Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

അണ്ടര്‍ 17 ലോകകപ്പ്; ആദ്യ ജയത്തിനായി ഇന്ത്യ കൊളംബിയക്കെതിരെ ഇന്നിറങ്ങും

അണ്ടര്‍ 17 ലോകകപ്പ്; ആദ്യ ജയത്തിനായി ഇന്ത്യ കൊളംബിയക്കെതിരെ ഇന്നിറങ്ങും

ദില്ലി : അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് രണ്ടാം അങ്കത്തിന് ഇന്നിറങ്ങും. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കൊളംബിയയുമായുള്ള കളി‍. കഴിഞ്ഞ കളിയില്‍  അമേരിക്കയുമായി എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്‍റെ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്ന് കൊളംബിയയ്‌ക്കെതിരെ വിജയം അനിവാര്യമാണ്. ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പിന് ഇറങ്ങിയ ഇന്ത്യന്‍ കൗമാര നിരയുടെ പ്രകടനം, തീര്‍ത്തും നിരാശാജനകമായിരുന്നില്ല. കോമള്‍ തട്ടാല്‍, അന്‍വര്‍ അലി, കെ പി രാഹുല്‍, ജിതേന്ദ്രസിംഗ്, ഗോളി ധീരജ് സിംഗ് എന്നിവരുടെ മിന്നുന്ന പ്രകടനം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
 
ആദ്യ മത്സരങ്ങളില്‍ തന്നെ തോല്‍വി അറിഞ്ഞ ടീമാണ് കൊളംബിയയും. ഘാനയോട് ഒരു ഗോളിനാണ് കൊളംബിയ തോറ്റത്. അടുത്ത റൗണ്ടിലേക്ക് പ്രവേശം സാധ്യമാകണമെങ്കില്‍ കൊളംബിയയ്ക്കും ഇന്ത്യക്കെതിരെ ജയം അനിവാര്യമാണ്. അതിനാല്‍ സര്‍വസന്നാഹങ്ങളുമായി ഇറങ്ങുന്ന കൊളംബിയയെ മറികടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറെ ശ്രമപ്പെടെണ്ടി വരും.
 
ഇന്ന് അഞ്ചു മണിയ്ക്ക് നടക്കുന്ന ആദ്യ മല്‍സരത്തില്‍ അമേരിക്ക ഘാനയെ നേരിടും. ഗോള്‍ വ്യത്യാസത്തില്‍ അമേരിക്കയാണ് ഗ്രൂപ്പില്‍ ഒന്നാമത്.