പത്തുള്ള തങ്കവേലുവിന്റെ ഹെയർ സ്റ്റെലിങ്ങിനെക്കാളേറെ പ്രിയം ദേവിയുടെ കരവിരുതാണത്രേ.കേരളത്തിലെ ഒട്ടുമിക്ക ബാർബർ ഷോപ്പുകളും നടത്തുന്നത് തമിഴ്നാട്ടുകാരാണ്.സ്വന്തമായി അവർ നടത്തുന്നില്ലെങ്കിൽ മറ്റു ഷോപ്പുകളിൽ ജോലി ചെയ്യുന്നവരിൽ കൂടുതൽ പേരും ഇവരാണ്.സമീപ ഭാവിയിൽ തന്നെ വനിതാ ബാർബർ മാരെയും ഇവിടുത്തെ ബാർബർ ഷോപ്പുകളിൽ പ്രതീക്ഷിക്കാം