Friday, February 23, 2018
Reg:No 91291/Kermal/2004/18734

ദൈവങ്ങളെ മാളുകളിലേക്കു മാറ്റണം...

ദൈവങ്ങളെ മാളുകളിലേക്കു മാറ്റണം...

ജി.അശോക് കുമാർ കർത്ത 

അച്ഛനുമമ്മയും ഈശ്വരവിശ്വാസികളായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ ക്ഷേത്രത്തിൽ പോകുന്ന പതിവൊന്നുമില്ല. പരദേവതയായിരുന്നു ശരണം. അതിനു വീട്ടിലൊരു വിളക്കുവക്കും. നാമം ജപിക്കും. മതപഠനത്തിനൊന്നും അവർ മിനക്കെട്ടില്ല. ഞങ്ങളെ അയക്കുകയും ചെയ്തില്ല. അതിന്റെയൊന്നും ആവശ്യമില്ലായെന്നു അവർക്കു ബോദ്ധ്യമുണ്ടായിരുന്നു. വേദപഠനവും പൂജയുമൊക്കെ ഉപാസനകൾക്കുള്ളവർക്കാണെന്നു അവർ തിരിച്ചറിഞ്ഞിരുന്നു.

ഏറ്റുമാനൂരും, വൈക്കവും, അമ്പലപ്പുഴയും, ഗുരുവായൂരുമൊക്കെയാണു അന്നു പ്രാധാന ക്ഷേത്രങ്ങൾ. വല്ലപ്പോഴുമെങ്ങാനും അവിടെയൊക്കെ പോയാലായി. തവണവച്ചു ശബരിമലയ്ക്കു പോകുന്ന പതിവുമില്ല. ഇന്നത്തെപ്പോലെ ബ്രാൻഡഡ് ക്ഷേത്രങ്ങളോ അവിടേക്കുള്ള തീർത്ഥയാത്രകളോ ഇല്ലായിരുന്നു. ആത്മീയം വരുന്നവരാണു തീർത്ഥയാത്ര പോകുന്നത്. അവർ തിരിച്ചുവന്നാൽ അനുഭവം പങ്കുവക്കും.

വീട്ടിലേ വിശേഷങ്ങൾക്കു പൂജയും ശീട്ടെഴുത്തുമൊന്നും പതിവില്ല. പിറന്നാളിനു മുതുകാട്ടുകര അമ്പലത്തിൽ തെരളി കഴിപ്പിക്കും. അതാരെങ്കിലും വശം കൊടുത്തുവിടുകയേ ഉള്ളു. അല്ലാതെ പിറന്നാൾക്കാരനും കുടുംബവും പോകണമെന്നു വിശ്വാസമൊന്നുമില്ല. പശുപെറ്റാൽ ഇടങ്ങഴി പാലൂകൊടുക്കുന്നത് നിർബ്ബന്ധമാണു. മിണ്ടാപ്രാണിയല്ലെ. അതിനു അദൃഷ്ടമൊന്നുണ്ടാകാതെ ഈശ്വരൻ നോക്കണം. പാലുവഴിപാട് അതിനാണു. അതുപോലെ കൃഷി കള്ളൻ കൊണ്ടുപോകാതിരിക്കാൻ മലയാലപ്പുഴയ്ക്കു കായോ, കിഴങ്ങോ നേർന്നിട്ടുണ്ടെങ്കിൽ അതും കൊടുത്തയക്കും. അന്നു മലയാലപ്പുഴയെന്നൊന്നും ആരും വാതുറന്നു പറയാറുപോലുമില്ല.

വെട്ടിക്കോട്ടു പോകുന്നവരെക്കണ്ടാൽ എട്ടണയോ ഒരു രൂപയോ കൊടുത്തുവിടുന്ന പതിവുണ്ടായിരുന്നു. സർപ്പദോഷം വരാതിരിക്കാനാണു. നൂറും പാലും കഴിക്കാനാണത് കൊടുത്തുവിടുന്നത്. അവരതിനു ചായകുടിച്ചാലും അമ്മയ്ക്കു പ്രശ്നമൊന്നുമില്ല. അന്നു കൂടുതൽ പേരും നടന്നാണു പോകുന്നത്. ക്ഷീണിക്കുമ്പോൾ ആ പൈസയെടുത്തു ചിലപ്പോൾ ചായ കുടിച്ചെന്നിരിക്കും. ഈശ്വരനിശ്ചയം അതാണെങ്കിൽ അതിലൊന്നും അമ്മയ്ക്കു പരിഭവമില്ല. എല്ലാം അറിഞ്ഞുനടത്തുന്നവനാണല്ലോ‍ ഈശ്വരൻ. ചായ കുടിച്ചെങ്കിൽ അതു സർപ്പദൈവങ്ങൾ പറഞ്ഞിട്ടാണെന്നു വക്കും. അങ്ങനെയൊരു അറിവ് അന്നുള്ളവർക്കുണ്ടായിരുന്നു. അതുകൊണ്ട് പേരും നാളും എഴുതി ശീട്ടാക്കിച്ച് ഫലം കൊണ്ടുവരണമെന്ന നിർബ്ബധിക്കാറുമില്ലായിരുന്നു. ഈശ്വരൻ സർവ്വവ്യാപിയും സർവ്വശക്തനുമാണെന്ന ബോധമുള്ള തലമുറയായിരുന്നു അന്നുണ്ടായിരുന്നത്. ക്ഷേത്രപ്രവേശന വിളംബരം വന്നു 40കൊല്ലം കഴിഞ്ഞിട്ടുമുള്ള അവസ്ഥയാണു പറഞ്ഞത്.

