Friday, February 23, 2018
Reg:No 91291/Kermal/2004/18734

കൂട്ടികളിൽ ദൃശ്യ-ശ്രവണരതി പടർന്നുപിടിക്കുന്നു...

കൂട്ടികളിൽ ദൃശ്യ-ശ്രവണരതി പടർന്നുപിടിക്കുന്നു...

 
മന:ശാസ്ത്ര ലേഖകൻ 
 
ആധുനിക യുഗത്തിലെ ദൃശ്യ-ശ്രാവ്യമാധ്യമ സംസ്‌കാരത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്  ദൃശ്യ-ശ്രവണരതി അ ഥവാ   audio-visual sex.കേരളത്തിലെ കൗമാരക്കാരിലും കുട്ടികളിലും  നല്ലൊരു ശതമാനം ഇന്ന് ഈ മനോരോഗത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്.മുതിര്‍ന്നവരില്‍ ഈ പ്രവണതയ്ക്ക് ഒട്ടൊക്കെ സാധൂകരണമുണ്ടെങ്കിലും കൗമാരപ്രായത്തില്‍ ഇത് പഠനത്തെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. 
 
  മുഖ്യമായും സെല്‍ഫോണിലൂടെയാണ്  ദൃശ്യ-ശ്രവണരീതി എന്ന ഈ നീരാളി കുട്ടികളെ കുരുക്കുന്നത്. രക്ഷിതാക്കള്‍ അറിയാതെ ഇതാസ്വദിക്കുന്ന കുട്ടികൾ  ക്രമേണ അതിനടിമയാകുകയും കുട്ടിയുടെ മാനസികാരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. സെല്‍ഫോണിലൂടെ ലൈംഗികവികാരോത്തേജകപരമായ കാര്യങ്ങള്‍ പരസ്പരം പറയുക, സംഭോഗനിലകള്‍ വര്‍ണ്ണിക്കുക എന്നിവയിലൂടെയാണ് ശ്രവണരതി സാഫല്യമടയുന്നത്. ഇത്തരം ചാറ്റുകള്‍ ശ്രോതാക്കളില്‍ വികാരവിക്ഷോഭവും മാനസിക സംഘര്‍ഷവും ഉളവാക്കുന്നു. നമ്മുടെ നാട്ടില്‍ കുട്ടികള്‍ സെല്‍ഫോണിലൂടെ നടത്തുന്ന സുദീര്‍ഘസംഭാഷണങ്ങള്‍ ഏതുവഴിക്കാണ് മുന്നേറുന്നതെന്ന് മിക്ക രക്ഷിതാക്കളും അറിയുന്നില്ലെന്നതാണ് സത്യം. കുട്ടിയില്‍ ഗുരുതരമായ സ്വഭാവവൈകല്യങ്ങളും മാനസിക സംഘര്‍ഷവും പ്രകടമായിക്കഴിഞ്ഞാകും മിക്ക  രക്ഷിതാക്കളും മനഃശാസ്ത്രജ്ഞന്മാരെ സമീപിക്കുന്നത്.
 
 അശ്ലീല പോര്‍ട്ടലുകളിലൂടെയും  ചാറ്റുകളിലൂടെയുമുള്ള ലൈംഗികതയും കൗമാരക്കാരെയാണ് കൂടുതലും വലയിലാക്കുന്നത്. യുട്യൂബ് ,സ്കൈപ്പ് ഇവവഴിയും രതിവൈകൃതങ്ങള്‍ കുട്ടികള്‍ക്ക് സുലഭമായി കാണുവാന്‍ കഴിയുന്നു.സദാ ലൈംഗിക ഭ്രമകല്പനകളില്‍ (Sexual Fantasies) മുഴുകി ദിവസം ചിലവഴിക്കാൻ  ഇത് അവരെ പ്രേരിപ്പിക്കുന്നു.
 
വെബ് ക്യാമറയിലൂടെ പരസ്പരം കാണാനും സല്ലപിക്കാനും കഴിയുന്ന ദൃശ്യരതിയുടെ പൂരക്കാഴ്ചയാണ് ഇന്ന് പല ഇന്റര്‍നെറ്റ് കഫേകളിലും ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് അടിമകളായിപ്പോവുന്ന കൗമാരപ്രായക്കാരുടെ മാനസിക വ്യതിയാനങ്ങളെക്കുറിച്ച് ഭയാനകമായ വസ്തുതകളാണ് പല പഠനങ്ങളും പുറത്തുകൊണ്ടുവരുന്നത്. കൗമാരക്കാര്‍ സെല്‍ഫോണിലൂടെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും അതുവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിത്തീരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  സെല്‍ഫോണുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ അവരറിയാതെ എടുക്കുന്നതും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യുന്നതും സങ്കീര്‍ണ്ണമായ സദാചാരപ്രശ്‌നം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
 
