Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കാര്‍ഷികകടങ്ങള്‍: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകരെ പറ്റിച്ചു; എഴുതി തള്ളിയത് 10ഉം 15ഉം രൂപമാത്രം

കാര്‍ഷികകടങ്ങള്‍: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകരെ പറ്റിച്ചു; എഴുതി തള്ളിയത് 10ഉം 15ഉം രൂപമാത്രം

ലഖ്നൌ: കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും പറ്റിച്ചു. 36,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാനാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ യോഗി സര്‍ക്കാര്‍ വെറും 10ഉം 15ഉം രൂപയാണ് എഴുതിതള്ളിയത്. സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തില്‍  വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ 10 മുതല്‍ 215 രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെട്ട വിവരം അറിയുന്നത്.  ആദ്യഘട്ടത്തില്‍ 50,000 രൂപവരെ എഴുതിതള്ളുമെന്നാണ് കര്‍ഷകരോട് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 
 
തിങ്കളാഴ്ച തൊഴില്‍മന്ത്രി മനോഹര്‍  ലാല്‍ ആണ് കടങ്ങള്‍ എഴുതിത്തള്ളിയതിന്റെ സര്‍ട്ടിഫിക്കറ്റ് വലിയ ചടങ്ങില്‍വെച്ച്  കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. 5,000 കര്‍ഷകര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഈ സാക്ഷ്യപത്രങ്ങള്‍ ലഭിച്ചപ്പോഴാണ് 10 രൂപ മുതല്‍ 215 രൂപവരെയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് മനസിലാത്. 
 
ഉമ്റി ഗ്രാമത്തിലെ 1.55 ലക്ഷം രൂപ കടമുള്ള ശാന്തി ദേവിക്ക് ലഭിച്ചത് പത്തു രൂപ 37 പൈസയുടെ ഇളവാണ്. 40000 രുപയുടെ കടമുള്ള മുന്നിലാലിന് ലഭിച്ചത് 215 രൂപയുടെ ആശ്വാസവും. വായ്പയില്‍നിന്ന് നിസ്സാര തുക മാത്രം എഴുതിത്തള്ളിയതിനെ തുടര്‍ന്ന് പരാതിയുമായി കര്‍ഷകര്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ ഇത് സാക്ഷ്യപത്രം അച്ചടിച്ചപ്പോഴുണ്ടായ തകരാറാണെന്നാണ് വിശദീകരണം. എന്നാല്‍ യുപിയില്‍ മുമ്പും ഇത്തരത്തില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കവും വരള്‍ച്ചയും മൂലം കൃഷിനാശം സംഭവിച്ചവര്‍ക്കും നല്‍കിയ കടാശ്വാസവും 12 രൂപയും മറ്റുമായിരുന്നു. ഇതും അച്ചടിപിശകാണെന്നാണ് അന്നും അധികൃതര്‍ പറഞ്ഞിരുന്നത്.