Friday, February 23, 2018
Reg:No 91291/Kermal/2004/18734

ഇവിടെ എൻഡോസൾഫാൻ അവിടെ പ്രൊഫെഫോനോസ്

ഇവിടെ എൻഡോസൾഫാൻ അവിടെ പ്രൊഫെഫോനോസ്

പ്രത്യേക ലേഖകൻ 

കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ കീടനാശിനി-രാസവള വ്യവസായികൾ കൊഴുത്തു തടിക്കുന്നതാണ് ഇന്ത്യൻ കാർഷിക മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.കർഷകരുടെ വോട്ടു കൂടി വാങ്ങി അധികാരത്തിലേറിയ ഒരു ഭരണകൂടത്തിനും രാസവള -കീടനാശിനിലോബിയുടെ പിടിയിൽ നിന്നു മോചനമില്ലെന്നതാണ് സത്യം. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിൽ  കൃഷിക്ക്  അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കർഷകർ  മരിച്ച സംഭവം നമ്മുടെ ഭരണകൂടങ്ങൾ കീടനാശിനി നിർമ്മാതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്ന്ഒരിക്കൽ കൂടി വെളിവാക്കുന്നു. 400 പേര്‍ ആശുപത്രിയിലുള്ളത് സംഭവത്തിന്റ്റെ ഭയാനകത കൂട്ടുന്നു.
 
കക്ഷിരാഷ്ട്രീയഭേദമെന്യേ ഏതൊരു ഭരണകൂടത്തെയും പണക്കൊഴുപ്പ് കൊണ്ട് കീശയിലാക്കുമെന്ന് കീടനാശിനി ലോബി ഒരിക്കൽ കൂടി തെളിയിച്ചു.കാർഷിക മേഖലയിൽ പിടിമുറുക്കിയിരിക്കുന്ന പണച്ചാക്കുകളുടെ പതിറ്റാണ്ടുകളായുള്ള കൂട്ടായ്മയാണ് കീടനാശിനി-രാസവള ലോബി.ബഹുരാഷ്രകമ്പനികളായ ഇവയ്ക്കു ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലുംവേരുകളുണ്ട്. രാസവളങ്ങൾ മാത്രം ഉപയോഗിക്കാൻ കർഷകരെ  പ്രേരിപ്പിക്കുന്ന ഈ ലോബി വിളവിറക്കിന്റ്റെ പ്രാരംഭം മുതൽ രാസകീടനാശിനികൾ മാത്രം  ഉപയോഗിക്കാനും  അവരെ പ്രോൽസാഹിപ്പിക്കുന്നു.ജൈവവളങ്ങൾ ഉപയോഗിക്കുവാൻ കർഷകരെ പ്രേരിപ്പിക്കുന്ന കൂട്ടായ്മകൾ മഹാരാഷ്ട്രയിലും സജീവമാണെങ്കിലും മാറി മാറി വരുന്ന ഗവൺമെന്റ്റുകളിൽ കീടനാശിനി ലോബിക്കുള്ള ശക്തമായ  സ്വാധീനം മൂലം കർഷകരിൽ ഇനിയും മനഃപരിവർത്തനം സംഭവിപ്പിക്കുവാൻ അവർക്കായിട്ടില്ല.
 
