Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഫെമിനിസ്റ്റുകൾ പലരും കുറ്റാരോപിതർ : ഡോ.സെബാസ്റ്റിൻ പോൾ

ഫെമിനിസ്റ്റുകൾ പലരും കുറ്റാരോപിതർ : ഡോ.സെബാസ്റ്റിൻ പോൾ

പ്രത്യേക ലേഖകൻ 
കൊച്ചി;ദിലീപ് വിഷയത്തിൽ സിനിമയിലെയും പുറത്തെയും ഫെമിനിസ്റ്റുകളുമായി ഇതിനകം പലകുറി കൊമ്പുകോർത്തിട്ടുള്ള ഡോ.സെബാസ്റ്റിൻ പോൾ അവർക്കെതിരെ വീണ്ടും ഒളിയമ്പുകളുമായി രംഗത്ത്.സ്ത്രീ പക്ഷത്തു നിൽക്കുന്ന പല ആക്ടിവിസ്റ്റുകളും കുറ്റാരോപിതരാണെന്നാണ്  ഡോ.സെബാസ്റ്റിൻ പോളിന്റെ  ഏറ്റവും പുതിയ പ്രഖ്യാപനം.ദിലീപ് വിഷയത്തിൽ  താൻ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനത്തിലെ സഹപ്രവർത്തകരിൽനിന്നും സ്വന്തം മകനിൽ നിന്ന് പോലും കടുത്ത പ്രതിഷേധം ഉയർന്നിട്ടും  സ്വന്തം നിലപാടുകളിൽ അടിയുറച്ച് നിൽക്കുകയാണ് ഈ മുതിർന്ന മാധ്യമ പ്രവർത്തകൻ.സിനിമാരംഗത്ത്‍ സജിത മഠത്തിലിന്റെ നേതൃത്വത്തിലുള്ള പെൺപടയാണ് അദ്ദേഹത്തിനെതിരെ അണിനിരന്നത്.
 
മനോരമ ന്യൂസ് നടത്തിയ അഭിമുഖത്തിലാണ് ഡോ.സെബാസ്റ്റിൻ പോളിന്റെ പുതിയ ഒളിയമ്പുകൾ. 
 
താൻ സ്ത്രീപക്ഷത്ത് നിൽക്കുന്നില്ലെങ്കിലും സ്ത്രീയോടുള്ള തന്റെ സമീപനത്തിൽ എന്തെങ്കിലും പോരായ്മയുണ്ടായിട്ടുള്ളതായി ഒരു  ആക്ഷേപവും  ഇന്നേവരെ ഉണ്ടായിട്ടില്ല.എന്നാൽ പല സ്ത്രീപക്ഷവാദികളുടെയും കാര്യം അങ്ങിനെയല്ല,സെബാസ്റ്റിൻ  പോൾ പറഞ്ഞു.
 
 
'എൻ്റെ   മുന്നിലുള്ള വിഷയം ഒരു തടവുകാരനാണ്.ആ തടവുകാരന് നേരെ കേരളത്തിലെ പൊതു സമൂഹം കാണിക്കുന്ന നിലപാട് തെറ്റാണ്.കുറ്റം സംശയാതീതമായി   തെളിയിക്കപ്പെടുന്നതുവരെ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകണം.പോലീസ്  ഹാജരാക്കുന്ന തെളിവുകൾ,പോലീസിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന കുറ്റപത്രം ഇതൊന്നും കോടതി പൂർണ്ണമായും വിശ്വസിക്കുന്നില്ല. അതിനാൽ പോലീസിനെ നമ്മൾ സംശയത്തോടെ കാണണം,ഡോ.സെബാസ്റ്റിൻ പോൾ തുടർന്നു 
 
'നമ്മുടെ നിയമ വ്യവസ്ഥപോലും പോലീസിനെ വിശ്വസിക്കരുതെന്നാണ്  പറയുന്നത്.ആ  തത്വം ഇവിടെയും ബാധകമാണ്.   ദിലീപിനെ ഒറ്റപ്പെടുത്തുന്നവർ പോലീസിന്റെ ഭാഷ്യം മാത്രം കേട്ടാണ് അദ്ദേഹത്തെ കുറ്റക്കാരനായി കാണുന്നത്.'
 
