Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ബുദ്ധമത അഭയാർത്ഥികൾക്ക് പൗരത്വം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

ബുദ്ധമത അഭയാർത്ഥികൾക്ക് പൗരത്വം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ബുദ്ധമത അഭയാർത്ഥികൾക്ക് പൗരത്വം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ബുദ്ധമത വിശ്വാസികളായ പതിനായിരക്കണക്കിന് ചക്മ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് യോഗം വിളിച്ചു. മുഖ്യമന്ത്രി പെമാ ഖണ്ഡു ഇന്നലെ ഇക്കാര്യം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചിരുന്നു.
 
1960 കളിൽ കിഴക്കൻ പാകിസ്താനിൽ നിന്നും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അഭയാർത്ഥികളായി എത്തിയ സംഘമാണ് ചക്മ വിഭാഗം. മതത്തിന്റെ പേരിൽ ഇവർ ഏറെ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അരുണാചൽ പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ് മലകളിലും മ്യാന്മറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലുമായി ചിതറിക്കിടക്കുകയാണ് ചക്മ വിഭാഗം. അസമിലെ മിസോറാം വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് അരുണാചലിലെത്തിച്ചേരുകയായിരുന്നു. 
 
ഇവരിൽ പലരും ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ അവർക്ക് സംസ്ഥാന സർക്കാറിൻെറയും പിന്തുണ ലഭിക്കുന്നില്ല. ;മാധ്യമങ്ങളുടെയും സർക്കാറിൻെറയും സഹായം എത്താത്ത ഒറ്റപ്പെട്ട മേഖലകളിലാണ് ഇവരുടെ താമസം. ഇന്ത്യ-ബംഗ്ലാദേശ് ഗവൺമെൻറുകളും ചക്മ വിഭാഗത്തെ ഇതുവരെ അംഗീകരിച്ചില്ലാത്തതിനാൽ ഇവർക്ക് ഒരു സഹായവും ലഭിക്കുന്നില്ല'- വേൾഡ് വിഷൻ ഇന്ത്യ ഡയറക്ടർ കുനാൽ ഷാ പറഞ്ഞു.
 
ചക്മകൾക്ക് പൗരത്വം നൽകാൻ 2015ൽ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചക്മ വിഭാഗത്തെ പൗരന്മാരായി അംഗീകരിച്ചാൽ സംസ്ഥാനത്തിന്റെ ജനസംഖ്യാപട്ടികയിൽ വ്യത്യാസം വരുമെന്ന് മുഖ്യമന്ത്രി പെമാ ഖണ്ഡു ആഭ്യന്തരമന്ത്രിയോട് വ്യക്തമാക്കി. ഇവിടുത്തെ മറ്റു ഗോത്രവർഗ്ഗക്കാർക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയവുമുണ്ട്. ചക്മകൾക്ക് രാജ്യത്ത് ഭൂമി സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും വിദൂര-വനമേഖലകളിൽ താമസിക്കുന്ന അഭയാർഥികൾക്ക് ഇന്നർലൈൻ പെർമിറ്റ് അനുവദിക്കാനും തീരുമാനമുണ്ട്.