Saturday, November 25, 2017
Reg:No 91291/Kermal/2004/18734

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ നിയമനത്തില്‍ ക്രമക്കേട്; ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ നിയമനത്തില്‍ ക്രമക്കേട്;  ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യവകുപ്പിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌ -രണ്ട്‌ നിയമനത്തില്‍ വമ്പന്‍ ക്രമക്കേട്‌. സി.പി.എം അനുകൂല സംഘടനയില്‍പ്പെട്ട രണ്ട്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ഡി.എം.ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്‌ (ജനറല്‍) ബിജി സി. മാത്യു, സീനിയര്‍ ക്ലാര്‍ക്ക്‌ സലീലാമ്മ എന്നിവരെയാണ്‌ ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. 
 
ബിജി കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെയും സലീലാമ്മ എന്‍.ജി.ഓ യൂണിയന്റെയും ഭാരവാഹികളാണ്‌. ഇവര്‍ക്ക്‌ വേണ്ടി ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ അണിയറയില്‍ ശക്‌തമായ ചരടുവലി നടത്തിയെങ്കിലും നടപടി വൈകിപ്പിക്കാന്‍ മാത്രമാണ്‌ കഴിഞ്ഞത്‌. ക്രമക്കേട്‌ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍.
 
ശിശുക്ഷേമ സമിതിയിലെ നിയമനത്തിന്റെ പേരില്‍ കോടതി പരാമര്‍ശം നേരിടേണ്ടി വന്ന ആരോഗ്യമന്ത്രി കൂടി കൈവിട്ടതോടെയാണ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ പണി കിട്ടിയത്‌.
 സംഭവം നടക്കുന്ന സമയത്ത്‌ ഡി.എം.ഓ ആയിരുന്ന ഡോ. സഫിയ ബാനു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ തുളസീഭായി എന്നിവര്‍ക്കും ക്രമരഹിത നിയമനത്തില്‍ സംശയനിഴലിലാണെങ്കിലും വിരമിച്ചതിനാല്‍ എന്തു നടപടി എടുക്കണമെന്നതിനെക്കുറിച്ച്‌ ആലോചിച്ചു വരികയാണ്‌.
പി.എസ്‌.സി നല്‍കിയ ശിപാര്‍ശയും സീനിയോറിട്ടിയും മറികടന്ന്‌ നിയമനം നടത്തിയതിനാണ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ഉണ്ടായത്‌. ഇതു സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ പി.എസ്‌.സിക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരുന്നു
ഇത്‌ പൂഴ്‌ത്തി വച്ച്‌ കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ രക്ഷിക്കാനുള്ള ശ്രമമാണ്‌ നടന്നത്‌. ഇതിനിടെ കഴിഞ്ഞ ജൂലൈ 18 ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ്‌ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിജിലന്‍സ്‌ സെല്‍ ആണ്‌ ക്രമക്കേട്‌ കണ്ടു പിടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.