Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

നേർപാർത്തൂ കൊടുങ്കാറ്റ്, ഒരിക്കൽ മാത്രം!

നേർപാർത്തൂ കൊടുങ്കാറ്റ്, ഒരിക്കൽ മാത്രം!

ജി.ഹരി നീലഗിരി 
തിലകൻ ഓർമ്മയായിട്ട് അഞ്ച് വർഷം പിന്നിടുമ്പോൾ ആ അനശ്വര നടനുമായി ഒരിക്കൽ മാത്രം നടന്ന അവിസ്മരണീയമായ  ഒരു കൂടിക്കാഴ്ചയുടെ രേഖാചിത്രം:
 
മാധ്യമങ്ങളിലെല്ലാം അമ്മ-തിലകന്‍ പോര്‌ നിറഞ്ഞുനിന്ന 2011 കാലം.തിലകൻ എന്ന 
ഒറ്റയാൾ പട്ടാളത്തെ ഒന്നു നേരിൽ കാണുവാൻ ഞാൻ വല്ലാതെ കൊതിച്ചു.കലാകാരനെന്ന നിലയിൽ ഒന്നിനെയും കൂസാത്ത ആ ചങ്കൂറ്റത്തോടുള്ള ആരാധനയും മമതയും തന്നെ കാരണം.അങ്ങിനെയിരിക്കേ ആ മഹാനടനുമായി  മണിക്കൂറുകൾ ചെലവഴിക്കാൻ നിയതിതന്നെ അവസരമൊരുക്കി.
  
ആരോഗ്യകേരളത്തിന്റ്റെ റെഡിറ്റോഹെൽത്ത് വിഭാഗത്തിലായിരുന്നു ഞാനന്ന്.ആകാശവാണിക്കു വേണ്ടി ആരോഗ്യപരിപാടികൾ തയാറാക്കുകയായിരുന്നു ജോലി.എയിഡ്‌സ്‌ ബോധവല്‍ക്കരണ സന്ദേശവുമായി റെഡ്‌റിബണ്‍ എക്‌സ്‌പ്രസ്‌ എന്ന തീവണ്ടിയാത്ര കായംകുളത്തെത്തുന്നു.അതേക്കുറിച്ചു പ്രോഗ്രാം ചെയ്യാനായി ഞാൻ സഹപ്രവർത്തകൻ രാധാകൃഷ്ണനുമൊത്ത്  അങ്ങോട്ടു പോയി.
 
നേർത്ത ചാറ്റമഴയുണ്ടായിരുന്ന ആ  ഇടവപ്പാതി പുലര്‍ച്ചെ റെഡ്‌റിബണ്‍ എക്‌സ്‌പ്രസ്‌ 
 കായംകുളം സ്റ്റേഷനിൽ  ഇരമ്പിനിന്നപ്പോള്‍ അതിനെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്ന പോസിറ്റീവ്‌ കുറവും നെഗറ്റീവ്‌ കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയില്‍ അതാ ഊന്നുവടിയിലും ധാര്‍ഷ്‌ട്യത്തോടെ തിലകൻ! സ്വീകരണത്തിലെ മുഖ്യഇനം തിലകന്റെ പ്രസംഗമാണെന്ന് അപ്പോഴാണ് അറിയുന്നത് .എയിഡ്‌സ്‌ ഉയര്‍ത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമര്‍ശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട്‌ ഒരു കിഴുക്കു നല്‍കിയും സിനിമാരംഗത്തെ ഫാസിസ്റ്റ്‌ പ്രവണതകളെ ക്ഷോഭത്തോടെ വിമര്‍ശിച്ചും തിലകന്‍ കത്തിക്കയറി.
 
സ്റുഡിയോവിലെത്തി റെക്കോർഡർ ഓൺചെയ്തപ്പോൾ തിലകന്റെ പ്രസംഗഭാഗം ബ്ലാങ്ക് !എന്നാൽപ്പിന്നെ അദ്ദേഹത്തെക്കൊണ്ടുതന്നെ  റേഡിയോ പരിപാടിക്ക് ആമുഖം പറയിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.
 
തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ  എന്റെ മൊബൈലില്‍നിന്ന്‌ തിലകന്റെ മൊബൈലിലേക്ക്‌ ഒരു കോള്‍ പോയി....
 
