Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കുറ്റകൃത്യത്തിന്റെ സ്വഭാവമല്ല, കുറ്റവാളിയുടെ സ്വഭാവമാണ് പരോള്‍ അനുവദിക്കാന്‍ പരിഗണിക്കേണ്ടത്; സുപ്രീംകോടതി

കുറ്റകൃത്യത്തിന്റെ സ്വഭാവമല്ല, കുറ്റവാളിയുടെ സ്വഭാവമാണ് പരോള്‍ അനുവദിക്കാന്‍ പരിഗണിക്കേണ്ടത്; സുപ്രീംകോടതി

ന്യൂഡല്‍ഹി: കുറ്റകൃത്യത്തിന്റെ സ്വഭാവമല്ല, കുറ്റവാളിയുടെ സ്വഭാവമാണ് പരോള്‍ അനുവദിക്കാന്‍ പരിഗണിക്കേണ്ടതെന്നു സുപ്രീംകോടതി. കുറ്റകൃത്യങ്ങളുടെ തീവ്രത കുറ്റവാളികള്‍ക്കു പരോള്‍ നിഷേധിക്കാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റവാളിയുടെ മനംമാറ്റത്തിനുള്ള പദ്ധതിയുടെ ഭാഗമാണ് പരോള്‍. കുടുംബവുമായും ജയിലിനു പുറത്തുള്ള സമൂഹവുമായും കുറ്റവാളികള്‍ക്കു ബന്ധം നിലനിര്‍ത്താനും ശിക്ഷയ്ക്കുശേഷം സാധാരണ ജീവിതം സാധ്യമാക്കാനും പരോള്‍ സഹായിക്കുമെന്നും ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 
 
1993ലെ ട്രെയിന്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത അശ്ഫാഖ് എന്നയാള്‍ക്കു പരോള്‍ നല്‍കുന്നതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. സ്‌ഫോടനത്തിന് രാസവസ്തുക്കള്‍ കൈമാറിയെന്നതാണ് അശ്ഫാഖിനെതിരായി ചാര്‍ത്തിയ കുറ്റം. കേസില്‍ വിചാരണക്കോടതി മുതല്‍ സുപ്രിംകോടതിവരെയുള്ള മുഴുവന്‍ കോടതികളും കുറ്റം ശരിവച്ചിരുന്നു. ഇതേതുടര്‍ന്ന് പത്തുവര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷമാണ് അശ്ഫാഖ് പരോളിനായി കോടതിയെ സമീപിച്ചത്.  അതീവഗുരുതരവും അതിക്രൂരവുമായ കേസിലെ കുറ്റവാളിയാണ് അശ്ഫാഖ് എന്ന് അഭിപ്രായപ്പെട്ടായിരുന്നു ഹൈക്കോടതി പരോള്‍ നിഷേധിച്ചത്. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പിഴവുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ സ്വഭാവമല്ല, മറിച്ച് കുറ്റവാളിയുടെ സ്വഭാവമാണ് പരോള്‍ അനുവദിക്കാന്‍ പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട സുപ്രിംകോടതിയും അശ്ഫാഖിന് പരോള്‍ നിഷേധിച്ചു. അതേസമയം പൊതു താല്‍പര്യം പ്രധാന ഘടകമാണെന്നും  കോടതി ചൂണ്ടിക്കാട്ടി. 
 
1955ലെ കേന്ദ്ര പരോള്‍ ചട്ടങ്ങളില്‍ സമ്പൂര്‍ണ ഭേദഗതി ആവശ്യമാണെന്നും രണ്ടംഗബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരവില്‍ തടവുകാര്‍ക്കു ലഭിക്കുന്ന പരോളും ഇടക്കാല മോചനവും (ഫര്‍ലോ) തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും കോടതി വിശദമാക്കി. ഫര്‍ലോ തടവുകാരനുള്ള അവകാശമാണ്. എന്നാല്‍, പരോള്‍ അങ്ങിനെയല്ല, അത് കോടതിയുടെ വിവേചനാധികാരത്തില്‍പെട്ടതാണ്. ഹ്രസ്വകാലത്തേക്കു ശിക്ഷിക്കപ്പെട്ടവര്‍ക്കു ലഭിക്കുന്ന ഇളവാണ് പരോള്‍. എന്നാല്‍, നീണ്ടകാലത്തേക്കു ശിക്ഷിക്കപ്പെട്ടവര്‍ക്കുള്ള അളവാണ് ഫര്‍ലോ.