Saturday, September 23, 2017
Reg:No 91291/Kermal/2004/18734

മാവോയിസ്‌റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍

മാവോയിസ്‌റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്‌റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. സിപിഐ (മാവോയിസ്‌റ്റ്) പശ്‌ചിമ ഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത എന്ന മീര കൊല്ലപ്പെട്ടതായാണ് മാവോയിസ്‌റ്റുകൾ ഇറക്കിയ പത്രികയിൽ പറയുന്നത്. കഴിഞ്ഞ ആറിന് നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ലഘുലേഖയിൽ പറയുന്നു. മൃതദേഹം ബന്ധുക്കളെയോ വിപ്ലവ പ്രസ്‌ഥാന പ്രവർത്തകരെയോ കാണിക്കാതെ വനമേഖലയിൽ തന്നെ സംസ്‌ക്കരിക്കേണ്ടി വന്നതിൽ സംഘടന ഖേദം പ്രകടിപ്പിച്ചു. 
 
1996 മുതൽ വിപ്ലവ പ്രസ്‌ഥാനവുമായി ലതയ്‌ക്ക് ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തൽ. മാവോയിസ്‌റ്റ് പ്രവർത്തകനായ പാണ്ടിക്കാട് സ്വദേശി മൊയ്‌തീനാണു ലതയെ വിവാഹം ചെയ്‌തത്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ മുൻപ് മാവോയ്‌സ്‌റ്റ് പ്രവർത്തകൻ രവീന്ദ്രൻ വിവാഹം ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷമായിരുന്നു മൊയ്‌തീനുമായുള്ള വിവാഹം.
 
മാവോയിസ്‌റ്റുകളുടെ ലഘുലേഖയെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇങ്ങനെയൊരു അപകടവും മരണവും പോലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം. സിപിഐ (മാവോയിസ്‌റ്റ്) പശ്‌ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണു പത്രിക ഇറക്കിയിരിക്കുന്നത്.