Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

വികസനത്തിനും പുരോഗതിക്കും ഉതകുന്ന ഏഴ് പദ്ധതികള്‍ക്ക് കേരളം ഷാര്‍ജയുടെ സഹകരണം തേടി

വികസനത്തിനും പുരോഗതിക്കും ഉതകുന്ന ഏഴ് പദ്ധതികള്‍ക്ക്  കേരളം ഷാര്‍ജയുടെ സഹകരണം തേടി

തിരുവനന്തപുരം: വികസനത്തിനും പുരോഗതിക്കും ഉതകുന്ന ഏഴ് പദ്ധതികള്‍ക്ക്  കേരളം ഷാര്‍ജയുടെ സഹകരണം തേടി. കേരളത്തില്‍ എത്തിയ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം ആവശ്യങ്ങള്‍ ഉന്നയിച്ചത്.
 
ഷാര്‍ജയില്‍ മലയാളികള്‍ക്കായി ഫാമിലി സിറ്റി എന്ന ഭവന പദ്ധതി നടപ്പാക്കാൻ പത്തേക്കര്‍ ഭൂമി അനുവദിക്കണമെന്നതാണ് ചര്‍ച്ചയില്‍ കേരളം ഉന്നയിച്ച പ്രധാന ആവശ്യം. ഉയരം കൂടിയ പത്ത് അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ ലഭ്യമാക്കുമെന്നും കേരളം ഷാര്‍ജാ ഭരണാധികാരിയെ അറിയിച്ചു.
 
ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം, കേരളത്തിന്റെ കലയും സംസ്‌കാരവും ഉള്‍പ്പെടുത്തി സാംസ്‌കാരിക കേന്ദ്രം, ഐടി–ടൂറിസം രംഗത്തെ സഹകരണം, ഷാര്‍ജയില്‍ നിന്നുള്ള നിക്ഷേപകരുടെ മുതല്‍മുടക്കില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ലോകോത്തര നിലവാരത്തില്‍ മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളും കേരളം ഷാര്‍ജ ഭരണാധികാരിയുമായി പങ്കുവെച്ചു. ഷാര്‍ജയില്‍ നിന്നുള്ള അതിഥികള്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ ടൂറിസം മേഖലയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങളും സര്‍ക്കാര്‍ അദ്ദേഹത്തിന് കൈമാറി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ അത്താഴ വിരുന്നിലും അദ്ദേഹം സംബന്ധിച്ചു.
 
ഇന്നലെ വൈകീട്ടാണ് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തില്‍ എത്തിയത്. ഇന്ന് വൈകീട്ട് ആറിന് കോവളം ഹോട്ടല്‍ ലീലയില്‍ ഒരുക്കിയ സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ചായ സത്കാരത്തിന് ശേഷം 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം അദ്ദേഹത്തിന് സമ്മാനിക്കും. വൈകീട്ട് താജ് വിവാന്തയില്‍ പ്രഭാഷണം നടത്തും.