ആദ്യ സമാഗമം,അവസാനത്തേതും.
 
 തിരുവനന്തപുരത്ത്‌ പി.ആര്‍.എസ്‌. കോര്‍ട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലില്‍ എന്റെ വിരലമര്‍ന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന്‌ കാര്യംതിരക്കി വാതില്‍ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്‌ദതയ്‌ക്കുശേഷം അതു വീണ്ടും തുറന്നപ്പോള്‍ അകത്തെ അരണ്ട വെളിച്ചത്തില്‍നിന്ന്‌ താന്‍ വേഷമിട്ട ഏതോ സിനിമയിലെ ദുര്‍മന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ്‌ സ്റ്റിക്ക്‌ ഊന്നി ഡ്രോയിംഗ്‌ റൂമിലേക്ക്‌ തിലകന്‍ വന്നു. മുന്‍കൂട്ടി പറഞ്ഞുവച്ച ധാരണയില്‍ എഫ്‌.എം.
റേഡിയോയിലേക്കായി എയിഡ്‌സ്‌ ബോല്‍വല്‍ക്കരണത്തെക്കുറിച്ച്‌ ഇന്റര്‍വ്യൂവിനായി എത്തിയതാണെന്ന്‌ അറിയിച്ചപ്പോള്‍ ഓർക്കാപ്പുറത്ത് ഒരു പൊട്ടിത്തെറി: "ഞാനെന്താ എയിഡ്‌സ്‌ രോഗിയാണോ, അതോ എയിഡ്‌സിന്റെ ഡോക്‌ടറോ? നിങ്ങള്‍ക്ക്‌ വേറെ പണി ഒന്നുമില്ലേ?" 
 
വാക്കിംഗ്‌ സ്റ്റിക്ക്‌ ഊന്നി തിലകന്‍ കലിതുള്ളി നില്‍ക്കുമ്പോള്‍, അപ്പോള്‍ അവിടേക്ക്‌ എത്തിയ അദ്ദേഹത്തിന്റെ പേരക്കുട്ടിയെ മടിയിലിരുത്തി താലോലിച്ച്‌ ഞാന്‍ സെറ്റിയിലമര്‍ന്നു. 
 
അദ്ദേഹം തെല്ലൊന്നു തണുത്തു : " പറയേണ്ട കാര്യം എഴുതിക്കൊണ്ടുവന്നിട്ടുണ്ടോ?"
 
 ഞാന്‍:" കായംകുളത്തെ പ്രഭാഷണം ഒന്ന്‌ റിപ്പീറ്റ്‌ ചെയ്‌താല്‍ മതി. അന്നു ഞങ്ങളുടെ റെക്കാര്‍ഡര്‍ വര്‍ക്ക്‌ ചെയ്യാതെ പോയി."
 
തിലകന്‍ : "സദസിനോട്‌ സംസാരിക്കുന്നതുപോലെയല്ല ഏകാന്തതയിലെ ഭാഷണങ്ങള്‍. തനിക്ക്‌ പറ്റുമെങ്കില്‍ എയിഡ്‌സ്‌ ബോധവല്‍ക്കരണത്തെക്കുറിച്ച്‌ പത്ത്‌ വരി എഴുത്‌. എനിക്ക്‌ പറയാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ പറയും. എന്റെ സ്വഭാവം നന്നായി അറിയാമല്ലോ? മേലാല്‍ ഇത്തരം വയ്യാവേലകളുമായി ഈ വഴി വന്നേക്കരുത്‌"
 
ഞാന്‍ എയിഡ്‌സിനെക്കുറിച്ച്‌ ഏതാനും വരികള്‍ എഴുതി. തിലകന്‍ അത്‌ വാങ്ങി മറിച്ചു നോക്കി. "ഇത്‌ തന്റെ ഭാഷ. ഇനി എന്റെ ഭാഷയില്‍ എന്റെ മനസില്‍ നിന്ന്‌ വരുന്ന ചില കാര്യങ്ങള്‍ ഞാന്‍ എഴുതും. അത്‌ നിങ്ങളുടെ സ്റ്റുഡിയോയില്‍ വന്ന്‌ റെക്കാര്‍ഡ്‌ ചെയ്യും."
 
