Thursday, November 23, 2017
Reg:No 91291/Kermal/2004/18734

മ്യാന്മർ സൈന്യത്തിന്‍റെ ആക്രമണം; ബംഗ്ലാദേശിലേക്ക് നാടുവിട്ട റോഹിങ്ക്യൻ മുസ്ലീങ്ങളുടെ എണ്ണം 3,70,000 ആയി

മ്യാന്മർ സൈന്യത്തിന്‍റെ ആക്രമണം; ബംഗ്ലാദേശിലേക്ക് നാടുവിട്ട  റോഹിങ്ക്യൻ മുസ്ലീങ്ങളുടെ എണ്ണം 3,70,000 ആയി

ധാക്ക: മ്യാന്മർ സൈന്യത്തിന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുവിട്ട  റോഹിങ്ക്യൻ മുസ്ലീങ്ങളുടെ എണ്ണം 3,70,000 ആയി. മലനിരകളും ചതുപ്പുകളും താണ്ടിയും നാഫ് പുഴ കടന്നും ഇപ്പോഴും റോഹിങ്ക്യകള്‍ ഇവിടേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. അഭയാർഥി പ്രവാഹം നിയന്ത്രണാതീതമായതോടെ പുതിയ ക്യാമ്പുകൾ തുറക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അതിർത്തി പ്രദേശമായ കോക്സ് ബസാർ ജില്ലയിലെ ഉഖിയയിൽ കൂടുതൽ സ്ഥലം അനുവദിച്ചിട്ടുണ്ട്. നേരത്തേയുള്ള രണ്ടു ക്യാമ്പുകളിലായി ലക്ഷങ്ങൾ വസിക്കുന്ന ഇവിടെ പുതുതായി നാലു ലക്ഷത്തോളം പേർ കൂടി എത്തിയതോടെയാണ് കൂടുതൽ ക്യാമ്പുകൾ ആവശ്യമായി വന്നത്. നിലവിലെ ക്യാമ്പ് സ്ഥിതിചെയ്യുന്ന കുടുപലോങ്ങിനു സമീപത്തായി 810 ഏക്കറാണ് അനുവദിച്ചത്. 
 
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന കഴിഞ്ഞദിവസം കോക്സ് ബസാറിലെ അഭയാർഥി ക്യാമ്പിലെത്തിയിരുന്നു. ലക്ഷങ്ങൾ തിങ്ങിക്കഴിയുന്ന ഇവിടെ കഴിയുന്ന റോഹിങ്ക്യകൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഷാ പുരി ദ്വീപ് വഴി അതിർത്തി കടന്ന കുടുംബങ്ങളിലേറെ പേരും പ്രദേശത്തെ സ്കൂളുകളിലും തുറസ്സായ വയലുകളിലും മറ്റുമാണ് കഴിയുന്നത്. മോശം കാലാവസ്ഥ തുടരുന്ന പ്രദേശത്ത് താമസസൗകര്യവും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾക്ക് പ്രയാസം അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വെടിയുണ്ടയേറ്റ മുറിവുകൾക്കാണ് കോക്സ് ബസാറിലെ ആശുപത്രിയിൽ ചികിത്സതേടിയവരിൽ 80 ശതമാനവും  എത്തിയത്. സൈന്യം സ്ഥാപിച്ച കുഴിബോംബ് പൊട്ടിയും നിരവധി പേർക്ക് പരിക്കുണ്ട്. നാഫ് പുഴ കടക്കുന്നതിനിടെ മുങ്ങിമരിച്ചവരുടെ എണ്ണവും അനവധിയാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവർക്ക് ഭക്ഷണവിതരണം തുടരുന്നത്.
 
അതിനിടെ, മ്യാന്മറിൽ കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷസേന ആക്രമണം തുടങ്ങിയതായി അഭയാർഥികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. രാഖൈനിലെ പഡിൻ ഗ്രാമത്തിൽ സൈന്യമിറങ്ങിയതോടെ ഗ്രാമവാസികൾ കൂട്ടപലായനം ആരംഭിച്ചിട്ടുണ്ട്.