Sunday, October 22, 2017
Reg:No 91291/Kermal/2004/18734

കിട്ടുംതോറും ദരിദ്രരാകുന്നവർ...

കിട്ടുംതോറും ദരിദ്രരാകുന്നവർ...

                                                            ഷൗക്കത്ത് 

തേടുന്നത് ലഭിക്കാത്തതില്‍ നാം പലപ്പോഴും ദു:ഖിതരാണ്. അത് സ്വാഭാവികം. എന്നാല്‍ ലഭിക്കുന്നതില്‍ നമുക്ക് കൃതജ്‍ഞതയുണ്ടോ? വളരെ കുറവാണ്. അതെത്ര അസ്വാഭാവികമാണ്!

എത്ര ലഭിച്ചാലും ലഭിക്കാത്തതിനെപ്രതിയുള്ള വിഷാദം ഇത്രയും അലട്ടുന്ന മറ്റൊരു ജീവിയുണ്ടാകില്ല. ജീവിതം എന്നെന്നും അതൃപ്തിയോടെ തുടരുന്നതിനു കാരണവും മറ്റൊന്നല്ല.

കിട്ടുംതോറും കിട്ടാനുള്ള ദാഹം കൂടുന്നു. കിട്ടുംതോറും നാം കൂടുതല്‍ ദരിദ്രരാവുന്നു. ആവശ്യത്തിനുള്ളപ്പോള്‍ നാം ധാരാളികളായിരുന്നു. കുറെയൊക്കെ തൃപ്തരായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ തുടങ്ങിയതോടെ നാം പഞ്ഞമുള്ളവരായിത്തുടങ്ങി. ഇതെന്തൊരു പ്രതിഭാസമാണ്.

ഇപ്പോള്‍ അല്പം ടൈറ്റിലാണ് എന്ന് ഏറ്റവും കൂടുതല്‍ പറയുന്നവര്‍ ആരാണ്? ഉള്ളവരാണ്. ആവശ്യത്തില്‍ കൂടുതല്‍ ആര്‍ജ്ജിക്കുന്നവരില്‍ ആലസ്യവും നീരസവും കൂടിവരുമെന്നത് അനുഭവിക്കാത്ത ആരുമില്ല. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണംകഴിച്ചതിനുശേഷമുള്ള അനുഭവം തന്നെ സാക്ഷി.

ഉള്ളതില്‍നിന്ന് ഒരു പങ്ക് അതില്ലാത്തവരിലേക്കു പകരാന്‍ കഴിയുന്നവര്‍ ധന്യരാകും. ധനാഢ്യരാകും. കാരണം കൊടുക്കുംതോറും കൂടുകയും ആര്‍ജ്ജിക്കുംതോറും കുറയുകയും ചെയ്യുന്ന അപൂര്‍വ്വാനുഭൂതിയാണ് തൃപ്തി...

നമ്മിലുള്ളത്, അത് ധനമോ അറിവോ സ്നേഹമോ കരുണയോ അതെന്തുമാകട്ടെ... ഒരല്പം അത് അത്രയും അത്യാവശ്യമായിരിക്കുന്നവരിലേക്ക് പകര്‍ന്നുനോക്കൂ.. അന്നു രാത്രി നാം ഏറ്റവും ശാന്തതയോടെ ഉറങ്ങും....