എന്നാല്‍ മൂന്നാം നിലയിലുള്ള ഞങ്ങളുടെ സ്റ്റുഡിയോയില്‍ എത്താന്‍ കാലിന്റെ പരാധീനത തിലകന്‌ തടസമായി.അതദ്ദേഹം എന്നെ ഓഫീസിൽ വിളിച്ചറിയിക്കുകയും ചെയ്തു.'ആരോഗ്യകേരളം' ഓഫീസിലേക്ക് എന്നെത്തേടിയെത്തിയ  അദ്ദേഹത്തിന്റെ ഫോൺകാൾ ഫോണെടുത്ത സെക്ക്യൂരിറ്റി ജീവനക്കാരൻ സഹപ്രവർത്തകരുമായി പങ്കുവെയ്ക്കുകയും അവർക്കിടയിൽ എനിക്കൊരു താരപദവിചാർത്തിക്കിട്ടുകയും ചെയ്തു!   പിന്നീട് ,മോഹൻലാൽ ആ പരിപാടിക്ക് ആമുഖം പറയുകയും ചെയ്തു.
 
എന്നാൽ,രൗദ്രത്തില്‍നിന്ന്‌ സൗമ്യത്തിലേക്ക്‌ ഞൊടിയിടയില്‍ ഭാവം മാറിയ ആ എതിര്‍പക്ഷ കലാകാരന്‍  അന്നത്തെ കൂടിക്കാഴ്ചയിൽ പങ്കുവെച്ച ആത്മഭാഷണങ്ങള്‍ മാധ്യമങ്ങള്‍ പ്രതിനായകനാക്കിയ ആ നടനിലെ മാനവികതയുടെയും മൂല്യബോധത്തിന്റെയും പച്ചവേഷത്തെ പ്രത്യക്ഷമാക്കുന്നതായിരുന്നു.സിനിമയിലെ അരികുവൽക്കരണത്തിൽ നിന്നാരംഭിച്ച ആ സംഭാഷണം സ്വന്തം ജീവിതകഥയിലെ സ്തോഭജനകമായ വഴിത്താരകളിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി...
 
ചോര പൊടിഞ്ഞ വഴിത്താരകൾ...
 
വണ്ടന്‍മേട്ടിലെ റബ്ബര്‍ എസ്റ്റേറ്റ്‌ ബാല്യത്തില്‍ നിന്ന്‌ വില്ലനിലേക്കും പ്രതിനായകനിലേക്കും സ്വഭാവനടനിലേക്കും എതിര്‍പക്ഷ കഥാപാത്രത്തിലേക്കുമൊക്കെയുള്ള ആ അഭിനയയാത്ര ചോര പൊടിയുന്നതും വിപ്ലവാത്മകവുമാണെന്ന് ഞാനറിഞ്ഞു.സന്ധ്യ മാഞ്ഞെന്ന് വാച്ചിൽ അറിയുവോളം നീണ്ടു ആ സംഭാഷണം.അതിന്റെ അന്ത്യത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെൻറ്ററി ചെയ്യണമെന്ന എന്റ്റെ അഭിലാഷം ഞാൻ അദ്ദേഹത്തെ അറിയിച്ചു.തുടർന്ന് ഡോക്യൂമെന്ററിയുടെ ഫോർമാറ്റിനെക്കുറിച്ചും ധാരണയായി.സ്ക്രിപ്റ്റ് ഞാൻ ചെയ്ത്,പ്രസിദ്ധനായ ഒരു   ഡോക്യുമെൻറ്ററിഡയറക്ടർ സംവിധാനം ചെയ്യുമെന്നായിരുന്നു തീരുമാനം.
 
എന്നാൽ തിലകനെക്കുറിച്ച് ആ സമയത്ത്   ഡോക്യൂമെന്ററി എടുത്താലുള്ള  അപകടം മനസിലാക്കിയിട്ടോ എന്തോ,എനിക്ക് ജ്യേഷ്‌ഠതുല്യനായ ആ സംവിധായകൻ ആ ഉദ്യമത്തെ തുടക്കത്തിലേ നുള്ളിയെറിഞ്ഞു.ജീവിതത്തിലെ ഏറ്റവും വലിയ ആ മോഹവും മനസ്സിലിട്ട് ഞാൻ കുറേനാൾ നടന്നു.ആ ജീവിതത്തിന്റ്റെ   സ്തോഭജനകമായ ഫ്രെയിമുകൾ ഇടയ്ക്കിടെ എന്നെ വേട്ടയാടിയെങ്കിലും കലാന്തരത്തിൽ ജോലിത്തിരക്കുകൾക്കിടയിൽ അതും പൊടിമൂടപ്പെട്ടു...2012 സെപ്റ്റംബർ 24ന് ആ മരണവാർത്ത ടിവിയിൽ തെളിഞ്ഞപ്പോൾ അദ്ദേഹത്തോടൊപ്പം എന്റെ ആ വലിയ മോഹവും അന്ത്യയാത്രയായി...
 
