Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി: മന്ത്രി എ.സി.മൊയ്തീന്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി: മന്ത്രി എ.സി.മൊയ്തീന്‍

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി കൊച്ചി തയ്യാറായതായി കായിക മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. മത്സരത്തിനെത്തുന്ന വിദേശ കായിക താരങ്ങളേയും വിദേശ വിനോദ സഞ്ചാരികളേയും മാധ്യമ പ്രവര്‍ത്തകരേയും കാണികളേയും സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കേരളത്തിലുടനീളം അലയടിക്കുക യാണ്.
 
കൊച്ചിയില്‍ അഞ്ച് ദിവസങ്ങളിലായി എട്ട് മത്സരങ്ങളാണ് നടക്കുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയവും അഞ്ച് പരിശീലന മൈതാനങ്ങളും അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കാന്‍ 50 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിന്റെ ഭാഗമായി പ്രാദേശിക തലങ്ങളിലടക്കം മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി. സെപ്റ്റംബര്‍ 27 ന് കേരളത്തിലുടനീളം നടത്തിയ ' വണ്‍ മില്ല്യണ്‍' ഗോള്‍ പരിപാടി ജനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങി. രണ്ട് മില്യണ്‍ ഗോളുകളാണ് ഒരു ദിവസം കൊണ്ട് അടിച്ചത്. ഏത് അന്താരാഷ്ട്ര മത്സരവും ഏറ്റെടുക്കാന്‍ പര്യാപ്തമായ മികച്ച സംഘാടക ശേഷി കേരളത്തിനുണ്ട്.
 
വളരെ കുറഞ്ഞ സമയത്തില്‍ മത്സരത്തിനാവശ്യമായ ക്രമീകരണം ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികള്‍ മികച്ച പിന്തുണ നല്‍കുമെന്നുറ പ്പാണെ ന്ന് മന്ത്രി അറിയിച്ചു. കൊച്ചിയെ മത്സരങ്ങള്‍ക്ക് സജ്ജമാക്കാന്‍ അശ്രാന്തം പരിശ്രമിച്ച ഉദ്യോഗസ്ഥര്‍, കരാറുകാര്‍, തൊഴിലാളികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമേ കായിക മാമാങ്കം ഹൃദയത്തിലേറ്റെടുത്ത കേരളീയ ജനതയ്ക്കും മന്ത്രി നന്ദി രേഖപ്പെടുത്തി. കേരളത്തിലെ മുഴുവന്‍ കായിക പ്രേമികളെയും അദ്ദേഹം കൊച്ചിയിലേക്ക് സ്വാഗതം ചെയ്തു.