Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ദിലീപിന്‍റെ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 26 ലേക്കു മാറ്റി

ദിലീപിന്‍റെ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 26 ലേക്കു മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 26 ലേക്കു മാറ്റി. പ്രോസിക്യൂഷന്റെ നിലപാട് അറിയാനായാണ് ഹർജി മാറ്റിയത്. കഴിഞ്ഞതവണ ഹർജി തള്ളിയശേഷം സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. സാഹചര്യത്തിൽ കാതലായ മാറ്റം ഉണ്ടെങ്കിലേ ഹർജി പരിഗണിക്കൂവെന്നും കോടതി അറിയിച്ചു.
 
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, സ്വാധീനിക്കില്ലെന്നും 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
 
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം തന്നെ ആരോപണം ഉന്നയിച്ചത് മഞ്ജു വാര്യരാണെന്നും മഞ്ജുവിന് അന്വേഷണസംഘം മേധാവി എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.  ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ ഫോണ്‍ ചെയ്തകാര്യവും കത്തെഴുതിയകാര്യവും ഏപ്രില്‍ 10 മുതല്‍ 22 വരെയുള്ള തീയതികളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നു.
 
പള്‍സര്‍ സുനിക്കെതിരെ നിരവധി കേസുകളുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ മൊഴിയാണ് പോലീസ് വിശ്വാസത്തില്‍ എടുത്തിരിക്കുന്നതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.