മഹാനായ ആ നടനോടോപ്പം ഞാൻ കെട്ടിപ്പൊക്കിയ ആ വലിയ മോഹത്തെ  പ്രസിദ്ധമെങ്കിലും അത്രയൊന്നും പ്രചാരമില്ലാത്ത ഒരാനുകാലികത്തിലെ ഒരു ലേഖനത്തിൽ ഞാൻ ഇങ്ങിനെ ഒതുക്കി;
 
'തന്നിലെ വേദാന്തിയായ കമ്യൂണിസ്റ്റിനെ, അഥവാ ആക്‌റ്റിവിസ്റ്റിനെയാണ്  മൗനം കുറ്റകരമാക്കുന്നവരുടെയും ബോധത്തെ ഷണ്‌ഡീകരിക്കുന്നവരുടെയും ഇടയില്‍ ക്ഷോഭത്തിന്റെ ചെന്തീപ്പൊരികളായി തിലകന്‍ കയറൂരി വിടുന്നത്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കിടയില്‍പോലും അദ്ദേഹം പാര്‍ശ്വവല്‍ക്കരിക്കപ്പെടുവാന്‍ കാരണം ആ ഇടപെടലുകള്‍ ഹൃദയത്തിന്റേതായതിനാലാണ്‌. പി.ജെ. ആന്റണിയില്‍നിന്ന്‌ പകര്‍ന്നുകിട്ടിയ ഇടംവലം നോക്കാതെയുള്ള ആ ചുരികച്ചുഴറ്റ്‌ വര്‍ത്തമാനകാലത്ത്‌ ജഡമനസുകളെ മുറിവേല്‍പ്പിക്കുകതന്നെ ചെയ്യും. ജാതിമതങ്ങളിലോ രാഷ്‌ട്രീയപ്രത്യയ ശാസ്‌ത്ര കലാ കോക്കസുകളിലോ പെടാത്ത സമാന്തരത്വമാണ്‌ തിലകന്റെ ഈ ഹൃദയക്ഷോഭങ്ങളുടെ മുഖമുദ്ര. മസ്‌തിഷ്‌കവും മനസും ആത്മാവും കടന്നുപോകുന്ന ഹൃദയാകാശത്തില്‍ നിന്നാണ്‌ അത്‌ ഉറവപെട്ടുന്നത്‌. വിട്ടുവീഴ്‌ചയാര്‍ന്ന ബന്ധങ്ങളുടെയും കൂട്ടായ്‌മകളുടെയും ബന്ധനങ്ങള്‍ക്കും അപ്പുറത്താണ്‌ ആ ഭാഷണങ്ങളുടെ സ്വത്വസ്ഥലി. 
 
അഭിനയത്തോടുള്ള അഭിലാഷപൂര്‍ത്തീകരണത്തിനായി ആദ്യം പിതൃബിംബത്തെ അദ്ദേഹം ഉടച്ചു. പിന്നീട്‌ വീടുവിട്ട്‌ ഷാപ്പുകളിലെ അന്തിയുറക്കങ്ങള്‍, വര്‍ഷങ്ങളോളം മിണ്ടാതെയിരുന്ന പെറ്റമ്മയ്‌ക്ക്‌ അന്ത്യദിനങ്ങളില്‍ നടത്തിയ സാന്ത്വനപൂര്‍ണമായ പരിചരണങ്ങള്‍, കമ്യൂണിസത്തിനു ബലികുടീരം ഒരുക്കുന്നവരോടു പ്രാണരക്ഷ പോലും മറന്നുള്ള പുലയാട്ട്‌. സിനിമാലോകത്തെ വെളിച്ചപ്പാടുതുള്ളല്‍.
 
