Sunday, December 17, 2017
Reg:No 91291/Kermal/2004/18734

രാത്രിയിൽ സ്​ത്രീകളുടെ മുറിമുടിക്കുന്നയാളെന്ന്​ ആരോപിച്ച് കശ്മീരില്‍ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു

രാത്രിയിൽ സ്​ത്രീകളുടെ മുറിമുടിക്കുന്നയാളെന്ന്​ ആരോപിച്ച് കശ്മീരില്‍ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു

ശ്രീനഗര്‍: രാത്രിയില്‍ സ്ത്രീകളുടെ മുടി മുറിച്ചുമാറ്റുന്നുവെന്നാരോപിച്ച് കശ്മീരില്‍ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്‌നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ എഴുപതുകാരൻ അബ്ദുള്‍ സലാം വാനി ആണ് കൊല്ലപ്പെട്ടത്. രാത്രി നമസ്​കാരം കഴിഞ്ഞ്​ പള്ളിയിൽ നിന്ന്​ വീട്ടിലേക്ക്​ പോകുമ്പോഴായിരുന്നു സലാം വനിയെ കല്ലെറിഞ്ഞു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ  ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.
 
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ ചില സ്ത്രീകളുടെ മുടി മുറിച്ചു നീക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. രാത്രിയിൽ സ്​ത്രീകളുടെ മുറിമുടിക്കുന്നയാളെന്ന്​ ആരോപിച്ചാണ്​ യുവാക്കൾ വാനിയെ ആക്രമിച്ചതെന്നാണ്​ റിപ്പോർട്ട്​. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് അനന്ത്‌നാഗ് പോലീസ് വ്യക്തമാക്കി. വാനിയെ കൂട്ടം ചേർന്ന്​ ആക്രമിച്ചതല്ലെന്നും അബദ്ധത്തിലുണ്ടായ സംഭവമായതിനാലാണ് പോലീസില്‍ അറിയിക്കാതിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
 
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് അടുത്തിടെ ഭിന്നലിംഗക്കാരിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ജനക്കൂട്ട ആക്രമണത്തിൽ നിന്നും പോലീസാണ്​ ഇവരെ രക്ഷപ്പെടുത്തിയത്​. മുടി മുറിക്കുന്നയാളെ പിടികൂടുന്നതിന്​ ഗ്രാമവാസികൾ പ്രദേശത്ത്​ രാത്രി പട്രോളിങ്​ നടത്തിവരുന്നുണ്ട്​.