Sunday, December 17, 2017
Reg:No 91291/Kermal/2004/18734

എം.ആർ. വാക്സിൻ; പേടിക്കേണ്ടതില്ല മീസിൽസ്-റുബെല്ല രോഗങ്ങളെ

എം.ആർ. വാക്സിൻ;  പേടിക്കേണ്ടതില്ല  മീസിൽസ്-റുബെല്ല രോഗങ്ങളെ

തിരുവനന്തപുരം: വൈറസ്മൂലമുള്ള പല രോഗങ്ങളും പ്രതിരോധ കുത്തിവെപ്പുവഴി മാത്രമേ ഭൂലോകത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിയു. ഇതിനു ഉദാഹരണമായി വസൂരിയും പോളിയോയും നമ്മുടെ മുന്നില്‍ ഉണ്ട്. റുബെല്ല വാക്സിൻ നൽകുന്നതിനെ അനുകൂലിച്ചും എതിർത്തും നിരവധി പ്രചാരണങ്ങൾ വരുമ്പോള്‍ നമ്മള്‍ ഇതേ കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. അമേരിക്കയിൽ ഈ വാക്സിൻ വഴി വൈറസിനെ പൂർണമായും നിർമാർജനം ചെയ്തതായി ലോകാരോഗ്യസംഘടന വെളിപ്പെടുത്തിയിട്ടുണ്ട്
 
മീസിൽസ്-റുബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കമിടുന്നത്. രാജ്യത്ത് പ്രതിവർഷം 49,200 കുട്ടികൾ മീസിൽസ് രോഗംമൂലം മരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. 
2020-നുള്ളിൽ മീസിൽസ്, റുബെല്ല അസുഖങ്ങൾ പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് എം.ആർ. വാക്സിൻ പദ്ധതി. 
 
എന്താണ് മീസിൽസ്? എങ്ങനെ പകരും?
 
വൈറസ്മൂലമുണ്ടാകുന്ന ഒരു സാധാരണ സാംക്രമികരോഗമാണ് മീസിൽസ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. കുഞ്ഞിന്‍റെ മരണത്തിനോ അംഗവൈകല്യത്തിനോവരെ ചിലപ്പോൾ കാരണമായേക്കാവുന്ന രോഗമാണിത്. പാരാമിക്സോ വൈറസ് വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് മീസിൽസ് രോഗത്തിന് കാരണം. മനുഷ്യരിൽ മാത്രമേ ഈ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയൂ. ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതൽ. വായുവിലൂടെ പകരുന്ന രോഗമാണിത്.
 
എന്താണ് റുബെല്ല ?
 
അപകടകാരിയല്ലാത്ത ഒരു സാംക്രമികരോഗമാണ് റുബെല്ല അഥവാ ജർമൻ മീസിൽസ് എങ്കിലും ഗർഭിണികൾക്കു പിടിപെട്ടാൽ ഗർഭസ്ഥശിശുവിന് ചില വൈകല്യങ്ങൾ വരാനിടയുണ്ട്. ഗർഭിണികൾക്കുണ്ടാകുന്ന റുബെല്ല, സി.ആർ.എസിന് (കൻജൻഷ്യൽ റുബെല്ല സിൻഡ്രോം) കാരണമാകുന്നു.
റുബെല്ല ബാധിതരായ ഗർഭിണികളുടെ കുട്ടികൾക്ക് ജന്മനായുള്ള കാഴ്ചത്തകരാറുകൾ, കേൾവിയില്ലായ്മ, ബധിരത, ഹൃദയരോഗങ്ങൾ എന്നിവയുണ്ടാകാം. രോഗംമൂലം മരിച്ച ശിശുക്കളുടെ മിക്ക അവയവങ്ങളിലും വൈറസുകളുടെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
 
പ്രതിരോധം 
 
ഒൻപതുമാസം മുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുക. നേരത്തേ എം.ആർ. പ്രതിരോധമരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിക്ക്  കുത്തിവെപ്പ് നിർബന്ധമായും നൽകുക. മീസിൽസ്-റുബെല്ല എന്നിവമൂലമുണ്ടാകുന്ന മരണകാരണമായ പ്രത്യാഘാതങ്ങൾ (ന്യൂമോണിയ, വയറിളക്കം, മസ്തിഷ്കജ്വരം) എന്നിവയ്ക്കെതിരെയുള്ള ഏക പ്രതിരോധമാർഗമാണ് പ്രതിരോധകുത്തിവെപ്പ്. സ്കൂളുകളിലും എല്ലാ സർക്കാർ ആസ്പത്രികളിലും എം.ആർ. പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകുന്നു.
 
കുത്തിവെപ്പിനുശേഷം ചെറിയ വേദന, പനി എന്നിവയുണ്ടാകാം. എന്നാൽ, അത് തൊട്ടടുത്ത ദിവസംതന്നെ ഇല്ലാതാവും. എം.ആർ. വാക്സിന് പാർശ്വഫലങ്ങളില്ല. തികച്ചും സുരക്ഷിതമാണ് ഈ കുത്തിവെപ്പ്. ഇതൊരു പുതിയ വാക്സിൻ അല്ല. കഴിഞ്ഞ അമ്പതുവർഷമായി ലോകം മുഴുവൻ കൊടുത്തുകൊണ്ടിരിക്കുന്ന മീസിൽസ്-റുബെല്ല വാക്സിനുകൾ സംയോജിപ്പിച്ചതാണ് ഇപ്പോഴുള്ള ഒറ്റ വാക്സിൻ.
 
ഗർഭിണികളിലാണ് റുബെല്ല വൈറസ് പ്രശ്നംസൃഷ്ടിക്കുന്നതെങ്കിലും ആൺകുട്ടികളിലും കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. പൂർണമായും വൈറസിന്റെ ഉന്മൂലനം സാധ്യമാവണമെങ്കിൽ രോഗം പകരുന്നത് തടഞ്ഞേതീരൂ എന്നതിനാലാണിത്.
 
രാജ്യത്ത് പ്രതിവർഷം 40,000-ത്തിലേറെ കുട്ടികളുടെ മരണത്തിനിടയാക്കുന്ന അഞ്ചാംപനിയും ആയിരക്കണക്കിന് കുട്ടികൾക്ക് ജനിക്കുമ്പോൾത്തന്നെ വൈകല്യം സൃഷ്ടിക്കുന്ന റുബെല്ലയും തുടച്ചുമാറ്റുന്നതിനായുള്ള സാമൂഹിക പ്രതിബദ്ധത നമ്മള്‍ക്ക് എല്ലവര്‍ക്കും ഉണ്ട്.