Sunday, December 17, 2017
Reg:No 91291/Kermal/2004/18734

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ, ജസ്റ്റിസ് ജി ശിവരാജനും സെക്രട്ടറി പി എസ് ദിവാകരനും നേരില്‍കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. നാലു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിശദാംശങ്ങള്‍ മുഖ്യമന്ത്രി പറയുമെന്നും ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
ജുഡീഷ്യല്‍ കമ്മീഷനുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന അന്വേഷണ കമ്മീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചത്. 
 
ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിപ്പുകാരായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിരവധിപേരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ലഭിച്ച പരാതി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പേഴ്‌സണല്‍ സ്റ്റാഫ്, ഗണ്‍മാന്‍, യുഡിഎഫ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപി തുടങ്ങിയവരുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായി. എല്‍ഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം ഉള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോയ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 28നാണ് റിട്ട. ജഡജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
 
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്നത് കമ്മീഷന്‍ അന്വേഷിച്ച ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
 
2015 ജനുവരി 12 നാരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 893 രേഖകള്‍ കമ്മീഷന്‍ അടയാളപ്പെടുത്തി. ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കി.