പിന്നീട് എന്നേപ്പോലുള്ള കണ്ടാംക്രാസുകൾ അമ്പലങ്ങളിൽ കയറി നെരങ്ങാൻ തുടങ്ങിയപ്പോഴാണു ക്ഷേത്രാരാധന ഒരു വ്യവസായമായി മാറുന്നത്. ഭക്തി ബ്രാൻഡഡായി. പൂജയ്ക്ക് ശീട്ടാക്കൽ നിർബ്ബന്ധമായി. ഫലം കണക്കുപറഞ്ഞ് ചോദിക്കാനും തുടങ്ങി. പ്രാർത്ഥനയ്ക്ക് ഫലം കിട്ടിയില്ലെങ്കിൽ ആ ദേവതയെ ചീത്തപറഞ്ഞ് പുതിയയാളെ തേടും. ദൈവങ്ങൾ തമ്മിൽ കോമ്പറ്റീഷനായി. കൃസ്ത്യൻ മുസ്ലീം സമുദായങ്ങളെ കണ്ട് അനുകരിക്കാൻ തുടങ്ങിയപ്പോഴാണു ഇതൊക്കെ തുടങ്ങിയത്. അങ്ങനെ സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവത്തെ ഞാൻ പരിശ്ചിന്നനാക്കി. ദൈവത്തിനു വിശ്വാസിയുടെ അടിമയാകേണ്ടി വന്നു. കാശുകൊടുക്കുന്നവനു കാര്യം സാധിച്ചുകൊടുത്തില്ലെങ്കിൽ ദേഷ്യമായി. കോപം മൂത്താൽ മതം മാറുമെന്ന അവസ്ഥവരെയാ‍യി കാര്യങ്ങൾ.

ഇന്നു ക്ഷേത്രങ്ങൾ പക്കാ വ്യാപാരസ്ഥാപനങ്ങളാണു. അമ്പലക്കമ്മിറ്റിയും ദേവസ്വം ബോർഡുമൊക്കെ മുതലാളിയും, അനുഗ്രഹം പ്രോഡക്റ്റും, പൂജാരി എടുത്തുകൊടുപ്പുകാരനുമായി മാറി. വിശ്വാ‍സി ഉപഭോക്താവാണു. ഇച്ഛിക്കുന്ന പോലെ കാര്യങ്ങൾ നടക്കാതെ വരാൻ തുടങ്ങിയപ്പോൾ ഉപഭോക്താവിന്റെ മേൽ കച്ചവടക്കാർ ദേവതാസ്തുതി മുതൽ മതപഠനം വരെയുള്ള കണ്ടീഷൻ കെട്ടിവക്കാൻ തുടങ്ങി. ഫലം കിട്ടാത്തത് ഭക്തന്റെ കുറ്റം! അല്ലാതെ പ്രോഡക്റ്റിന്റെ നിർമ്മാണത്തകരാറല്ല. എല്ലാ കച്ചവടക്കാരുടേയും ലൈനാണിത്. ഉല്പന്നത്തിന്റെ കുറ്റം ഉപഭോക്താവിന്റെ തലയിൽ കെട്ടിവക്കുക.

കാര്യങ്ങൾ ഇവിടെവരെ എത്തിയ സ്ഥിതിക്കു ദൈവങ്ങളെ ഇനി മാളുകളിലേക്കു മാറ്റുന്നതല്ലെ ഉചിതം. അവർക്കാകുമ്പോൾ പ്രൊഫഷണലായി ചെയ്യാൻ പറ്റും. മൾട്ടീപ്ലക്സ് തീയ്യറ്ററുകൾ പോലെ മൾട്ടിപ്ലക്സ് അമ്പലങ്ങൾ! അതുവഴി ക്ഷേത്രാരാധനയിൽ പ്രൊഫഷണലിസം കൊണ്ടുവരാം. 250 ഓ 500 ഓ കൊടുത്തു മാളുകളിലെ ക്ഷേത്രങ്ങളിൽ പ്രവേശിച്ചു അനുഗ്രഹം നേടാം. ഡിമാൻഡുള്ള ദേവതകളെ അവിടെ അണിനിരത്തുക. അവയ്ക്കു പ്രൊഫഷണൽ പൂജകൾ. അമേരിക്കയിലൊക്കെ പോയി പൂജനടത്തുന്നവരെ നിയമിച്ചാൽ അതു പരസ്യം ചെയ്തു ഗുമ്മുണ്ടാക്കാം. ഫലം കിട്ടിയില്ലെങ്കിൽ വിശ്വാസി ഉപഭോക്തൃതർക്ക പരിഹാരഫോറങ്ങളിൽ പോകട്ടെ. ഭക്തനു നഷ്ടപരിഹാരം കൊടുത്താൽ മതിയല്ലോ. ന്താ ല്ലെ?

നിലവിലുള്ള ക്ഷേത്രങ്ങൾ ഈ രീതിയിലേക്കു പരിഷ്കരിക്കുന്ന കാര്യം ദേവസ്വം ബോർഡുകളും ആലോചിക്കണം. സംഗതി മുഷിയില്ല. വരുമാനവും കൂടും.

Image : Amaravathy - Mall cum multiplex
(http://www.sriharidham.com/mall_cum_multiplex.html)