Sunday, December 17, 2017
Reg:No 91291/Kermal/2004/18734

പൈലറ്റിന്‍റെ ജോലി സമയം കഴിഞ്ഞു: കരിപ്പൂരിലേക്ക് എത്തേണ്ട വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി

പൈലറ്റിന്‍റെ ജോലി സമയം കഴിഞ്ഞു: കരിപ്പൂരിലേക്ക് എത്തേണ്ട വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി

നെടുമ്പാശ്ശേരി: കരിപ്പൂരിലേക്ക് എത്തേണ്ട ഒമാന്‍ എയര്‍വേഴ്‌സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. മോശം കാലാവസ്ഥയുടെ പേരിലാണ് കരിപ്പൂരില്‍ രാവിലെ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചു വിട്ടത്. പ്രതിഷേധവുമായി എത്തിയ യാത്രക്കാര്‍ക്ക് പൈലറ്റിന്‍റെ ജോലി സമയം കഴിഞ്ഞെന്ന വിശദീകരണമാണ് ലഭിച്ചത്. 
 
വിമാനത്തില്‍ 120 യാത്രക്കാരാണ് ഉള്ളത്. ഇവര്‍ ആവശ്യപ്പെട്ടുവെങ്കിലും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്നും അതുകൊണ്ടു തന്നെ കരിപ്പൂരിലേയ്ക്ക് എത്തിക്കാനാകില്ലെന്നുമാണ്  അധികൃതര് പറഞ്ഞത്. കരിപ്പൂരിലേയ്ക്ക് എത്താനുള്ള മറ്റ് യാത്രാ സൗകര്യം ഏര്‍പ്പെടുത്താനും അധികൃതര്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. 
 
വിമാനത്തില്‍ നാലര മണിക്കൂറോളം കാത്തിരുന്നിട്ടും യാത്രാസൗകര്യം ഒരുക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും യാത്രക്കാരോട് പുറത്തിറങ്ങാന്‍   ആവശ്യപ്പെടുകയും ചെയ്തു. പുറത്തിറങ്ങിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാലു മണിക്കൂറോളം വെള്ളം പോലും ലഭിച്ചില്ലെന്നും യാത്രക്കാര്‍ പറയുന്നു.