Sunday, December 17, 2017
Reg:No 91291/Kermal/2004/18734

അധികാരി ചമയാനുമുള്ള ആൾക്കൂട്ടത്തിന്റ്റെ ആവേശം അത്യാപത്ത്‌

അധികാരി ചമയാനുമുള്ള ആൾക്കൂട്ടത്തിന്റ്റെ  ആവേശം അത്യാപത്ത്‌

എസ്.ശാരദക്കുട്ടി 

ഏരൂർ സംഭവത്തിൽ എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം

ഏഴു വയസ്സുകാരിക്ക് പോലും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ആ വീട്ടിലില്ലെന്ന് അറിയാമായിരുന്ന നാട്ടുകാർ , ആ കുടുംബം അങ്ങനെ ജീവിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന്,അവരുടെ സാഹചര്യങ്ങളെന്തായിരുന്നു, എന്ന് അന്വേഷിച്ചിട്ടുണ്ടോ? ആ സ്ത്രീകളെ അടിച്ചോടിക്കുന്നതിനു പകരം അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരമന്വേഷിക്കുകയും ഇതു പോലെ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകയ്യെടുക്കുകയുമല്ലേ വേണ്ടിയിരുന്നതു്? അതിവൈകാരികമാകാനും അധികാരി ചമയാനുമുള്ള ആൾക്കൂട്ടത്തിന്റ്റെ ഈ ആവേശം നാടിനെ വലിയ ദുരന്തങ്ങളിലേക്കാണ് കൊണ്ടു പോകുന്നത്. 

ദാരിദ്ര്യവും പട്ടിണിയും അജ്ഞതയും മയക്കുമരുന്നും മദ്യവും മൂലം വലിയ ആപത്തുകളിലേക്കു കൂപ്പുകുത്തി വീഴുന്ന ജനത ഒരു വഴിക്ക്. കുലീനതാ നാട്യങ്ങളും സദാചാര ബോധവും മത വർഗ്ഗീയ വൈരങ്ങളും തലക്കു പിടിച്ച മറ്റൊരു വിഭാഗം ജനത മറുവശത്ത്. 

മികച്ചസാമൂഹ്യശാസ്ത്രജ്ഞരും മനശ്ശാസ്ത്രജ്ഞരും തത്കാലരാഷ്ട്രീയ നേട്ടങ്ങളിൽ മോഹമില്ലാത്ത, പ്രബുദ്ധമായ രാഷ്ട്രീയ ബോധമുള്ളവരും അടിയന്തിരമായി ഒത്തുചേർന്ന് ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ദീർഘവീക്ഷണമുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. മതപരമോ സാംസ്കാരികമോ വിദ്യാഭ്യാസ പരമോ ജീവിത സംബന്ധിയോ ആയ ഏതു തരം അജ്ഞതയെയും ദാരിദ്ര്യത്തെയും മുതലെടുക്കാനിറങ്ങുന്നവരെ തിരിച്ചറിഞ്ഞ് ജാഗ്രത പുലർത്തുവാൻ ജനങ്ങളെ തയ്യാറെടുപ്പിക്കുവാനുള്ള സവിശേഷ സന്ദർഭമാണിത്.