കേരളത്തിൽ എൻഡോസൾഫാന്റ്റെ  ആദ്യ അപകടസൂചനകൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ഭരണത്തിന്റെ മുകൾതട്ട് മുതൽ കീഴ്തട്ട് വരെ എൻഡോസൾഫാൻകാരുടെ ആനുകൂല്യം  പലരീതിയിൽ കൈപ്പറ്റികൊണ്ടിരുന്നവർ കൂസിയില്ല.ആദ്യമൊക്കെ അംഗവൈകല്യങ്ങളും ഒറ്റപ്പെട്ട മരണങ്ങളുമൊക്കെ മാധ്യമ ശ്രദ്ധയിലും പെടാതെ പോയി.എന്നാൽ ഒരു പ്രദേശത്തെയാകെ ദുരന്തഭൂമിയാക്കികൊണ്ട് എൻഡോസൾഫാൻ എന്ന കൊടുംവിഷം താണ്ഡവമാടിയതോടെ പ്രാദേശിക നേതാക്കളും തുടർന്ന് ഗവൺമെൻറ്റും ഉറക്കംവിട്ട്  ഉണരുന്നതായി നടിച്ചുതുടങ്ങി.കീടനാശിനി-രാഷ്ട്രീയ നേതൃത്വ ലോബിയാൽ ജീവിതം നഷ്ടപ്പെട്ടവർക്ക് പേരിനൊരു പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും എല്ലാം ഒതുങ്ങി.
 
കേരളത്തിൽ കർഷകർക്കിടയിൽ രാസവള മുക്ത കൃഷിയുടെ പ്രചാരം ഫലംകണ്ടുതുടങ്ങാൻ എൻഡോസൾഫാൻ പോലൊരു വാൻ ദുരന്തം അരങ്ങേറേണ്ടി വന്നുവന്നതാണ് യാഥാർഥ്യം.തലമുറകളോളം നീളുന്ന  എൻഡോസൾഫാൻ ദുരന്ത രക്തസാക്ഷികളോട് കേരളീയർ അതിനാൽ തീർത്താൽ തീരാത്തവണ്ണം കടപ്പെട്ടിരിക്കുന്നു.
 
ഉള്ളിയുടെ മണമുള്ള ഒരു ഓർഗാനോ ഫോസ്ഫേറ്റ് കീടനാശിയാണ് പ്രൊഫെഫോനോസ്.1982-ൽ അമേരിക്കയിൽ ഇത് രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും 2015 വരെ ഇതിന്  യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരമില്ലായിരുന്നു.പരുത്തിച്ചെടിയിലെ കീടങ്ങൾക്കെതിരെയാണ് ഇത് ഉപയോഗിക്കുന്നത് പ്രൊഫെഫോനോസ്,   സൈപ്പെര്‍ മെത്രിന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന ശക്തമായ ഈ കീടനാശിനി ചെടിക്ക് തളിച്ച 18 കര്‍ഷകരാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.
 
കാലാവസ്ഥ വ്യതിയാനം മൂലം പരുത്തി ചെടികളില്‍  ഈ വര്‍ഷം കീടങ്ങളുടെ ആക്രമണം കൂടുതലായിരുന്നു. ഇതുമൂലം വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്ലാത്തതാണ് മരണ സംഖ്യ ഉയരാന്‍ കാരണം.
 
ഇപ്പോൾ ദുരന്തം സംഭവിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ല സംസ്ഥാനത്തെ പ്രസിദ്ധമായ പരുത്തിക്കൃഷി മേഖലയാണ്  ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് പരുത്തിച്ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും മരണം നടന്നത്.സംസ്ഥാനത്തെ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ഇടക്കാലതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു.കർഷക പ്രക്ഷോഭം രൂക്ഷമായതോടെ മുഴുവൻ കാർഷിക കടങ്ങളും എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചു.സർക്കാർ നൽകിയ ഈ ഉറപ്പിന്മേലാണ്  കർഷകർ സമരം പിൻവലിച്ചത്. സമരം തുടരുന്നപക്ഷം താൻ രാജിവെക്കുമെന്നുപോലും ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  ഗവർണ്മെന്റ്റിനുള്ള പിന്തുണ പിൻവലിക്കുമെന്ന്  കേന്ദ്ര ബി ജെ പി ഭീഷണിമുഴക്കിയിരുന്നു.ഇത്തരമൊരു   പശ്ചാത്തലത്തിൽ ദുരന്തത്തിന് വലിയ  രാഷ്ട്രീയപ്രാധാന്യവുമുണ്ട്.