പ്രക്ഷോഭിയായ വേദാന്തി
 
ഈ കാണായതൊന്നും സത്യമല്ലെന്നു തിലകന്‌ നന്നായി അറിയാം, വെള്ളിത്തിരയിലെ വേഷവും ജീവിതവേഷവും പോലും. തന്റെ ജീവിതദര്‍ശനത്തെക്കുറിച്ച്‌ അദ്ദേഹം പങ്കുവെച്ച ആശയങ്ങള്‍ അത്‌ വെളിവാക്കുന്നു. `പ്രിയംബ്രുയാദ്‌, സത്യം ബ്രുയാദ്‌ നഃ സത്യമപ്രിയം' എന്നുറപ്പിച്ച ആ മനസ്സ്‌ സത്യപാരായണത്വത്തിനായി വിശ്വമനസ്സിന്റെ ഉപകരണമാവുകയാണ്‌. (Becoming an instrument of the cosmic mind) മരുഭൂവില്‍ വെള്ളമില്ലെന്ന്‌ അന്വേഷിച്ചു പോയ ഒട്ടേറെപേര്‍ തിരികെയെത്തിപറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്കിടയില്‍ മൂല്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ പകര്‍ന്നാടിക്കൊണ്ടിരിക്കുമ്പോഴും വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്‌ താന്‍ ഒരാള്‍പോലും അടുക്കാത്ത ഒരഗ്നിപര്‍വ്വതമായി പുകഞ്ഞടങ്ങുന്നതെന്ന്‌ തിലകന്‌ ബോധ്യമുണ്ട്‌. നപുംസകവല്‍ക്കരിക്കപ്പെടുന്ന മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ തിലകന്റെ സ്വരക്ഷപോലും മറന്നുകൊണ്ടുള്ള രോഷച്ചീന്തുകള്‍ സാംസ്‌കാരിക യുദ്ധചരിത്രത്തിലെ മിന്നല്‍പ്പിണരുകളാണ്‌.
 
തിലകന്‍ മൊഴിയുന്നു:
 
1. ആട്ടിന്‍തോലിട്ടാലും ഒരുവന്‍ ചെന്നായ അല്ലാതാകുന്നില്ല!.
 
 2 ഒരു കമ്മ്യൂണിസ്റ്റിന്‌ ജീവഭീഷണിയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതിനുപോലും ആത്മവഞ്ചനയും കോര്‍പ്പറേറ്റ്‌ സ്വഭാവവും മൂലം പാര്‍ട്ടിക്ക്‌ കഴിയുന്നില്ല.
 
3. എന്റെ ശക്തിയുടെ ശ്‌മശ്രുക്കളില്‍പോലും സ്‌പര്‍ശിക്കുവാന്‍ ഈ രാജകല്‌പനകള്‍ക്കാകില്ല.
 
4. മോഹന്‍ലാലും ഞാനും തമ്മില്‍ അസാധാരണ ട്യൂണിങ്ങാണ്‌. ലാലിനതറിയാം. പക്ഷേ താങ്ങി നടക്കുന്നവര്‍ക്കറിയില്ല!.
 
മുഖ്യധാരയില്‍ പ്രവര്‍ത്തിക്കവേതന്നെ വേറിട്ട ശബ്‌ദം കേള്‍പ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്‌. സ്ഥാപിതവും സ്വാര്‍ത്ഥനിര്‍ഭരവുമായ താല്‌പര്യങ്ങള്‍ പെരുകിവരുന്ന ഈ ആഗോളീകരണകാലത്ത്‌ സോ കാള്‍ഡ്‌ റെബലുകളെ സഹയാത്രികര്‍പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബല്‍ സെലിബ്രിറ്റി കൂടി ആണെങ്കില്‍ തറയ്‌ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാംവിധം കൂടുകയും ചെയ്യും. കൂട്ടില്‍കിടന്ന്‌ ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികള്‍ തിലകന്‌ സംഭവിക്കുവാന്‍ കാരണമതാണ്‌'
 
കൊടുങ്കാറ്റായിരുന്നു  തിലകന്‍. 
 
ജാഢ്യത്തിന്റെ അക്കേഷ്യകളെ അത്‌ ദയാരഹിതമായി കടപുഴക്കുന്നു...