  'തന്നെപ്പോലുള്ളവർ ഇരയുടെ പക്ഷത്തല്ല നിൽക്കുന്നതെന്ന് പറയുന്നത് തെറ്റാണ്.എല്ലാവരുടെ മനസിലും ഇരയോടുള്ള അനുതാപമുണ്ട് .ദിലീപിന്റ്റെ അഭിഭാഷകന്റെ മനസ്സിൽ, ജാമ്യം കൊടുത്ത ജഡ്ജിയുടെ മനസ്സിൽ പോലും, ഇരയ്ക്ക് അനുകൂലമായ നിലപാടുണ്ട്.യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി ആദ്യ അറസ്റ്റ്  നടന്ന ശേഷമാണ് ദിലീപിന്റെ പേര് വരുന്നത്.ഇരയാക്കപ്പെട്ട നടി ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല.അവർ ദിലീപിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ തന്റെ നിലപാട് മാറുമായിരുന്നു.'
 
'മഞ്ജു വാര്യരും  മറ്റും ഉപയോഗിച്ച 'ഗൂഡാലോചന' എന്ന ഒരു പുതിയ സിദ്ധാന്തത്തിന്റെ പിൻബലത്തിലാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്.മുഖ്യമന്ത്രി പോലും ആദ്യം പറഞ്ഞത് ഗൂഢാലോചന നടന്നിയിട്ടില്ല എന്നാണ്.ആക്രമിക്കപ്പെട്ട നടിക്ക് പോലും ആദ്യം എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു .അറിയാവുന്നത് പൾസർ സുനിക്കും കൊട്ടേഷൻ നൽകിയ ആളിനും മാത്രം.പിന്നീട് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്.സാഹചര്യതെളിവുകളിൽ ചില കണ്ണികൾ വിട്ടുപോകുമെന്ന തോന്നലുണ്ടായി.ആ തോന്നലിൽ നിന്നാണ് സംശയങ്ങൾ ഉണ്ടായത്.'
 
'ഗൂഡാലോചനക്കേസ് നിലനിൽക്കണമെങ്കിൽ മോട്ടീവ് വേണം.ഭൂമി ഇടപാടാണ് ഈ കേസിൽ ചൂണ്ടിക്കാട്ടാവുന്ന മോട്ടീവ്.അതില്ലെന്ന്‌ ആക്രമിക്കപ്പെട്ട നടി തന്നെ പറഞ്ഞ സ്ഥിതിക്ക് അതിനും സാധുതയില്ല.അതുകൊണ്ടൊക്കെ സമർഥനായ ഒരു ക്രിമിനൽ അഭിഭാഷകന് നിസ്സാരമായി പൊളിക്കാവുന്ന ഒരു കേസാണിത്.ആരോ എഴുതിയ തിരക്കഥയ്ക്കനുസരിച്ചാണോ പോലീസ് അന്വേഷണമെന്ന് ഒരു ഘട്ടത്തിൽ ജെഡ്ജി  പോലും  സംശയം പ്രകടിപ്പിച്ചു.'
 
'ദിലീപ് ശിക്ഷിക്കപ്പെടേണ്ടവനാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.എന്നാൽ പോലീസിൻറ്റെ ഭാഷ്യം കേട്ടുകൊണ്ട്  ദിലീപ് കുറ്റവാളിയാണെന്ന് പറയുന്നത് തെറ്റാണ്.കുറ്റാരോപിതനാണ് എന്നു  പറഞ്ഞാൽ അയാളിൽ പോലീസ് കുറ്റം ആരോപിക്കുന്നു എന്നു മാത്രമേ അർത്ഥമുള്ളൂ.വെറുതേ വിടുമ്പോൾ പോലും സംശയത്തിന്റ്റെ ആനുകൂല്യം നൽകുന്നു എന്ന് കോടതി പറയാറുണ്ടല്ലോ.ഒരു സമൂഹം മുഴുവൻ ഒരാൾക്ക് നേരെ തിരിയുമ്പോൾ അയാൾക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരും  അന്വേഷിക്കുന്നില്ല.ആ  ദൗത്യമാണ്‌ താൻ  ഏറ്റെടുത്തത്.പലരുടെ കാര്യത്തിലും താൻ അങ്ങിനെ ചെയ്തിട്ടുണ്ട്.'
 
 'മാധ്യമ വിചാരണയാണ്‌ മാധ്യമങ്ങൾക്കെതിരായ ഏറ്റവും വലിയ പരാതി.മാധ്യമങ്ങൾ നടത്തുന്ന ബദൽ അന്വേഷണം പലകേസുകളും തെളിയിക്കപ്പെടാൻ സഹായിച്ചിട്ടുണ്ട്.അത് ഇവിടെയും സംഭവിച്ചു.പോലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായാൽ അത് തിരുത്തുവാൻ മാധ്യമങ്ങൾക്കു കഴിയും' .