Sunday, December 17, 2017
Reg:No 91291/Kermal/2004/18734

നുഴഞ്ഞുകയറുന്നവരെ "സ്വീകരിച്ച് കുഴിമാട"ത്തിലേക്ക് അയയ്ക്കും; ബിപിൻ റാവത്ത്

നുഴഞ്ഞുകയറുന്നവരെ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരെ സ്വീകരിച്ച്  കുഴിമാടത്തിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത്. "കശ്മീർ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ ഇല്ലാതാക്കാൻ ആവശ്യമെങ്കിൽ വീണ്ടും മിന്നലാക്രമണം നടത്തും. നിയന്ത്രണരേഖയ്ക്കു സമീപം ഭീകര ക്യാംപുകൾ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെനിന്നാണ് ഭീകരർ നുഴഞ്ഞുകയറുന്നത്. നുഴഞ്ഞുകയറ്റക്കാരെ കുഴിമാടത്തിലേക്ക് അയയ്ക്കാൻ ഇന്ത്യൻ സേന കാത്തിരിക്കുകയാണ്"–ബിപിൻ റാവത്ത് പറഞ്ഞു.
 
ഉറി സൈനിക താവളത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അതിർത്തി കടന്ന് ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാനുള്ള സന്ദേശമായിരുന്നു മിന്നലാക്രമണം. അത് അവർക്കു മനസിലായിട്ടുണ്ട്. ആവശ്യമെങ്കിൽ അത്തരം നടപടികൾ ഇനിയും തുടരുമെന്നും റാവത്ത് വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്കായുള്ള നടപടികളെടുക്കാൻ കരുത്തുള്ള രാജ്യമാണ് ഇന്ത്യ. ഏതു പ്രതിസന്ധിയേയും നേരിടാൻ ഇന്ത്യയ്ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.