 സ്ത്രീകളുടെ ശിരസ്സിന്റെ മാത്രം ചിത്രമെടുത്ത് നഗ്നമേനികളുമായി ചേര്‍ത്ത് ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രവണതയുമുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിനും സ്വകാര്യതയ്ക്കും നേര്‍ക്കുള്ള മൃഗീയമായ കടന്നുകയറ്റങ്ങളാണ് ഇവയൊക്കെയും. കൗമാരപ്രായക്കാരെയാണ് ഈ അശ്ലീല ക്യാമറാക്കണ്ണുകള്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇന്റര്‍നെറ്റില്‍ സ്വന്തം നഗ്നചിത്രം പ്രത്യക്ഷപ്പെട്ടതുമൂലം വിവാഹം മുടങ്ങിപ്പോയ പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. ഇത്തരം നഗ്നചിത്രങ്ങള്‍ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചുകൊടുക്കുവാനും കഴിയുന്നതിനാല്‍ ഇവ വളരെ പെട്ടെന്നുതന്നെ മൊബൈല്‍ ഫോണുകളിലെല്ലാം വ്യാപിക്കുന്നു. ഇതോടെ ഇതിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭാവിജീവിതം തന്നെ തകിടം മറിഞ്ഞുപോകുന്നു. ഇത്തരം ക്രൂരതയ്ക്കിരയായ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്ത സംഭവങ്ങളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. രാജ്യമാസകലവും വിദേശങ്ങളില്‍പോലും ഈ നഗ്നചിത്രങ്ങള്‍ എത്തിപ്പെടുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഭാവിജീവിതം പൂര്‍ണ്ണമായും ഇരുളടഞ്ഞുപോകുന്നു. രതിവൈകൃതത്തിന്റെ പുതിയ മേഖലയാണിത്.
 
വിവാഹം എന്ന പവിത്രമായ സാമൂഹിക ഉടമ്പടിയെ ഇത്തരം വഴിവിട്ട സെക്‌സ് അട്ടിമറിക്കുന്നു. ഇവയിലൂടെ സഭ്യതയുടെയും സദാചാരത്തിന്റെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് കൗമാരക്കാര്‍ അപഥസഞ്ചാരത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോകുന്നു. കാലാകാലങ്ങളായി സന്മാര്‍ഗ്ഗനിഷ്ഠമായ സാമൂഹിക ചുറ്റുപാടുകളും ആചാരങ്ങളും വ്യവസ്ഥകളും നിലനിന്നുപോന്നിരുന്ന ഭാരതം പോലൊരു രാജ്യത്ത് വിവരസാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന അരാജകത്വവും കുറ്റകൃത്യങ്ങളും ഭരണകൂടത്തിന്റെ സത്വരശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്. വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്ന കര്‍ശന നിയമങ്ങളൊന്നും തന്നെ നമ്മുടെ നാട്ടില്‍ ഇനിയും പ്രവൃത്തിപഥത്തിലെത്തിയിട്ടുമില്ല.
 
ആറ്റംബോംബിന്റെ ഉപജ്ഞാതാവായ ഐന്‍സ്റ്റീന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വ്യസനിച്ച മുഹൂര്‍ത്തം മനുഷ്യരാശിയുടെ നന്മയ്ക്കായി താന്‍ കണ്ടെത്തിയ ശാസ്ത്രരഹസ്യം മനുഷ്യകുലത്തിന്റെ തന്നെ അന്തകനായി തീര്‍ന്നേക്കാമെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു. വിവരസാങ്കേതികവിദ്യയുടെ കഥയും മറിച്ചല്ല. കൗമാരപ്രായക്കാരില്‍ സര്‍വ്വതോന്മുഖമായ അറിവു നേടാനുള്ള അഭിവാഞ്ഛ സൃഷ്ടിക്കുന്നവയാണ് ഇന്റര്‍നെറ്റും ഈമെയിലും. എന്നാല്‍ ആ മേഖലയിലും സ്വാര്‍ത്ഥലാഭക്കാര്‍ നുഴഞ്ഞു കയറുകയും യുവജനങ്ങളില്‍ അസന്മാര്‍ഗ്ഗികതയുടെ വിത്തു വിതയ്ക്കുകയും അവരെ അറിഞ്ഞുകൊണ്ടുതന്നെ നശീകരണത്തിന്റെ പാതയില്‍ തള്ളിവിടുകയും ചെയ്യുന്നുവെന്നത് ദുഃഖകരമായ സത്യമത്രേ.